നിങ്ങൾ ഇപ്പോൾ കിടന്നുറങ്ങുന്നത് ഐതിഹ്യമാലയുടെ മൂന്നാം അധ്യായം എഴുതിയ വീട്ടിലാണ്. ഈ കാലത്തുപോലും ഇത്രയേറെ ശാന്തതയും സന്തോഷവും തോന്നുന്നുവെങ്കിൽ കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതാനായി ഇവിടെ എത്തിയതു വെറുതെയല്ല.
കിഴക്കുംപാട്ടുകരയിലെ 200 വർഷം പഴക്കമുള്ള തെക്കെ വലിയാലിക്കൽ വാരിയത്ത് ഇനി പഴയമയുടെ ഭംഗി മോഹിക്കുന്നവർക്കും താമസിക്കാം. കുന്നമ്പത്ത് ഹെറിറ്റേജ് നാലുകെട്ട് എന്ന പേരിലാണു വീണ്ടും ഈ പഴയ സമ്പത്തിന്റെ പടിപ്പുര തുറന്നത്.
ഇതൊരു ചെറിയ വീടാണ്. രണ്ടു ബെഡ്റൂം മാത്രമുള്ള വീട്. പക്ഷേ, നാലുകെട്ടിന്റെ ഛായയിൽ നടുമുറ്റത്തോടെ നിർമിച്ചതാണ്. എല്ലാ പഴമയും നിലനിർത്തിയാണ് ഈ വീട് വീണ്ടെടുത്തത്. നിലം തറയോടു പാകി മിനുക്കി, വാതിലുകളിലെല്ലാം പഴയ മര ഓടാമ്പലുകൾതന്നെ. പഴയ ഓടുതന്നെ പുതുക്കിപ്പണിതു. ശുചിമുറികൾ മാത്രം പുതുക്കിയുണ്ടാക്കി. മുറികൾ എയർകണ്ടീഷൻ ചെയ്തു. അടുക്കളയും നന്നാക്കി. എന്നാലും പഴയ അമ്മിക്കല്ലു സൂക്ഷിച്ചിട്ടുണ്ട്. നല്ല വെളിച്ചവും കാറ്റുമുള്ള നടുമുറ്റമാണ്. ഇവിടെ ഇരിക്കാൻ തന്നെയൊരു സുഖമുണ്ട്. പടിപ്പുരയിലും എട്ടോ പത്തോ പേർക്ക് ഒരുമിച്ചിരിക്കാവുന്ന സ്ഥലമുണ്ട്. ചുറ്റുപാടും നല്ല വരാന്തയുമുണ്ട്. ഉച്ചയ്ക്ക് ഇവിടെ കാറ്റുകൊണ്ട് കിടന്നുറങ്ങാം.
ഭൂമിക്കടിയിൽ നിർമിച്ച മുറിയാണ് ഈ കൊച്ചുവീടിന്റെ ചരിത്രമുദ്ര. പണ്ട് ആയുധം സൂക്ഷിച്ച മുറിയായിരുന്നുവത്രെ. അവിടെ കിടക്കാനാവില്ലെങ്കിലും തറനിരപ്പിനടിയിലെ ചരിത്ര കൗതുകത്തിനകത്തുപോയി എന്നത് ഓർത്തുവയ്ക്കാവുന്ന കാര്യമാണ്. ബിസിനസുകാരനായ കെ.സുകുമാരനും മകൻ ഡോ.രാംകുമാർ മേനോനുമാണു പ്രശസ്തമായ പനമുക്കംപിള്ളി ക്ഷേത്രത്തിനു സമീപത്തെ ഈ പഴയ കൗതുകം വീണ്ടെടുത്തത്. 9446001150.