മനുഷ്യന്റെ പരിണാമകാലത്തോളം പഴക്കമുണ്ട് വീടുകൾക്ക്. മഴയും വെയിലും ഏൽക്കാതെ ജീവിക്കാൻ ഒരു ഇടം വേണം എന്ന തോന്നലിൽ നിന്നാണ് അടിസ്ഥാന ആവശ്യം എന്ന നിലയിലേക്കുള്ള വീടിന്റെ പരിണാമം ആരംഭിക്കുന്നത്. ഏറെക്കാലം ഗുഹകളിൽ താമസമാക്കിയ ആദിമ മനുഷ്യൻ വേട്ടയാടാൻ കാടുകളിലേക്ക് ചേക്കേറിയതോടെ അതിജീവനം വീണ്ടും സമസ്യയായി. ചുറ്റുപാടുമുള്ള വസ്തുക്കൾ കൊണ്ടുതന്നെ ചെറിയ മരവീടുകളും മുളവീടുകളും നിർമിക്കാൻ അവൻ പഠിച്ചു.
കൃത്യമായ പ്ലാനും അളവുകളും വച്ചു വീട് നിർമിക്കുന്ന ഇന്നത്തെക്കാലത്ത് മനക്കണക്കും മനസ്സിലെ രൂപരേഖയും കൊണ്ടുമാത്രം ഇവിടെ ഒരു വീട് രൂപപ്പെടുകയാണ്. ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ടാണ് ഈ മനുഷ്യൻ ഒറ്റയ്ക്ക് വീട് പൂർത്തിയാക്കിയത്. പ്രിമിറ്റീവ് ജംഗിൾ ലൈഫ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വിഡിയോ കാണാനാകുക.
അടിത്തറ, ഭിത്തികൾ...
ആദ്യം ഭൂമിയിൽ കുഴികൾ ഉണ്ടാക്കി വാനമെടുക്കുന്നു. തടികൾ വെട്ടിക്കൊണ്ടു വന്നു ഇവിടെ നാട്ടുന്നു. ശേഷം കാട്ടുവള്ളികൾ കൊണ്ടു തടികൾ കൂട്ടികെട്ടുന്നു. ശേഷം മേൽക്കൂര വരുന്ന ഭാഗത്തും കമ്പുകൾ ലംബമായും തിരശ്ചീനമായും കൂട്ടികെട്ടുന്നു. അതോടെ വീടിന്റെ ചട്ടക്കൂട് പൂർണമായി. ഇടയ്ക്ക് പെയ്യുന്ന മഴയെയും അവഗണിക്കാതെ അയാൾ പണി തുടരുകയാണ്.
പ്ലാസ്റ്ററിങ്...
പശിമയുള്ള മണ്ണ് കൂനയായി ശേഖരിക്കുന്നു. ശേഷം വെള്ളം ഉപയോഗിച്ച് കുഴമ്പ് പരുവത്തിലാക്കുന്നു. വൈക്കോൽ പോലെയുള്ള ഏതോ വള്ളിച്ചെടികൾ കൂട്ടമായി ശേഖരിച്ച് കുഴമ്പ് പരുവത്തിലുള്ള മണ്ണുമായി കൂട്ടിച്ചേർക്കുന്നു. ശേഷം മേൽക്കൂരയിലും ഭിത്തികളിലും പൂശുന്നു.
ക്ലാഡിങ്...
മുളങ്കമ്പുകൾ ചെറുകഷണങ്ങളായി വെട്ടിയെടുത്ത് ഭിത്തിയിൽ ഒട്ടിക്കുന്നു. ഇതോടെ വീടിനു പച്ചപ്പിന്റെ ഭംഗി ലഭിക്കുന്നു.
സ്വിമ്മിങ് പൂൾ...
മേൽക്കൂരയ്ക്ക് മുകളിൽ വീണ്ടും കനത്തിൽ മണ്ണുകൊണ്ട് പാളിയുണ്ടാകുന്നു. ഇതിനു മുകളിൽ നേരത്തെ ചെറുകഷണങ്ങളായി വെട്ടിയെടുത്ത മുളങ്കമ്പുകൾ വിരിക്കുന്നു. സമീപത്തുള്ള ജലധാരയിൽ നിന്നു വെള്ളമെടുത്തു നിറച്ചതോടെ സ്വിമ്മിങ് പൂൾ റെഡി.