ഇവിടെ ജാതിയില്ല, മതമില്ല..ആർക്കും വരാം, സൗജന്യമായി താമസിക്കാം!

അഗുംബെ; മഴമേഘങ്ങൾ കൂടെ വരും ആ പേരിനൊപ്പം. ഈ കൊച്ചുകന്നഡ ഗ്രാമത്തിൽ എപ്പോഴും മഴയാണ്. ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി. അപൂർവ ഇനം ഔഷധങ്ങളെയും രാജവെമ്പാലകളെയും  പ്രകൃതിയെയും കുറിച്ചു പഠിക്കാനാണു മുൻപ് ഇവിടെ ആളുകൾ എത്തിയിരുന്നത്. എന്നാൽ ഇന്ന് ഏറെപ്പേരും വരുന്നത് മഴ അനുഭവിക്കാനും വെള്ളച്ചാട്ടങ്ങൾ കാണാനും.

ആ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടു ദൊഢാമനെ എന്ന നാലുകെട്ട്.  സഞ്ചാരികൾ സ്നേഹത്തോടെ കസ്തൂരി അക്ക എന്നു വിളിക്കുന്ന കസ്തൂരി ജയന്ത് റാവുവിന്റെ വീട്. ആർക്കും ഇവിടെ സൗജന്യമായി താമസിക്കാം,  അഗുംബെയുടെ സൗന്ദര്യം നുകരാം.

പഴമയുടെ സുഗന്ധം

കസ്തൂരി അക്കയുടെ മരിച്ചുപോയ ഭർത്താവ് ജയന്ത് റാവുവിന്റെ മുത്തച്ഛൻ നിർമിച്ചതാണ് ഈ വീട്. 140 വർഷം പഴക്കം.  നൂറോളം വീടുകൾ മാത്രമുള്ള അഗുംബെയിൽ കാറ്റിനെയും മഴയെയും അതിജീവിച്ച് ഇന്നും ദൊഢാമനെ തലയുയർത്തി നിൽക്കുന്നു. വീടിന്റെ മൂന്നാം നില ആർക്കിടെക്ട് രംഗത്തെ അതികായൻ എം. വിശ്വേശരയ്യയുടെ നിർദേശപ്രകാരം 1915ൽ പൊളിച്ചു കളഞ്ഞു.

അഞ്ച് അടുക്കളകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. കൂട്ടുകുടുംബമായിരുന്നപ്പോൾ അത്രയും വേണമായിരുന്നെന്നു കസ്തൂരി അക്ക. ജവാഹർലാൽ നെഹ്റു രണ്ടു തവണ ദൊഢാമനെയിലെത്തിയിട്ടുണ്ട്. ആർ.കെ.നാരായണിന്റെ കൃതി ‘മാൽഗുഡി ഡേയ്സ്’ എന്ന സീരിയലായപ്പോൾ ഷൂട്ട് ചെയ്തതും ഇവിടെ. 

വ്യവസ്ഥകളുടെ പൊളിച്ചെഴുത്ത്

മഴ എല്ലാവരിലേക്കും തുല്യമായി പെയ്തിറങ്ങുന്നതു പോലെയാണ് കസ്തൂരി അക്കയുടെ സ്നേഹം. എല്ലാവർക്കും സ്വാഗതം. ഇങ്ങനെ, ദൊഢാമനെ സഞ്ചാരികൾക്ക് ആതിഥ്യമരുളാൻ തുടങ്ങിയിട്ടു 45 വർഷം. പക്ഷേ, മുൻപ് ആ വാതിലുകൾ അടഞ്ഞാണു കിടന്നിരുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബം. അബ്രാഹ്മണരെ പ്രവേശിപ്പിക്കില്ല.

ഈ വേലിക്കെട്ടുകളെയെല്ലാം പൊളിച്ചതു കസ്തൂരിയാണ്. അക്കാലത്ത് അഗുംബെയിൽ പഠനത്തിനായി ഒട്ടേറെപ്പേർ എത്തുമായിരുന്നു. അവർക്കു താമസിക്കാനൊരിടമില്ലെന്നു മനസ്സിലായതോടെ ദൊഢാമനെയുടെ വാതിലുകൾ അക്ക എല്ലാവർക്കുമായി തുറന്നിട്ടു. ഭർത്താവും പിന്തുണയുമായി കൂടെ നിന്നു.

പത്ത് കൂട്ടിന്റെ ഒൗഷധക്കഞ്ഞി

ഒരേ സമയം നാൽപതോളം പേരെ ദൊഢാമനെയിൽ താമസിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ പ്രായം 70 കഴിഞ്ഞതോടെ അത്രയും പേരെ താമസിപ്പിക്കാറില്ലെന്ന് അക്ക. എങ്കിലും ദിവസവും നാലോ അഞ്ചോ പേരുണ്ടാകും.

താമസക്കാർക്കു സ്വാദിഷ്ടമായ ഭക്ഷണം കൊടുക്കുന്നതും കസ്തൂരി തന്നെ. സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതു തന്നെ പത്ത് കൂട്ടുകളടങ്ങിയ ഔഷധക്കഞ്ഞി കൊടുത്തുകൊണ്ടാണ്. കസ്തൂരി അക്കയുടെ കയ്യൊപ്പ് പതിഞ്ഞ ഭക്ഷണം സഞ്ചാരികളുടെ നാവിൽ അഗുംബെയുടെ സ്വാദായി പതിയുന്നു.

ജാതിയില്ല, മതമില്ല; മനുഷ്യർ മാത്രം

കസ്തൂരി അക്കയോടൊപ്പം മകൾ സുജയ്, മരുമകൻ രവികുമാർ, കൊച്ചുമക്കളായ അരുന്ധതി, ആരതി എന്നിവരും ദൊഢാമനെയിലുണ്ട്. ആർക്കും ഇവിടെ വരാം, താമസിക്കാം. നേരത്തെ വിളിച്ചറിയിക്കണമെന്നു മാത്രം. മദ്യപാനവും പുകവലിയും മാംസാഹാരവും പാടില്ല. താമസവും ഭക്ഷണവും സൗജന്യമാണെങ്കിലും വരുന്നവർ മനസ്സറിഞ്ഞു കാശ് കൊടുക്കുന്നു.

‘എന്റെ തന്നെ മനസ്സിന്റെ വികാസത്തിനു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. എത്രയോ തരം മനുഷ്യരെ കാണാം, പരിചയപ്പെടാം. ഏതെല്ലാം സംസ്കാരത്തിൽ ജീവിക്കുന്ന ആളുകളുമായി നമ്മൾ ഇതുവഴി അടുത്തിടപഴകുന്നു. ജാതിയോ മതമോ നിറമോ ഇവിടെ ഇല്ല. മനുഷ്യർ മാത്രമാണുള്ളത്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിൽ മുഖ്യമാണിത്’, കസ്തൂരി അക്കയുടെ മുഖത്തെ സ്ഥായീഭാവമായ പുഞ്ചിരി, ഇതു പറയുമ്പോൾ ഒന്നുകൂടി വിടരുന്നു.