250 വർഷം പ്രേതാലയം; നിലവിലെ മൂല്യം കോടികൾ!
സെന്‍ട്രല്‍ ലണ്ടനില്‍ നിന്നും അമ്പതു മൈല്‍ അകലയുള്ള 'ഡിന്‍ടണ്‍ കാസില്‍' കണ്ടാല്‍ ഏതോ കാലത്തെ ഒരു കൊട്ടാരത്തെ അനുസ്മരിപ്പിക്കും. പക്ഷേ 1018 ചതുരശ്രയടിയുള്ള ഈ 'കുഞ്ഞന്‍ കൊട്ടാരം' ഒരു രാജാവിന്റെയും താമസസ്ഥലമായിരുന്നില്ല. 484,000 ചതുരശ്രയടിയുള്ള ക്വീന്‍ വിന്‍ഡ്സര്‍ കാസിലിന്റെ ഒരു മിനി പതിപ്പാണ് ഈ വീടും.
1769ൽ സമ്പന്നനായ സര്‍ ജോണ്‍ വാന്‍ഹാട്ടെന്‍ ഈ വീട് പണികഴിപ്പിക്കുമ്പോള്‍ തന്റെ വീടിന് ബ്രിട്ടീഷ് എസ്റ്റേറ്റുകളുടെ മറ്റും ഭാവവും ഉണ്ടാകണമെന്ന് നിര്‍ബന്ധമായിരുന്നു. പുരാവസ്തുക്കളോട് വളരെയധികം താൽപര്യമുണ്ടായിരുന്ന സര്‍ ജോണ്‍ തന്റെ വീടും അതിനുള്ളിലെ അകത്തളങ്ങളും അതുപോലെയാകണമെന്നു ആശിച്ചിരുന്നു. ഡിന്‍ടണ്‍ കാസില്‍ അദ്ദേഹത്തിന്റെ ആ ആശയത്തിന്റെ പൂര്‍ത്തീകരണമാണ്.
1787ല്‍ സര്‍ ജോണ്‍ അന്തരിച്ചതോടെ ഡിന്‍ടണ്‍ കാസില്‍ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായി. എന്നാല്‍ 250 വർഷം ഒരു പ്രേതാലയമായി കിടന്നിരുന്ന ഡിന്‍ടണ്‍ കാസില്‍ ഇന്ന് ഒരു സ്വപ്നഭവനമായി മാറ്റിയെടുത്തിരിക്കുകയാണ് ജെയിം ഫെര്‍ണാണ്ടസും ഭാര്യ മിമിയും. ആർക്കിടെക്ട് ആയ ജെയിമും മിമിയും ഏറെ പണിപെട്ടാണ് ഈ കാസില്‍ പുനരുജ്ജീവിപ്പിച്ചെടുത്തത്. പഴമയ്ക്ക് ഒട്ടും കോട്ടം തട്ടാതെ എന്നാല്‍ ഭംഗി ഒട്ടും ചോരാതെ തന്നെയാണ് വീടിന്റെ നിര്‍മ്മാണം.
ഇംഗ്ലണ്ടിലെ ബക്കിങ്ഹാം ഷെയറില്‍ ആണ് ഈ കാസില്‍ സ്ഥിതി ചെയ്യുന്നത്. പുതുക്കിപ്പണിതശേഷം ഏകദേശം ഒരു മില്യൺ ഡോളറിനടുത്താണ് ഈ വീടിന് ഇപ്പോഴുള്ള മതിപ്പുവില. തന്റെ കുടുംബവീടിനടുത്തുള്ള ഈ ഭവനത്തെ കുറിച്ച് വര്‍ഷങ്ങളായി മിമിക്ക് അറിയാമെങ്കിലും ഇത് ഏറ്റെടുത്തു പുതുക്കിപ്പണിയണമെന്ന ആശയം ജെയിം പറഞ്ഞതോടെയാണ് പ്രാവര്‍ത്തികമായത്. കാടുപിടിച്ചു കിടന്ന ഇവിടേക്ക് ആദ്യം വരുമ്പോള്‍ ഇപ്പോള്‍ ഉള്ള നിലയിലേക്ക് ഈ വീടിനെ മാറ്റിയെടുക്കാം എന്നൊന്നും പ്രതീക്ഷയില്ലായിരുന്നു ഇവര്‍ക്ക്. എന്നാല്‍ വിചാരിച്ചതിലും മനോഹരമായി ഇവര്‍ ഈ വീടിനെ മാറ്റിയെടുത്തു.
രണ്ടുവര്‍ഷം മുന്‍പ് 132,000 ഡോളര്‍ മുടക്കിയാണ് ഇവര്‍ ഇത് വാങ്ങിയത്. തുടര്‍ന്ന് അടുത്തുതന്നെ മറ്റൊരു വീട് വാടകയ്ക്ക് എടുത്തു കാസില്‍ പുനർനിർമിക്കാൻ തുടങ്ങി. ജെയിം മിമിയും സദാനേരവും ഇതിനു മേല്‍നോട്ടം വഹിച്ചു. വളരെ പഴയ കെട്ടിടമായതിനാല്‍ 260,000 ഡോളറോളം വീട് നിർമിക്കാൻ ഇവര്‍ക്ക് ചെലവായി. വെള്ളം, വൈദ്യുതി എല്ലാം ഉള്ളിലെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. രണ്ടുകിടപ്പറകള്‍, ഹാള്‍, അടുക്കള എന്നിവ കാസിലിലുണ്ട്. മുകള്‍നിലയിലേക്ക് പോകാനുള്ള കോണിപ്പടികള്‍ ഉള്ളിൽനിന്നുതന്നെയാണ്. മനോഹരമായ ഭൂപ്രദേശത്തോടെയുള്ള പരിസരങ്ങള്‍ വീക്ഷിക്കാന്‍ മുകള്‍നിലയിലിരുന്ന് സാധിക്കും.