sections
MORE

കാഴ്ചകൾ ഒരുക്കി കണ്ണൂർ വിമാനത്താവളം കാത്തിരിക്കുന്നു!

kannur-airport-grafiti
SHARE

കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാഴ്ചകളുടെ പറുദീസയാണ്. ഇവിടെ എത്തുന്നവർക്കു വടക്കൻ മലബാറിന്റെ സാംസ്കാരിക പെരുമ കണ്ടറിയാം. ചരിത്രമുഹൂർത്തങ്ങളുടെ പുനരാവിഷ്കാരങ്ങളും ചുമർചിത്രങ്ങളും നിറഞ്ഞ കാഴ്ചകൾ യാത്രക്കാരിൽ വിസ്മയം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിവിധ കലാരൂപങ്ങൾ, ആഘോഷങ്ങൾ, പരമ്പരാഗത തൊഴിലുകൾ എന്നിവ തനിമ ചോരാതെ അടയാളപ്പെടുത്തിയിട്ടുണ്ട്. ‍വിമാനത്താവളവുമായി ബന്ധപ്പെട്ട നിർമാണങ്ങളിലെല്ലാം മൂർഖൻ പറമ്പിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാൻ കിയാൽ ശ്രദ്ധിച്ചിട്ടുണ്ട്. പ്രവേശന കവാടം മുതൽ പാസഞ്ചർ ടെർമിനൽ വരെ നീണ്ടു നിൽക്കുന്ന പൂന്തോട്ടം ആരെയും ആകർഷിക്കും.

കാണാം കളരിയിലെ പതിനെട്ടടവും

കളരി അഭ്യാസപ്രകടനങ്ങളിലെ വിവിധ അടവുകൾ ബാഗേജ് ഏരിയയ്ക്കു സമീപമാണ് ഒരുക്കിയിരിക്കുന്നത്. 18 അടവുകളും കാഴ്ചക്കാരനു മനസ്സിലാകും വിധമാണ് സജ്ജീകരണം. ടെർമിനൽ ബിൽഡിങ്ങിലെ താഴത്തെ നിലയിലെ പ്രധാന ആകർഷണവും ഇതു തന്നെ. വിദേശികളും സ്വദേശികളുമായ യാത്രക്കാരിൽ കൗതുകം ഉണർത്തുന്നതോടൊപ്പം കാഴ്ചകളിലുടെ ഒരു നാടിന്റെ ചരിത്രം പറയുകയാണ് ഇവിടെ.

പതിറ്റാണ്ടുകൾക്കു പിന്നിലെ നാട്ടിൻപുറം

kannur-airport-painting

സ്വാതന്ത്ര്യത്തിനു മുൻപുള്ള മലബാറിലെ നഗരമാണു മറ്റൊരാകർഷണം. അന്നത്തെ സാമൂഹിക – സാമ്പത്തികാവസ്ഥ യാഥാർഥ്യ ബോധത്തോടെ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചരക്കുനീക്കത്തിന് ഉപയോഗിച്ച കാളവണ്ടി, കൈവണ്ടി, ഓലയും പുല്ലും മേഞ്ഞ ഒറ്റമുറി കെട്ടിടങ്ങൾ, തെങ്ങുകൾ, കുളങ്ങൾ എന്നിവയും ചുമരുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നാട്ടുവഴികളും കളപ്പുരയും തെരുവ് കച്ചവടവും എല്ലാം മലബാറിന്റെ മുഖമായിരുന്നു ഈ കാലത്ത്. ഒരു മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ചിത്രകാരൻ ഹരീന്ദ്രൻ ചാലാടാണ് ചിത്രത്തിന് പിന്നിൽ.

ഓരോ ചുമരിലുമുണ്ട് ചെങ്കല്ലിന്റെ ചുവപ്പ്

kannur-airport-hall

ചെങ്കല്ലുകൾകൊണ്ടുള്ള നിർമാണങ്ങൾക്കു പേരുകേട്ട നാടാണ് ഉത്തര മലബാർ.  ചെങ്കല്ലിന്റെ ഭംഗി കണ്ണൂർ വിമാനത്താവളത്തിലും തലയെടുപ്പോടെ നിൽക്കുന്നുണ്ട്. ഭൂരിഭാഗം നിർമാണങ്ങൾക്കും ചെങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലൈഓവർ, പാസഞ്ചർ ടെർമിനൽ ‍കെട്ടിടത്തിന്റെ പുറംതൂണുകൾ, പ്രവേശന കവാടം എന്നിവിടങ്ങളിൽ ചെങ്കൽ തൂണുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓവുചാൽ നിർമാണത്തിനും ഉപയോഗിച്ചതു ചെങ്കല്ലുകൾ തന്നെ. 

ഉത്തര മലബാറിന്റെ പൈതൃകം

കലാരൂപങ്ങൾ, നൃത്തരൂപങ്ങൾ, ആഘോഷങ്ങളും എന്നി വരച്ച ചുമരുകളാണ് അടുത്തത്. ഭഗവതി തെയ്യം, ഗുളികൻ തെയ്യം, അമ്പലങ്ങൾ കാവുകൾ എല്ലാം ജീവൻ തുടിക്കുന്ന നിറക്കാഴ്ചയാണ്. കളം വരയ്ക്കൽ, ചെണ്ടമേളം, മാവിലാ കാവ് അടിയുത്സവം, പയ്യന്നൂർ പൈതൃകമായ പവിത്രമോതിരം, ലക്ഷംവിളക്ക്, നവരാത്രി ആഘോഷം മുതൽ ഓണപ്പൂക്കളം വരെയുണ്ട്. 

സെൽഫി സ്പോട്ടായി വിഷ്ണുമൂർത്തി

kannur-airport-garden

പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനു പുറകിലെ വിഷ്ണുമൂർത്തി തെയ്യം ഇതിനോടകം സന്ദർശകരുടെ മനം കവർന്നിട്ടുണ്ട്. 35 അടി വീതിയിലും 55 അടി നീളത്തിലുമായി സിമന്റിൽ പെയിന്റും ലോഹങ്ങളും ഉപയോഗിച്ചു രണ്ടു മാസം കൊണ്ടാണു പൂർത്തീകരിച്ചത്. തെയ്യത്തിന്റെ മുഖത്തെഴുത്തും ചമയങ്ങളും സൂക്ഷ്മ ഭാവങ്ങളും ആലേഖനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ ഒരു കൂട്ടം കലാകാരൻമാരാണ് ചിത്രത്തിനു പിന്നിൽ. ഇതു സെൽഫി സ്പോട്ട് ആയും മാറിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA