ഫൈനലിലും താരമായത് ആ സ്‌റ്റേഡിയം!

stadium-russia
SHARE

ലോകകപ്പ് ആവേശത്തിന് സമാപനമായി. ക്രൊയേഷ്യയെ തോൽപ്പിച്ചു ഫ്രാൻസ് കിരീടം നേടി. കളിക്കളത്തിലെ ആവേശത്തിമിർപ്പിനൊപ്പം ലോകം ശ്രദ്ധിച്ച മറ്റൊരു താരമുണ്ട്. നിശബ്ദം ലോകകപ്പ് ആവേശങ്ങൾക്ക് വേദിയൊരുക്കിയ ലുഷ്നികി എന്ന നിർമാണവിസ്മയം. ഇത്രയും പ്രൗഢമായ മത്സരത്തിന് അനുയോജ്യമായ മറ്റൊരു വേദിയുണ്ടോ എന്ന് സംശയമാണ്. ചരിത്രവും സാങ്കേതികതയും ഇഴചേരുന്ന നിർമാണ വിസ്മയമാണ് ലുഷ്നികി.  

Luzhniki stadium

റഷ്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം. ഒരേസമയം 81000 പേർക്ക് കളി കാണാം. മോസ്‌ക്വ നദിക്കരയിലാണ് സ്റ്റേഡിയം നിർമിച്ചത്. സെൻട്രൽ ലെനിൻ സ്റ്റേഡിയം എന്നായിരുന്നു ആദ്യകാല നാമം. ലുഷ്നികി എന്നാൽ നദിക്കരയിലുള്ള മൈതാനം എന്നർത്ഥം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നുവെന്നതും സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്. 

lushkini-stadium

1956 ൽ നിർമാണം പൂർത്തിയായ സ്റ്റേഡിയം നിരവധി തവണ പുതുക്കിപ്പണിയലുകൾക്ക് സാക്ഷ്യം വഹിച്ചു. 2013 ലാണ് പ്രധാന മിനുക്കുപണി നടന്നത്. കാലപ്പഴക്കം വന്ന ഭാഗങ്ങൾ ഇടിച്ചുകളഞ്ഞു പുതിയ കെട്ടിടങ്ങൾ കൂട്ടിച്ചേർത്തു. അപ്പോഴും ചരിത്രപരമായ പ്രാധാന്യം പരിഗണിച്ച് സ്റ്റേഡിയത്തിന്റെ മേൽക്കൂരയും മുഖപ്പുകളും നിലനിർത്തി എന്നത് ശ്രദ്ധേയമാണ്. ഏകദേശം 350 മില്യൺ യൂറോയാണ് നിർമാണത്തിന് ചെലവായത്. അതായത് ഏകദേശം 2800 കോടി രൂപ. 

lushkini-stadium-russia

ലോകകപ്പ് വേളയിൽ പഴുതുകളില്ലാത്ത സുരക്ഷാ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയത്. 427 പ്രവേശനകവാടങ്ങളിലൂടെയാണ് അകത്തേക്ക് കടക്കുക.  3000 ലേറെ നിരീക്ഷണ ക്യാമറകളും ഈ വേളയിൽ ഇവിടെ ഘടിപ്പിച്ചിരുന്നു. 95 % നാച്വറൽ ഗ്രാസും 5 % റീഎൻഫോഴ്സ്ഡ് പ്ലാസ്റ്റിക്കും കൊണ്ടുനിർമിച്ച ഹൈബ്രിഡ് ടർഫാണ് മൈതാനത്തിൽ വിരിച്ചിരിക്കുന്നത്. നിരവധി തവണ ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോൾ മൈതാനമായി ലുഷ്നികി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചരിത്രപരവും രാഷ്ട്രീയപരമായ മുഹൂർത്തങ്ങൾക്കും സ്റ്റേഡിയം വേദിയായി. 1963 ൽ ഫിദൽ കാസ്ട്രോ റഷ്യയിൽ സന്ദർശനം നടത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്തത് ഇവിടെവച്ചാണ്. 1980 ലെ ഒളിംപിക്‌സ് മത്സരങ്ങൾക്ക് വേദിയായതും ലുഷ്നികി തന്നെ. എന്തായാലും ഫുട്‍ബോൾ ആരാധകരുടെ മനസ്സിൽ ഏറെക്കാലം ലുഷ്നികി സ്റ്റേഡിയം പകർന്നു നൽകിയ സുന്ദരസ്മരണകൾ നിലനിൽക്കും എന്നുറപ്പ്.

france-winner-wc
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA