കത്തെഴുതൂ, 12 കോടിയുടെ വീട് നേടൂ! വൈറലായി ഈ വീട്ടമ്മയുടെ ബുദ്ധി!

ആയ കാലത്ത് കൊട്ടാരം പോലെ പണിതിട്ട വീട്, വയസ്സാംകാലത്ത് തടവറ പോലെ തോന്നിയപ്പോഴാണ് ബംഗ്ലാവ് വിറ്റ് ചെറിയ വീട് വാങ്ങി സ്വസ്ഥമാകാം എന്ന് കാനഡക്കാരി എല്ലായ്ക്ക് തോന്നിയത്. 

വീട് 1.7 മില്യൺ ഡോളറിന് ലിസ്റ്റ് ചെയ്തെങ്കിലും അത്രയും വലിയ തുക മുടക്കി വീടുവാങ്ങാൻ ആരും എത്തിയില്ല.. അപ്പോഴാണ് എല്ലയുടെ തലയിൽ ബൾബ് മിന്നിയത്. ഉടനെ 'കത്തെഴുതൂ, വീട് നേടൂ' എന്ന മത്സരമാക്കി പരസ്യത്തിന്റെ രീതി ഒന്നു മാറ്റിപ്പിടിച്ചു. 

ചിത്രത്തിനു കടപ്പാട്: സമൂഹമാധ്യമം

25 ഡോളർ നൽകി ആദ്യം രജിസ്റ്റർ ചെയ്യണം. പിന്നെ 'എന്റെ വീട് നിങ്ങൾക്ക് എന്തുകൊണ്ട് ഇഷ്ടമായി ' എന്നു ഒരു ലഘു ലേഖനവും എഴുതി നൽകണം. മികച്ച ലേഖനം അയക്കുന്നയാൾക്ക് വീട് മറ്റു തുകകൾ ഒന്നുമില്ലാതെ വിട്ടുനൽകും. പക്ഷേ, ഒരു നിബന്ധനയുണ്ട്. രജിസ്ട്രേഷനിലൂടെ 1.7 മില്യൺ ഡോളർ സമാഹരിക്കുന്നതു വരെ മത്സരം തുടരും! അതായത് ഏതാണ്ട് 12 കോടി രൂപ!

 കാനഡയിലെ ആൽബർട്ടയിൽ കൊളോണിയൽ ശൈലിയിലാണ് വീട് ഗതകാലപ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്. 3800 ചതുരശ്രയടിയിൽ 5 കിടപ്പുമുറികളുണ്ട്. വിശാലമായ ലൈബ്രറിയും സെല്ലാറും വീടിന്റെ മറ്റ് സവിശേഷതകളാണ്.

ചിത്രത്തിനു കടപ്പാട്: സമൂഹമാധ്യമം

എതായാലും സംഗതി ക്ലിക്കായ ലക്ഷണമാണ്. 25 ഡോളർ മുടക്കി ഒന്നര ദശലക്ഷം ഡോളറിലേറെ മൂല്യമുള്ള വീടു സ്വന്തമാക്കാനായാലോ എന്നു കരുതി ആളുകൾ പങ്കെടുക്കാനായി തള്ളിക്കയറ്റമാണത്രേ...