പത്താം തവണയും ലോകത്തെ മികച്ച വിമാനത്താവളം ഇതുതന്നെ!
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഷാംഗി രാജ്യാന്തര വിമാനത്താവളം വീണ്ടും ഒന്നാം സ്ഥാനത്ത്. സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാർഡ് പട്ടികയില്‍ കഴിഞ്ഞ ഇരുപതുവര്‍ഷങ്ങള്‍ക്കിടയില്‍, ഇത് പത്താം തവണയാണ് ഷാംഗി മുന്നിലെത്തുന്നത്. ടോക്യോയിലെ ഹനെട അന്താരാഷ്ട്രവിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.
സോളിലെ ഇഞ്ചിയോന്‍ വിമാനത്താവളം, ദോഹ ഹമദ് വിമാനത്താവളം, ഹോങ്കോങ് വിമാനത്താവളം എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനത്ത് പിന്നാലെയുള്ളത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളമാണ് ആറാം സ്ഥാനത്ത്. ഇവിടുത്തെ ടെര്‍മിനല്‍ 5 ആണ് ലോകത്തെ ഏറ്റവും മികച്ച ടെര്‍മിനലായി തിരഞ്ഞെടുത്തിരിക്കുന്നത്. യുഎസിലെ ഡെൻവർ വിമാനത്താവളത്തിന് മുപ്പത്തിരണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. വിമാനത്താവളങ്ങളുടെ നിലവാരം, യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനം എന്നിവ സംബന്ധിച്ച് ഏറ്റവും ആധികാരികമായി വിലയിരുത്തപ്പെടുന്നതാണ് എ.സി.ഐ. പുരസ്‌കാരങ്ങള്‍. എണ്‍പതിലധികം രാജ്യങ്ങളിലെ 550 ഓളം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് 13.5 മില്യന്‍ യാത്രക്കാരില്‍ നിന്ന് വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്.
യാത്രക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഷാംഗി വിമാനത്താവളം ഇക്കുറിയും ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും ഉയരം കൂടിയ എയര്‍പോര്‍ട്ട് സ്ലൈഡ്, ഇരുപത്തിനാല് മണിക്കൂറും സിനിമാപ്രദര്‍ശനം, സ്വിമ്മിങ് പൂള്‍ മറ്റു വിനോദോപാധികള്‍ എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന വിമാനത്താവളമാണ് ഷാംഗി.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വെള്ളചാട്ടവും വനവും അടുത്തിടെ ഇവിടെ 951 മില്യന്‍ ഡോളര്‍ ചെലവിൽ ഒരുക്കിയിരുന്നു. 'ജുവല്‍' എന്നാണ് ഈ ടെര്‍മിനലിന് നല്‍കിയിരിക്കുന്ന പേര്. ഏപ്രില്‍ ആദ്യവാരം ഇത് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും.
തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഈ അവാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചത് ഷാംഗി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ നേട്ടമാണെന്ന് സ്കൈട്രാക്സ് സിഇഒ എഡ്വാര്‍ഡ് പെയിസ്റ്റഡ് പറയുന്നു.