ചെലവ് ചുരുക്കി ചെറിയ വീടുകള്‍ നിർമിക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചെലവ് ചുരുക്കുന്നതിനൊപ്പം ചെറിയ വീട്ടില്‍ താമസിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ സാധിച്ചാലോ? മെഗ്ഗും, ബ്രാന്‍ഡും മകനും അവരുടെ ഒരു പൂച്ചയും രണ്ടു നായ്കുട്ടികളുമാണ് ഈ സഞ്ചരിക്കുന്ന വീട്ടിലെ അംഗങ്ങള്‍. വാഷിംഗ്‌ടണ്‍ നഗരത്തില്‍ ഇവര്‍ക്ക് അത്യാവശ്യം വലിയൊരു വീട് സ്വന്തമായുണ്ട് എങ്കിലും ഈ വണ്ടിവീടാണു സുഖകരം എന്ന് മെഗ്ഗും ബ്രാന്‍ഡും പറയുന്നു.
'വിവിധസ്ഥലങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടമുള്ളവരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. മകന്‍ തീരെ ചെറുതായതിനാല്‍ അവനെയും കൊണ്ട് സഞ്ചരിക്കാന്‍ ഏറെ സൗകര്യപ്രദം സഞ്ചരിക്കുന്ന ഒരു വീടാകും എന്ന തോന്നലില്‍ നിന്നാണ് ഇങ്ങനെയൊരു ആശയം രൂപപ്പെട്ടത്.' എങ്ങനെയാണ് ഈ ആശയത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് മെഗ്ഗും ബ്രാന്‍ഡും പറയുന്നു.
ചെറിയ വീടുകളെ ഇഷ്ടപെട്ടിരുന്നവരായിരുന്നു ഇരുവരും. എന്നാല്‍ ആദ്യമൊന്നും സഞ്ചരിക്കുന്ന വീടിനെ കുറിച്ച് ഐഡിയയില്ലായിരുന്നു. പക്ഷേ മകന്‍ പിറന്ന ശേഷമാണ് ഇത്തരമൊരു വീട് വേണമെന്ന് തോന്നിയത്. 2014 ഏപ്രില്‍ മാസത്തിലാണ് ഒരു ട്രക്ക് വാങ്ങി അതില്‍ ഒരു വീടൊരുക്കാന്‍ ഇരുവരും ആരംഭിച്ചത്.
ഈ കുഞ്ഞന്‍ വണ്ടിവീടിന്റെ അകത്തളങ്ങള്‍ എല്ലാം ഡിസൈന്‍ ചെയ്തത് മെഗ്ഗാണ്. കുഞ്ഞിന്റെ മുറി ഉള്‍പ്പെടെ രണ്ടു മുറികളുണ്ട് ഇതില്‍. ബാത്റൂം, അടുക്കള, ഒരു ചെറിയ ഇടനാഴി എന്നിവ അടങ്ങിയതാണ് ഈ വീട്. ബ്രാന്‍ഡിന്റെ അച്ഛന്‍ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തു കൊടുത്തതോടെ ആ പണിയും തീര്‍ന്നു. കുഞ്ഞുമകന്‍ റാഡിന്റെ മുറി ഉള്‍പെടെ ഫര്‍ണിച്ചറുകള്‍ വരെ നിർമിച്ചുനൽകിയത് മെഗ്ഗിന്റെ പിതാവാണ്. ഒരു പോര്‍ട്ടബിള്‍ സോളാര്‍ സിസ്റ്റം വഴിയാണ് വീട്ടിലേക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വീട്ടിലെ മിക്ക സാധനങ്ങളും മള്‍ട്ടിപ്പിള്‍ യൂസ് ഉള്ളവയാണ്. അതുകൊണ്ട് സ്ഥലം ലാഭിക്കാന്‍ സാധിക്കും.
ഇവിടെ താമസിച്ചു ചെലവ് ചുരുക്കിയതിനാൽ വലിയ വീടിനായെടുത്ത ഹോം ലോൺ അടക്കം ബാധ്യതകൾ തീർക്കാൻ സാധിച്ചുവെന്നും മെഗ്ഗും ബ്രാന്‍ഡും പറയുന്നു. നിലവില്‍ കൊളറാഡോയിലാണ് ഇവര്‍ ഇപ്പോൾ. കുറച്ചു നാളുകൾക്കുശേഷം ചിലപ്പോള്‍ തോന്നിയാല്‍ വണ്ടിവീട് ടെക്സസിലേക്ക് വിട്ടേക്കാം എന്ന് മെഗ് പറയുന്നു. വലിയ വീടുകള്‍ വാങ്ങി അതിന്റെ ലോണ്‍ അടയ്ക്കാന്‍ കഷ്ടപ്പെടുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ തങ്ങള്‍ക്ക് അങ്ങനെയുള്ള ടെന്‍ഷനുകള്‍ ഒന്നും തന്നെയില്ല എന്ന് ഇവര്‍ പറയുന്നു. ഭാവിയില്‍ ഈ വീടിന്റെ മാതൃകയില്‍ ഒരു ചെറിയ വീട് കൂടി ഉണ്ടാക്കണം എന്നാണ് ഇപ്പോഴത്തെ പ്ലാന്‍.