മലമുകളിൽ ദൈവത്തിനൊരു കൂടാരം

കോഴിക്കോട് ജില്ലയിലെ മാലൂർകുന്ന് എന്ന സ്ഥലത്താണ് ഈ ഗദ്സെമനി കോൺവെന്റ് ചാപ്പൽ ഉള്ളത്. സ്ഥലത്തിന്റെ പേരുപോലെ കുന്നിൻമുകളിലാണ് പ്രശാന്തതയുടെ കൂടാരം പോലെ ദൈവാലയം തലയുയർത്തി നിൽക്കുന്നത്. അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താതെ ഇതേ സ്ഥലത്തുണ്ടായിരുന്ന പഴയ ചാപ്പലിന് രൂപമാറ്റം വരുത്തിയാണ് പുതിയ പള്ളി പണിതത്. പതിവുകാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയതാണ് ഈ പള്ളിയുടെ സവിശേഷത. 

ചുറ്റുമുള്ള പ്രകൃതിയുമായി ഇഴുകിച്ചേരുന്ന വിധം റസ്റ്റിക് ഫിനിഷിലാണ് പള്ളി പണിതത്. സിമന്റ് ഫിനിഷും എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങുമാണ് പുറംഭിത്തികളെ അടയാളപ്പെടുത്തുന്നത്. നിശബ്ദതയിലാണ് ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാനാകുക. ഈ തിരിച്ചറിവിനൊത്ത വിധമാണ് പള്ളിയുടെ അകത്തളം ഒരുക്കിയത്. പ്രശാന്തത നിറയുന്ന അകത്തളങ്ങൾ.

നല്ല ഉയരത്തിലാണ് സീലിങ് നൽകിയിരിക്കുന്നത്. ഇതുകൊണ്ട് പള്ളിക്കകത്ത് നല്ല വിശാലത തോന്നിക്കുന്നുണ്ട്. ജിഐ ഷീറ്റാണ് മേൽക്കൂരയിൽ വിരിച്ചത്. ഒപ്പം ഫാൾസ് സീലിങ്ങും ലൈറ്റിങ്ങും ചെയ്തു. മുകളിൽ ചില്ലുജാലകങ്ങൾ വഴി പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു.

കുരിശിന്റെ വഴി വിഷയമായ ഒരു ആർട് വർക് അകത്തളത്തിനു മാറ്റുകൂട്ടുന്നു. എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ്ങാണ് അൾത്താരയിലും നൽകിയിരിക്കുന്നത്. ബലിപീഠം കോൺക്രീറ്റ് ചെയ്ത് വുഡൻ ഫിനിഷിങ് നൽകി.

അൾത്താരയ്ക്ക് പിന്നിലായി വൈദികരുടെ ഒരുക്കങ്ങൾക്കായുള്ള മുറിയും ഒരുക്കിയിട്ടുണ്ട്. ജാലകങ്ങളിൽ താഴെ വശത്ത് ബൈബിളിലെ സംഭവങ്ങൾ ഗ്രിൽ വർക്കായി നൽകി. റസ്റ്റിക് ഫിനിഷിലാണ് നിലമൊരുക്കിയത്. കോൺക്രീറ്റിൽ പോളിഷുകൾ നൽകിയാണ് ഫ്ലോറിങ് ചെയ്തത്. 

ദൈവാലയങ്ങൾ പലപ്പോഴും ആഢംബരത്തിന്റെ പ്രദർശനശാലകളാകുന്ന ഈ കാലത്ത് ചെലവ് ചുരുക്കി പ്രകൃതിയോട് ചേർന്നു ദൈവാലയം ഒരുക്കിയ മനോഭാവം പ്രശംസനീയമാണ്.

Project Facts

Location- Malurkunnu, Calicut

Plot- 1.5 acre

Area- 2075 SFT

Architect, Designers- Biju Balan, George Painedathu, Sebastian Jacob

Client- MSMI Convent Calicut

Completion year- 2018