ലോകത്തെ വിസ്മയിപ്പിച്ച് കടലിനടിയിലെ ഹോട്ടൽ! ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്നത് 7000 പേർ
കടലിനുള്ളിലേക്ക് ഇറക്കിവച്ചൊരു കോണ്‍ക്രീറ്റ് ട്യൂബു പോലെയാണ് ഒറ്റനോട്ടത്തില്‍ തോന്നുക. എന്നാൽ ഇതൊരു ഹോട്ടലാണ്. നോര്‍വെയുടെ തെക്ക് പടിഞ്ഞാറന്‍ നഗരത്തിലാണ് 'അണ്ടര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ റസ്റ്ററന്റ് ആരംഭിച്ചത്. യൂറോപ്പിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റസ്റ്ററന്റ് ആണിത്. നോര്‍വെയിലെ പ്രശസ്തമായ സ്നോഹെട്ട എന്ന ആർക്കിടെക്ചറൽ ഫേം ആണ് ഇതിന്റെ നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ചത്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെപ്റ്റംബര്‍ പതിനൊന്നു സ്മാരകം നിര്‍മ്മിച്ചതും ഇവരാണ്.
ഒരു വലിയ അക്വേറിയത്തിലേക്കു നോക്കുന്ന പോലെയാണ് ഈ റസ്റ്ററന്റിനുള്ളിലൂടെ പുറത്തേക്ക് നോക്കിയാല്‍ തോന്നുക. നാല്പതു പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു ഗസ്റ്റ് ഹാള്‍ കൂടിയുണ്ട് ഇവിടെ. കടലിലേക്ക് അഭിമുഖീകരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ഹാളിന്റെ പ്രത്യേകത ഭീമാകാരമായ വലിയ ഗ്ലാസ് ജനലുകളാണ്. കടലിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ചു ഇവിടിരുന്ന് അതിഥികള്‍ക്ക് ആഹാരം കഴിക്കാം, ചര്‍ച്ചകള്‍ നടത്താം.
കടലിനു മുകളിലേക്ക് ഉയര്‍ന്നു നില്ക്കുന്ന റസ്റ്ററന്റിന്റെ ഭാഗത്തായുള്ള വലിയ ജനലുകളിലൂടെ ഉള്ളിലേക്ക് സൂര്യപ്രകാശം എത്തുന്ന തരത്തിലാണ് നിര്‍മ്മാണം. പതിനെട്ടു കോഴ്സ് മീലാണ് അഥിതികള്‍ക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്. നോര്‍വെ കറന്‍സിയായ 3,700 ക്രോണ്‍ ആണ് ഇതിന്റെ ചാര്‍ജ്.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും അതിഥികള്‍ക്ക് ഏപ്രില്‍ ആദ്യവാരത്തോടെ മാത്രമേ റസ്റ്ററന്റ് തുറന്നു കൊടുക്കുകയുള്ളൂ. ഇതിനകം ഏഴായിരം ആളുകളാണ് ഇവിടെ അത്താഴം കഴിക്കാന്‍ ബുക്ക് ചെയ്തിരിക്കുന്നത്.