യാത്രകളോട് എന്ന പോലെ പ്രിയമാണ് വീടിനോടും. എന്നാൽ രണ്ടും കൂടെ ഒരുമിച്ചു കൊണ്ടുപോകാൻ എന്തെങ്കിലും മാർഗമുണ്ടോ? കുറഞ്ഞ ചെലവില്‍ മക്കളുമായി ലോകം ചുറ്റണമെന്നൊരു മോഹമുദിച്ചപ്പോള്‍ പിന്നെ മിഷേലും സ്റ്റീവും കൂടുതലൊന്നും ആലോചിച്ചില്ല. ഒരു പഴയ സ്കൂള്‍ ബസ്സ് ആദ്യം സ്വന്തമാക്കുകയാണ് ഇതിനവര്‍ ആദ്യം ചെയ്തത്. 17000 ഡോളര്‍ മുടക്കി ആറുമാസം കൊണ്ടാണ് ഇവര്‍ ഈ സ്കൂള്‍ ബസ്സിനെ ഒരു ചെറിയ വീടാക്കി മാറ്റിയത്.
16 മുതല്‍ ഒന്‍പത് മാസം വരെ പ്രായമുള്ള ഏഴ് മക്കളാണ് ഈ ദമ്പതികള്‍ക്ക്. കുട്ടികളെ സ്കൂളില്‍ വിട്ടു പഠിപ്പിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഹോം സ്‌കൂളിങ് വഴിയാണ് ഇവര്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. മക്കള്‍ക്കൊപ്പം സമയം ചെലവിട്ടു അവര്‍ക്കൊപ്പം യാത്ര ചെയ്യുന്നതാണ് തങ്ങള്‍ക്ക് ഏറ്റവും പ്രിയമെന്ന് ഈ ദമ്പതികള്‍ പറയുന്നു.
മഞ്ഞ നിറമായിരുന്ന സ്‌കൂൾ ബസ്സിനെ സ്പ്രേ പെയിന്റ് ചെയ്തു വെള്ളനിറമാക്കി മാറ്റി. ഗ്ലാസ് ജാലകങ്ങൾ ഘടിപ്പിച്ചു. 265 ചതുരശ്രയടി വിസ്തീർണമേയുള്ളൂ ഈ സ്കൂള്‍ ബസ്സിന്. കുട്ടികള്‍ക്കായി രണ്ടു ബങ്ക് ബെഡും ഒരു വലിയ ബെഡും ഇടാനുള്ള സ്ഥലമുണ്ട് ബസ്സിനുള്ളിൽ. ഒൻപതംഗ കുടുംബത്തിന് സുഖകരമായി വിശ്രമിക്കാം. ഓക്ക് മരത്തിന്റെ തടി കൊണ്ടാണ് പാനലുകളും കബോർഡുകളും നിർമിച്ചത്. പ്രത്യേക വാഷ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ഫൊട്ടോഗ്രഫര്‍മ്മാരാണ് മിഷേലും ഭര്‍ത്താവും. സ്റ്റീവിന്റെ അമ്മയെയും കൂടെ കൂട്ടി യാത്ര ആരംഭിക്കാനായിരുന്നു ആദ്യഘട്ടത്തില്‍ ഇവരുടെ തീരുമാനം. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ മരണമടഞ്ഞതോടെ ആ മോഹം നടക്കാതെ പോകുകയായിരുന്നു. ജോര്‍ജിയ, ഇന്ത്യാന, കോളറാഡോ, ടെക്സാസ്, ലൂസിയാന തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഒന്‍പതംഗസംഘം ഇതിനകം കണ്ടുകഴിഞ്ഞു.
ഇപ്പോള്‍ വലിയൊരു യാത്രയ്ക്ക് ശേഷം ഫ്ലോറിഡയിലെ വീട്ടില്‍ തിരികെ എത്തിയതേയുള്ളൂ ഈ കുടുംബം. അടുത്ത യാത്രയ്ക്കുള്ള പ്ലാനുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാനിരിക്കുകയാണ് ഇവർ. ഇത്തിരിവട്ടത്തിലും മികച്ച സ്‌റ്റോറേജ് സൗകര്യങ്ങളോടെ സഞ്ചരിക്കുന്ന വീട് ഒരുക്കിയതിനു സുഹൃത്തുക്കളിൽ നിന്നും വലിയ പ്രശംസയാണ് ഇരുവർക്കും ലഭിക്കുന്നത്.