ദുബായ്‌യെ വിസ്മയിപ്പിക്കാൻ മ്യൂസിയം ഓഫ് ഇല്യൂഷൻസ്

ദുബായ്‌യിലെ വിസ്മയനിർമിതികളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. മ്യൂസിയം ഓഫ് ഇല്യൂഷൻസ്. കണ്ണുകളെ കബളിപ്പിക്കുന്ന ഇൻസ്റ്റലേഷൻസ് ആണ് ഈ മ്യൂസിയത്തിലെ ആകർഷണം. ദുബായ് ക്രീക്കിനു സമീപമാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ക്രൊയേഷ്യയിൽ 2015 ൽ ആരംഭിച്ച മ്യൂസിയം ശൃംഖലയുടെ ഏറ്റവും വലിയ ശാഖയാണ് അടുത്തിടെ ദുബായിൽ തുറന്നത്. കണ്ണുകളെയും തലച്ചോറിനെയും കുഴക്കുന്ന 80 ഇൻസ്റ്റലേഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ക്രൊയേഷ്യൻ ആർക്കിടെക്ടുകളുടെയും ഡിസൈനർമാരുടെയും സംഘമാണ് ശാസ്ത്രം, ഗണിത ശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളെ നിർമാണകലയുമായി സൂക്ഷ്മമായി സംയോജിപ്പിച്ച് ഇൻസ്റ്റലേഷനുകൾ ഒരുക്കിയത്.

ഏകദേശം 5000 ചതുരശ്രയടിയുള്ള മ്യൂസിയത്തെ പല മുറികളായി വിഭജിച്ചിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ചുവരുകൾ മാറിമറിയും. ഭിത്തിയിൽ വച്ചിരിക്കുന്ന ചിത്രം അനങ്ങുന്നത് പോലെ തോന്നാം. ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന ചരിഞ്ഞ മുറി മുതൽ ഒരാളെ കുള്ളനും ഭീമനുമാക്കുന്ന മുറി വരെ ഇവിടെയുണ്ട്.

വോർടെക്സ് തണൽ എന്ന തുരങ്കമുറിയാണ് സന്ദർശകരെ ഏറ്റവും വെല്ലുവിളിക്കുന്നത്. ഇവിടേക്ക് കയറുമ്പോൾ ചുറ്റുപാടുമുള്ള ഭിത്തികൾ കറങ്ങുന്ന പ്രതീതി പ്രകാശവിന്യാസത്തിന്റെ സഹായത്താൽ സൃഷ്ടിച്ചിരിക്കുന്നു. അതിലൂടെ സന്ദർശകർക്ക് തങ്ങൾ നിൽക്കുന്ന സ്ഥിരമായ പ്രതലവും ചലിക്കുന്ന പോലെ തോന്നും.

ഇൻഫിനിറ്റി റൂമാണ് മറ്റൊരു സവിശേഷത. ഇവിടേക്ക് കയറുമ്പോൾ അസംഖ്യം ഇടനാഴികളിലൂടെ കടന്നു പോകുന്ന അനുഭവമാണ് ലഭിക്കുക. മലയാളികൾ അടക്കം നിരവധി സന്ദർശകർ ഇതിനോടകം ഈ വിസ്മയം അനുഭവിച്ചറിയാൻ എത്തിക്കഴിഞ്ഞു