കൊച്ചി രാജ്യാന്തര വിമാനത്താവള ഒന്നാം ടെർമിനലിൽ (ടി1) യാത്രക്കാരെ കാത്തിരിക്കുന്നതു തനതു പരമ്പരാത കേരളകലകളുടെ ദൃശ്യ വിസ്മയം. പുറത്തെ എട്ടുകെട്ടിന്റെ ശിൽപചാരുതയ്ക്കനുയോജ്യമായ വിധമാണ് അകത്തളങ്ങളുടെയും രൂപകൽപന. സ്റ്റീലും ഗ്ലാസും ചേർന്ന, രാജ്യത്തെ അധികം വിമാനത്താവളങ്ങളുടെയും മടുപ്പിക്കുന്ന കാഴ്ചയിൽ നിന്നു വ്യത്യസ്തമായ അനുഭവമാണ് ഇവിടെ. കേരളീയ പാരമ്പര്യത്തിന്റെ ഊർജം ആവോളം ലഭിക്കത്തക്ക വിധം ചുവർചിത്രങ്ങളും ശിൽപരൂപങ്ങളും അടക്കമുള്ള പ്രകടന കലകളും പാരമ്പര്യ ചിത്രകലകളും എവിടെയും കാണാം. യാത്രക്കാർക്കു വിശ്രമിക്കാൻ എട്ടുകെട്ടിന്റെ തലയെടുപ്പിൽ നീളൻ വരാന്തകളും ചാരുബെഞ്ചുകളുമെല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു.
ഇവിടെ വിമാനമിറങ്ങി വന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് ഓണദൃശ്യങ്ങൾ നിറഞ്ഞ ചിത്രമതിലാണ്. ഇടനാഴിയുടെ ഇരു വശത്തും അറുപതോളം ചെരാതുകൾ തെളിഞ്ഞു നിൽക്കുന്നു. യാത്രക്കാർ സുരക്ഷാ പരിശോധനയ്ക്കു കാത്തിരിക്കുന്ന രണ്ടാം നിലയിൽ അവിസ്മരണീയമായ കലാങ്കണം ആണ് ഒരുക്കിയിരിക്കുന്നത്. കേരളീയ എട്ടുകെട്ടിന്റെ മുറ്റമാണ് ഇവിടെ തനിമയോടെ പുനരാവിഷ്കരിച്ചത്.
പാരമ്പര്യവിധി പ്രകാരമുള്ള കൂത്തമ്പലം, ആൽത്തറ തുടങ്ങിയവയും ഗ്രാമീണാന്തരീക്ഷത്തിലേക്കു പറിച്ചു നട്ട അനുഭവം യാത്രക്കാർക്കു സമ്മാനിക്കും. മേൽക്കൂരകൾ, മേച്ചിലുകൾ, ചുവരുകൾ, കൊത്തുപണികൾ, മണിച്ചിത്രത്താഴ് തുടങ്ങിയവ വാസ്തുശൈലിയുടെ ശിൽപഭംഗി ചോരാതെ ഇവിടെ പുനർനിർമിച്ചിട്ടുണ്ട്. കൂത്ത്, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, തെയ്യം, ഓട്ടൻതുള്ളൽ, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളും ഇവിടെ കാണാം.
കൂത്തമ്പലത്തിൽ ദുര്യോധനവധം ആട്ടക്കഥയിലെ പ്രധാന സന്ദർഭങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു. പാണ്ഡവരും കൗരവരും തമ്മിലുള്ള ചൂതുകളിയുടെ രംഗം കഥകളിയെയും കഥകളി വേഷത്തെക്കുറിച്ചുമുള്ള വിവരണമാകും യാത്രക്കാർക്കു സമ്മാനിക്കുക. പച്ച, കത്തി, താടി, മിനുക്ക് തുടങ്ങിയ പ്രധാന വേഷങ്ങൾ ഇവിടെ സമ്മേളിക്കുന്നു. എട്ടുകെട്ടിന്റെ ചുവരുകളിൽ പുരാണ കഥാ സന്ദർഭങ്ങളെ പതിനാറു ചുവർചിത്രങ്ങളിലായി ആലേഖനം ചെയ്തിരിക്കുന്നു.
ശ്രീകൃഷ്ണൻ, ബലരാമൻ, ഗണപതി, ശിവൻ, പാർവതി തുടങ്ങിയവരുടേതടക്കമുള്ള ചിത്രരൂപങ്ങൾ ഇന്ത്യൻ പൗരാണികതയുടെ ആവിഷ്കാരമായി കാണാം.
എൻജിനിയറും എഴുത്തുകാരനുമായ രാജശേഖറിന്റെ മേൽനോട്ടത്തിൽ ടി.എസ്. ചന്ദ്രൻ (അയ്യന്തോൾ ദേവി ആർട്സ്) ജിജോ സൈമൺ, യാഗ ശ്രീകുമാർ എന്നിവരാണു കലാരൂപങ്ങൾ ഒരുക്കിയത് .