കേരളത്തിൽ നിന്നും ഈ വീട് യാത്ര പോയത് ഡൽഹി വരെ! എന്തിനെന്നോ?...

delhi-kerala-house
SHARE

300 വർഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ട മേപ്രാലിൽനിന്നു വണ്ടി കയറി ഡൽഹിയിലെത്തി; സുഖമായിരിക്കുന്നു. ആദ്യകാഴ്ചയിൽ തന്നെ അനുരാഗം തോന്നിയ പഴയ തറവാടു വീടിനെ സ്വന്തമാക്കിയതു  ഡൽഹി സ്വദേശിയായ പ്രശസ്ത ആർക്കിടെക്റ്റ് പ്രദീപ് സച്ച്ദേവ. ഒരു ദേശത്തിന്റെ ചരിത്രമാണു കൂടുവിട്ടു ഡൽഹിയിലെത്തിയത്. ജോർജ് ഉമ്മൻ എന്ന സുഹൃത്തിൽ നിന്നു സ്വന്തമാക്കിയ മേട ഇന്നു ഡൽഹി അതിർത്തിയിലെ സർദാന എന്ന ഗ്രാമത്തിൽ  തലയുയർത്തി നിൽക്കുന്നു, പഴയതിലും പ്രതാപത്തോടെ. 

new-house-delhi

മേപ്രാലിൽ പുഴയോടു ചേർന്നുള്ള രണ്ടുനില തറവാട് ജോർജ് ഉമ്മനു പരമ്പരാഗതമായി കൈവശം വന്നു ചേർന്നതാണ്, 16–ാം വയസിൽ. കുടുംബവീട് ഇളയമകനു ലഭിക്കുന്ന നിയമമായിരുന്നു വഴികാട്ടി. ചെറുപ്പത്തിൽ  ഡൽഹിയിലേക്കും പിന്നീടു യുഎസിലേക്കും ജീവിതം പറിച്ചു നട്ട ഇദ്ദേഹം വീട്ടിലെത്തിയതു വളരെ ചുരുക്കം സമയങ്ങളിൽ മാത്രം. കോളജ് പഠനശേഷം ഉപരിപഠനത്തിനായി ഹാർവഡിലേക്കു പോയ ജോർജ് ഉമ്മൻ മൂന്നു പതിറ്റാണ്ട് ആർക്കിടെക്റ്റായി ജോലി ചെയ്തതു യുഎസിൽ. 11 വർഷം മുൻപു  ചിത്രരചനയിലേക്കും വഴിതിരഞ്ഞു. 

old-house-at-mepral
പത്തനംതിട്ട മേപ്രാലിൽ ഉണ്ടായിരുന്ന വീട്

ജീവിതം വഴിമാറിയിട്ടും  മേപ്രാലിലെ ഓർമയും അതു നിറഞ്ഞ വീടും അദ്ദേഹം കൈവിട്ടില്ല. നാലു തലമുറ കൈമാറിയെത്തിയ വീടിന്റെ ചരിത്രം വിസ്മരിക്കുന്നതെങ്ങനെ. ഏതു വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാൻ പാകത്തിനു പണിതീർത്ത ഈ മേടയിലെ പത്തായപ്പുരകളും മറ്റും പങ്കുവച്ചതു പഴമയുടെ കൃഷിക്കാലം. ബന്ധുക്കളും കുടുംബാംഗങ്ങളുമെല്ലാം  ജോലിയുമായി മറ്റു സ്്ഥലങ്ങളിലായതോടെ മേട വിൽക്കാൻ ജോർജ് ഉമ്മൻ തീരുമാനിച്ചു. വിവരം അടുത്ത സുഹൃത്തുകൂടിയായ പ്രദീപിനോടു പങ്കുവച്ചു, 2010ൽ. മേടയുടെ ചിത്രം കണ്ടതോടെ ഇതു തനിക്കുള്ളതാണെന്നു പ്രദീപ് ഉറപ്പിച്ചു. 

∙ സ്ഥലം വേണ്ട, മേട മാത്രം

house-in-progress
ഡൽഹിയിൽ വീടുനിർമാണം നടക്കുന്നു

ആദ്യമെത്തിയവർക്കെല്ലാം  സ്ഥലം മാത്രമായിരുന്നു താൽപര്യം. മേട അവർ ശ്രദ്ധിച്ചതേയില്ല. പ്രദീപാകട്ടെ വീടു മാത്രമാണ് ചോദിച്ചത്. സ്ഥലം താൽപര്യമുണ്ടായിരുന്നില്ല. ജോർജ് ഉമ്മൻ സമ്മതം മൂളിയതും ഇക്കാരണത്താൽ. വീടു വേരോടെ പിഴുതു പറിച്ചുനടുന്നതിനെക്കുറിച്ചു കേട്ടിട്ടുള്ള പ്രദീപ് ആ സാഹസം കാട്ടാൻ തീരുമാനിച്ചു. വെല്ലുവിളികൾ പലതായിരുന്നു. തച്ചുവിധിയുടെ എല്ലാ ലക്ഷണങ്ങളും ഒത്തുചേർന്ന മേൽക്കൂര ഉൾപ്പെടെയുള്ളവ എങ്ങനെ അഴിച്ചെടുക്കും. ഇത് എങ്ങനെ മറ്റൊരു സ്ഥാനത്ത് മാറ്റിസ്ഥാപിക്കും. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചെങ്കിലും പഴമയുടെ ഉള്ളറിഞ്ഞ ആശാരി വേണം. പ്രദീപും സഹപ്രവർത്തകരും വെല്ലുവിളി ഏറ്റെടുത്തു. 

മേപ്രാൽ സ്വദേശി തന്നെയായ നാരായണൻ ആചാരി രംഗപ്രവേശം ചെയ്യുന്നത് അങ്ങനെ. തടിവീടു നിർമാണത്തിൽ പ്രഗത്ഭൻ. ഇദ്ദേഹത്തിന്റെ സംഘം മേടയുടെ ഓരോ മുക്കും മൂലയും പരിശോധിച്ചു. എല്ലാ വിശദാംശങ്ങളും ആദ്യം  പേപ്പറിൽ കുറിച്ചു. അഴിച്ചെടുത്ത ഭാഗങ്ങൾ വമ്പൻ ട്രക്കുകളിൽ 2000 കിലോമീറ്റർ യാത്ര ചെയ്തു ഡൽഹിയിലെത്തി. ആറ് ആഴ്ചകൾ കൊണ്ട് 2011 ജൂലൈയിൽ നാരായണൻ ആചാരിയും സംഘവും മേപ്രാലിലെ മേട സർദാനയിൽ നട്ടു. 

∙ പഴയ–പുതിയ വീട്

പഴയമയുടെ മധുരം ഇപ്പോഴും നിലനിൽക്കുന്നു ഈ വീട്ടിൽ. അതു വിട്ടുകളഞ്ഞാൽ വീടിന്റെ ശ്വാസം നഷ്ടപ്പെടുമെന്നു പ്രദീപിന്റെ വാക്കുകൾ. ആധുനിക രീതിയിലുള്ള അടുക്കളയും മറ്റു സംവിധാനങ്ങളുമുണ്ടെങ്കിലും പഴയതിന്റെ പ്രൗഡി അതേപടി നിലനിർത്തിയിട്ടുണ്ട്. കുട്ടിച്ചേർക്കലുകൾക്കുമുണ്ട് ഒരു പഴമ. ബ്രിട്ടീഷ് സ്വദേശിയായ ഡിസൈനർ സുഹൃത്ത് ജോൺ  ബോവ്മെൻ ഇതിനു സഹായിച്ചു. ഇരുമ്പ് ചവിട്ടുപടികളും ശുചിമുറിയുമെല്ലാം  ഇത്തരത്തിൽ തയാറാക്കിയവ. 

new-house-interiors

ജോലിത്തിരക്കുകളിൽ വിശ്രമിക്കാൻ പ്രദീപ് സച്ച്ദേവ ഇവിടെയെത്തും. പലപ്പോഴും സുഹൃത്തുക്കളും. വീടു പറയുന്ന ചരിത്രം ഇവരുടെ ചെവികളിൽ രാത്രികഥകളായത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA