ഇതാണ് യുട്യൂബിൽ തരംഗമായ ആ വീട്! കാരണം...

primitive-survival-home-yt
SHARE

കൃത്യമായ പ്ലാനും അളവുകളും വച്ചു യന്ത്രസഹായത്തോടെ വീട് നിർമിക്കുന്ന ഇന്നത്തെക്കാലത്ത്, കേവലം മനക്കണക്കും മനസ്സിലെ രൂപരേഖയും കൈകളും കൊണ്ടുമാത്രം ഇവിടെ ഒരു വീട് രൂപപ്പെടുകയാണ്. കേവലം രണ്ടാഴ്ചയ്ക്കുള്ളിലാണ് രണ്ടുപേർ ചേർന്ന് ഇത്രയും മികച്ച ഒരു വീട് നിർമിച്ചത്. പ്രിമിറ്റീവ് സർവൈവൽ ടൂൾ എന്ന യൂട്യൂബ്‌ ചാനലിലാണ് ഈ വിഡിയോ കാണാനാകുക. ഗംഭീര പ്രതികരണമാണ് ഇവരുടെ വിഡിയോകൾക്ക് ലഭിക്കുന്നത്. വീടിനു ചുറ്റും പൂൾ നിർമിക്കുന്ന വിഡിയോ ഇതിനോടകം ഒൻപത് കോടി പേരാണ് കണ്ടത്. കഴിഞ്ഞ മാസം പോസ്റ്റ് ചെയ്ത മുഴുവൻ നിർമിതിയുടെ വിഡിയോ രണ്ടര കോടി പേരും!. 

ഭൂഗർഭ വീടും സ്വിമ്മിങ് പൂളും- നിർമാണം ഇങ്ങനെ 

primitive-survival-underground

കാടിനു നടുവിൽ രണ്ടു പേർക്ക് സുരക്ഷിതമായി താമസിക്കാൻ പാകത്തിലുള്ള ഭൂഗർഭ വീടാണിത്. ആദ്യം ഭൂമിയിൽ രണ്ടു പേർക്ക് കിടക്കാൻ പാകത്തിൽ കുഴിയെടുക്കുന്നു. വണ്ണം കുറഞ്ഞ മുളയുടെ കമ്പുകൾ ചുറ്റിലും നിരത്തി പാനലിങ് ചെയ്യുന്നു. ശേഷം കുഴിക്ക് ചുറ്റിലും കാട്ടുതടിയുടെ ബീമുകൾ ദീർഘ ചതുരാകൃതിയിൽ നിരത്തുന്നു. ഇതിനു മുകളിൽ കമ്പുകൾ ലംബമായും തിരശ്ചീനമായും നിരത്തുന്നു. കാട്ടുപുല്ലും ചേറും കൂട്ടിക്കുഴച്ച് ഇതിനു മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുന്നു. പ്ലാസ്റ്ററിങ്ങിനു ദൃഢത ലഭിക്കാൻ ഉണങ്ങിയ കാട്ടുപുല്ലു മുകളിൽ വിരിച്ച ശേഷം കത്തിക്കുന്നു.

primitive-survival-nest

ഇതോടെ വീട് റെഡി. ഇനി അൽപം വിശ്രമിച്ച ശേഷമാകാം പൂളിന്റെ പണി എന്ന് ഇരുവരും തീരുമാനിക്കുന്നു. അടുത്ത ദിവസം രാവിലെ വീടിനു ചുറ്റും വാനമെടുക്കുന്നു. ഇത് പൂർത്തിയായ ശേഷം അടുത്തത് മൺടൈലുകളുടെ നിർമാണമാണ്.

primitive-survival-house-build

ചേറും പൊടിമണലും കുഴച്ച് നേർത്ത തടി കൊണ്ട് തീർത്ത മൂശയിൽ നിറയ്ക്കുന്നു. ഇത് ഉണങ്ങിക്കഴിയുമ്പോൾ പൊട്ടിച്ചെടുക്കുന്നു. ചെറിയ ചൂളയിൽ വച്ചു ദൃഢത വരുത്തുന്നു. ഇവ വീടിന്റെ ചുറ്റിലുമുള്ള കുഴിയിൽ നിരത്തുന്നു. കാട്ടുചോലയിൽ നിന്നും വെള്ളം കുഴിയിൽ നിറയ്ക്കുന്നതോടെ പൂൾ റെഡി!  ഇനി പൂളിൽ ഒന്നു മുങ്ങിക്കുളിച്ചു ക്ഷീണം മാറ്റിയിട്ടാകാം ബാക്കി പണി..

primitive-survival-home-pool

വീട്ടിൽനിന്നും പുറത്തേക്ക് കടക്കാനായി ഒരു പാലമാണ് അടുത്തത്. വഴക്കവും ദൃഢതയുമുള്ള തടി ബീമുകൾ നാട്ടി അതിനു മുകളിൽ മുളങ്കമ്പുകൾ നിരത്തുന്നതോടെ പാലം റെഡി. ഇനി കുറച്ചു ലാൻഡ്സ്കേപ്പിങ് ആയാലോ? കാട് നിർമാണ സാമഗ്രികളുടെയെല്ലാം കലവറയാണ് എന്നതാണ് ഇവർക്ക് അനുഗ്രഹമാകുന്നത്. നല്ല പച്ചപ്പുല്ല് ശേഖരിച്ച് വീടിന്റെ പുറത്ത് വിരിച്ചതോടെ ലാൻഡ്സ്കേപ്പിങ് റെഡി!

ഇനി വീടൊന്നു സുരക്ഷിതമാക്കണം...

primitive-survival-home

പൂളിന്റെ ചുറ്റുമുള്ള തിട്ട ഇടിഞ്ഞു പോകാതെ പിച്ചിങ്‌ ചെയ്തു ഭംഗിയാക്കുകയാണ് അടുത്ത നടപടി. ഇതിനു ബാക്കിവന്ന ക്ലേ ടൈലുകൾ ഉപയോഗിക്കുന്നു. ശേഷം കരിങ്കല്ലുകൾ ശേഖരിച്ച് വീടിനു ചുറ്റും കൂട്ടിയിടുന്നു. ഇത് രണ്ടു തട്ടുകളായി ഉയർത്തിപ്പണിയുന്നതോടെ ചുറ്റുമതിൽ റെഡി!പശിമയുള്ള മണ്ണും ചേറും കൂട്ടികുഴച്ചാണ് ചാന്ത് തയാറാക്കിയത്. കമാനാകൃതിയിൽ ഒരു കവാടം നിർമിച്ചു മുകളിൽ കരിങ്കല്ല് കൊണ്ട് ക്ലാഡിങ് ചെയ്യുന്നു.

'കുപ്പയിൽനിന്നും മാണിക്യം' നിർമിക്കുന്ന ഇവരുടെ വൈഭവമാണ് ഈ ചാനലിന്റെയും അടിത്തറ. ഗംഭീര പ്രതികരണമാണ് ഇവരുടെ എല്ലാ നിർമാണപദ്ധതികൾക്കും ലഭിക്കുന്നത്. ആരാധകർ ഇവരുടെ അടുത്ത നിർമാണ വിസ്മയത്തിനായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA