അദ്‌ഭുതം, പിസയിലെ ചരിഞ്ഞ ഗോപുരം ‘നേരെയാവുന്നു’!

ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി നില കൊള്ളുന്ന നിർമാണവിസ്മയമാണ് ഇറ്റലിയിലെ പിസ ഗോപുരം. നിർമാണപ്പിഴവ് കൊണ്ടു ചരിഞ്ഞു പോയി എന്നു പറയപ്പെടുന്ന ഗോപുരം പിന്നീട് ലോകത്തിലെ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായി മാറി. 1292 മുതലുള്ള കാലഘട്ടത്തിൽ ശക്തിയേറിയ നാലു ഭൂകമ്പങ്ങളെ കെട്ടിടം അതിജീവിച്ചത് ഇന്നും ആർക്കിടെക്ടുകൾക്ക് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ഏറെക്കാലമായി ചരിഞ്ഞുകൊണ്ടിരുന്ന, 57 മീറ്റർ  ഉയരവും 14,500 മെട്രിക്ടൺ ഭാരവുമുള്ള ഗോപുരം ഇപ്പോൾ ചരിയുന്നത് കുറഞ്ഞിട്ടുണ്ടെന്ന് എൻജിനീയർമാർ കണക്കുകൾ സഹിതം സാക്ഷ്യപ്പെടുത്തിയതാണ് പിസ ഗോപുരത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്.

ചരിത്രം.. 

1173 ൽ നിർമാണം ആരംഭിച്ചപ്പോൾ തന്നെ ഗോപുരം ചരിഞ്ഞു തുടങ്ങിയിരുന്നു. ഉറപ്പില്ലാത്ത ഘടനയുള്ള മണ്ണിൽ കേവലം മൂന്ന് മീറ്റർ മാത്രം ആഴത്തിൽ അടിത്തറ കെട്ടിയതാണ് കെട്ടിടം ഇരുന്നു പോകാൻ കാരണമെന്നു പിന്നീട് വിദഗ്ധർ കണ്ടെത്തിയിരുന്നു. ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് ഒരു നൂറ്റാണ്ടോളം നിർമാണം നിലച്ചു. ഈ ഇടവേള മണ്ണ് ഉറയ്ക്കാനും സഹായകരമായി. 1272ൽ നിർമാണം പുനരാരംഭിച്ചു. 

ഏഴാമത്തെ നില 1372 ൽ പൂർത്തിയായി. മണിമേടയാണ് അവസാനമായി നിർമിച്ചത്. ഗോഥിക് ശൈലിയിൽ സപ്തസ്വരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴ്  മണികളാണ് ഇവിടെ പ്രതിഷ്ഠിച്ചത്. അപകടനിലയിലായതിനെ തുടർന്ന് 1990 മുതൽ 11 വർഷത്തേക്ക് സന്ദർശകരെ നിരോധിച്ചിരുന്നു. അന്ന് നാലര മീറ്റർ ചരിവുണ്ടായിരുന്ന ഗോപുരം നിലംപതിക്കുമെന്ന് ഭയപ്പെട്ടിരുന്നു. 

തുടർന്ന് എൻജിനീയർമാർ ചരിയുന്ന ഭാഗത്തെ ഇളക്കമുള്ള മണ്ണ് നീക്കി പകരം കുഴലുകൾ സ്ഥാപിച്ചു. 25 വർഷമായി ഗോപുരത്തിന്റെ ചരിവ് അളക്കുന്ന പിസ സർവകലാശാലയിലെ നുൺസിയാന്റെ സ്ക്വീക്ലിയ പറയുന്നത് 2001 നു ശേഷം ഗോപുരം 41 സെന്റിമീറ്റർ നേരയായിട്ടുണ്ടെന്നാണ്. 

കൗതുകം 

ലോകത്തെ ഏറ്റവും ചരിഞ്ഞകെട്ടിടം പിസ ഗോപുരമല്ല കേട്ടോ! അബുദാബിയിലെ ക്യാപ്പിറ്റൽ ഗെയ്റ്റ് എന്ന അംബരചുംബിക്കാണ് ഈ സ്ഥാനം. എന്നാൽ ഇത് നിർമാണസമയത്തുതന്നെ ബോധപൂർവം ചരിച്ചു പണിതു എന്ന വ്യത്യാസമുണ്ട്.