ADVERTISEMENT

വൻകിട ബ്രാൻഡുകളടക്കം വിദേശ വസ്തുക്കളുടെ ചൈനീസ് നിർമ്മിത ഡ്യൂപ്ലിക്കേറ്റുകൾ ഒരു പുതുമയല്ല. പകർപ്പവകാശ നിയമങ്ങൾ പോലും ലംഘിച്ചുകൊണ്ട് ലോകമെമ്പാടും ഇത്തരം സാധനങ്ങൾ ലഭ്യമാകുന്നുമുണ്ട്. എന്നാൽ ഇതിലൊന്നും ഒതുങ്ങുന്നതല്ല ചൈനയുടെ കോപ്പിയടി. ചരിത്രപ്രാധാന്യമുള്ള ലോകപ്രശസ്ത നിർമ്മിതികളുടെ  ഡ്യൂപ്ലിക്കേറ്റുകളും ചൈനക്കാർ നിർമ്മിച്ചിട്ടുണ്ട്. 

ചൈനയിലെ പല നഗരങ്ങളിലായാണ് യഥാർത്ഥ നിർമ്മിതികളുടെ  നിലവാരമില്ലാത്ത ഇത്തരം കൃത്രിമ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. 2012ലാണ് സുഷൗ നഗരത്തിൽ നദിക്കു കുറുകെ ലണ്ടൻ ബ്രിഡ്ജ് നിർമ്മിക്കപ്പെട്ടത്.131 അടിയാണ് ഈ ഡ്യൂപ്ലിക്കേറ്റ് നിർമ്മിതിയുടെ ഉയരം. യഥാർത്ഥ ലണ്ടൻ ബ്രിഡ്ജിന് രണ്ടു ഗോപുരങ്ങളാണ് ഉള്ളതെങ്കിൽ  ചൈനയുടെ ലണ്ടൻ ബ്രിഡ്ജിന് നാല് ഗോപുരങ്ങളുണ്ട് എന്ന വ്യത്യാസം മാത്രം. 

fake-architecture-bridge

ബ്രിട്ടീഷ് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ട ചൈനയിലെ ഏക നിർമ്മിതിയല്ല ഇത്. ഷാങ്ങ്ഹായ്ക്ക് സമീപമുള്ള സോങ്ങ്ജിയാങ്ങ് ജില്ലയിൽ തേംസ് ടൗൺ എന്ന ഒരു നഗരം തന്നെയുണ്ട്. വിക്ടോറിയൻ ശൈലിയിൽ നിർമ്മിക്കപ്പെട്ട വീടുകളും നിരത്തുകളും എന്തിനേറെ വിൻസ്റ്റൺ ചർച്ചിലിന്റെ ഒരു പ്രതിമവരെ ഇവിടെ നിർമ്മിച്ചിരിക്കുന്നു. 

fake-architecture-coloseum-china

ഷെജിയാങ്ങ് പ്രവിശ്യയിലാണ് 354 അടി ഉയരത്തിൽ ചൈനയുടെ സ്വന്തം ഈഫൽ ഗോപുരം സ്ഥിതിചെയ്യുന്നത്. പാരീസിലെ വാസ്തുവിദ്യാ ശൈലി പിന്തുടർന്നാണ് ഗോപുരത്തിന്റെ സമീപപ്രദേശങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇതിനു പുറമേ പാരീസിലെ പ്രസിദ്ധമായ ലൂവർ  പിരമിഡും ചൈനയിലുണ്ട്.

സിഡ്നിയിലെ ഒപ്പേറ ഹൗസും ഹാർബർ ബ്രിഡ്ജറമാണ് ചൈനയിലെ മറ്റു രണ്ട് വിദേശ കാഴ്ചകൾ. അമേരിക്കയെയും ചൈന വെറുതെവിട്ടിട്ടില്ല. വൈറ്റ് ഹൗസ്, ലിങ്കൺ മെമ്മോറിയലിൽ, വാഷിംഗ്ടൺ, സ്മാരകം ക്യാപിറ്റോൾ ബിൽഡിങ് എന്നിവയുടെയെല്ലാം കൃത്രിമ പതിപ്പ് ചൈനക്കാർ നിർമ്മിച്ചിട്ടുണ്ട്. 

fake-architecture-china-pyramid

ഇതുകൊണ്ടൊന്നും തീർന്നിട്ടില്ല. ഗിസയിലെ ഗ്രേറ്റ് സ്ഫിങ്ക്സ് പ്രതിമ, ഷാങ്ങ്ഹായിൽ നിർമ്മിച്ചിരിക്കുന്ന ഇറ്റലിയിലെ പിസ ഗോപുരത്തിന്റെ പതിപ്പ്, വിദേശരാജ്യങ്ങളുടെ വാസ്തുവിദ്യാശൈലി അതേപടി പിൻതുടർന്നു നിർമ്മിച്ചിരിക്കുന്ന ഗ്രാമങ്ങൾ എന്നിങ്ങനെ ഡ്യൂപ്ലിക്കേറ്റ് കെട്ടിടങ്ങളുടെ പട്ടിക നീളും. സിഷ്വാൻ പ്രവിശ്യയിൽ നിർമ്മിക്കപ്പെടുന്ന ടൈറ്റാനിക് കപ്പലിന്റെ മാതൃകയാണ്  ഇവയിൽ ഏറ്റവും ഒടുവിലത്തേത്. വിദേശസഞ്ചാരികളെ ആകർഷിക്കാനായി ആരംഭിച്ച ചൈനീസ് ടൈറ്റാനിക്കിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും  മറ്റു രാജ്യങ്ങളുടെ വാസ്തുവിദ്യയിൽ  കെട്ടിടം നിർമിക്കുന്നതിന് നിലവിൽ ചൈനയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ മാതൃകകൾ അനുകരിക്കുന്നതും  വിചിത്ര രൂപത്തിൽ ഉള്ളതുമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനാണ് നിരോധനം. ഇപ്പോഴുള്ള  ഡ്യൂപ്ലിക്കേറ്റ് കെട്ടിടങ്ങളുടെ കാര്യത്തിൽ എന്താണ് തീരുമാനം എന്ന് വ്യക്തമല്ലെങ്കിലും പരിശോധനകൾ കർശനമായി ഉണ്ടാകുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ചൈനയുടെ തനത് വാസ്തുവിദ്യയും സംസ്കാരവും എടുത്തുകാണിക്കുന്ന തരം കെട്ടിടങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കം.

English Summary- Fake Architectural Monuments in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com