ബക്കിങ്ഹാം കൊട്ടാരത്തെക്കാൾ വലുപ്പം! പക്ഷേ വിധി ആൾപാർപ്പില്ലാതെ നശിക്കാൻ...
Mail This Article
ഒറ്റനോട്ടത്തിൽ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന വലുപ്പമുള്ള കൊട്ടാരം. കൃത്യമായി പറഞ്ഞാൽ ബക്കിങ്ഹാം കൊട്ടാരത്തെക്കാൾ വലുത്. ഇംഗ്ലണ്ടിലെ സസ്സക്സിലാണ് ഹാമിൽട്ടൺ പാലസ് എന്ന ഈ മഹാസൗധം ചെയ്യുന്നത്. എന്നാൽ ഇന്ന് ഈ കൊട്ടാരം അറിയപ്പെടുന്നത് പ്രേതഭവനം എന്നാണ്. ഇത്രയേറെ പ്രൗഢമായ കൊട്ടാരത്തിന് ഇങ്ങനെയൊരു പേര് വന്നതിന്റെ കാരണം എന്തെന്നല്ലേ? നിർമ്മാണം പൂർത്തിയാകാത്ത നിലയിൽ ആൾപ്പാർപ്പില്ലാതെ പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുകയാണ് 40 മില്യൻ പൗണ്ട് (371 കോടി രൂപ) മുടക്കി നിർമ്മിച്ച കൊട്ടാരം.
കുറ്റകൃത്യങ്ങൾകൊണ്ട് പേരെടുത്ത ഭൂപ്രഭുവായ നിക്കോളാസ് വാൻ ഹൂഗ്‌സ്സ്ട്രാറ്റൻ എന്ന ധനികന്റെ കൊട്ടാരമാണിത്. ഒരുകാലത്ത് 500 മില്യൻ പൗണ്ടിനു മുകളിൽ (ഇന്നത്തെ 4600 കോടി രൂപ) ആസ്തി ഉണ്ടായിരുന്ന നിക്കോളാസ് 1985ലാണ് ഈ വമ്പൻ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. തന്റെ കലാശേഖരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരിടം എന്ന നിലയിലായിരുന്നു നിർമ്മാണം.
1999 ൽ ബിസിനസിൽ തന്റെ എതിരാളിയായിരുന്നു മുഹമ്മദ് രാജ എന്ന വ്യക്തിയെ കൊലപ്പെടുത്തിയതിൽ കുറ്റവാളി എന്ന് കണ്ടെത്തിയതോടെയാണ് നിക്കോളാസിന്റെ പതനം. കേസിൽ നിക്കോളാസിന് പത്തു വർഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും പിന്നീട് റദ്ദാക്കി. മുഹമ്മദ് രാജയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആറു മില്യൺ പൗണ്ടും പിന്നീട് 1.5 മില്യൺ പൗണ്ടും കൈമാറണമെന്ന് കോടതിവിധി ഉണ്ടായെങ്കിലും ഇതുവരെ നൽകിയിട്ടില്ല. യുകെയിലെ തന്റെ ആസ്തികളെല്ലാം കൈവിട്ടു പോയെന്നും നിലവിൽ മക്കളുടെ കൈകളിലാണ് തന്റെ സമ്പാദ്യമെന്നുമാണ് നിക്കോളാസിന്റെ വാദം.
നിലവിൽ കമ്പികൾ എല്ലാം പുറത്തുകാണാവുന്ന നിലയിൽ നിർമ്മാണം പാതി ഉപേക്ഷിക്കപ്പെട്ടു തുടരുകയാണ് ഹാമിൽട്ടൺ പാലസ്. നിർമ്മാണത്തിന്റെ തുടക്കം മുതൽ തന്നെ പ്രദേശവാസികളുടെ എതിർപ്പ് നേരിട്ടിരുന്നു. റേസർ വയറുകളും പഴയ റഫ്രിജറേറ്ററുകളുംകൊണ്ട് പൊതുവഴി അടച്ചതായിരുന്നു അതിനുള്ള പ്രധാന കാരണം. നിർമ്മാണ സ്ഥലത്ത് എന്തൊക്കെയാണ് നടക്കുന്നത് എന്നോ കെട്ടിടത്തിനുള്ളിൽ എന്തൊക്കെയുണ്ടന്നോ കാണാനാവാത്ത വിധം മറച്ചുകെട്ടിയ നിലയിലാണ് ഇപ്പോഴും തുടരുന്നത്. കൊട്ടാരത്തിനു ചുറ്റുമുള്ള ഏക്കറുകണക്കിന് പ്രദേശം സ്വകാര്യ സ്ഥലമാണെന്ന സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മധ്യഭാഗത്തായി ഉയർന്ന ഗോപുരവും സ്വർണ്ണ താഴികകൂടങ്ങളുമെല്ലാം കൊണ്ട് സമ്പന്നമാണ് കൊട്ടാരം. നിർമ്മാണ സാമഗ്രികളിൽ പലതും കൊട്ടാരത്തിനുള്ളിൽതന്നെ അവശേഷിക്കുകയാണ്. ആർക്കും ഉപകാരമില്ലാതെ പ്രേതഭവനമായി തുടരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമെങ്കിലും വീടില്ലാത്തവർക്ക് താമസസൗകര്യമായി നൽകണമെന്ന് 2016ൽ പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലസതകൊണ്ട് ഭവനരഹിതരായി തീർന്നിരിക്കുന്ന ആളുകളാണ് പൊതുഖജനാവിന് ഏറ്റവും വലിയ ഭാരമായി തീരുന്നതെന്നും ഒരിക്കലും അവർക്ക് തങ്ങാനിടം ഒരുക്കില്ല എന്നുമായിരുന്നു നിക്കോളാസിന്റെ മറുപടി. കൊട്ടാരത്തിന്റെ പണികൾ തുടരുന്നുണ്ടെന്നും അതിനാലാണ് കണ്ടെയ്നറുകളും മറ്റുംകൊണ്ട് അകം കാണാനാവാത്ത വിധം മറച്ചിരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
പിന്നീട് കൊട്ടാരം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടും ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കെട്ടിടം തകരില്ല എന്നും 2000 വർഷം നിലനിൽക്കാനുള്ള ഉറപ്പോടെയാണ് നിർമ്മാണം നടത്തുന്നതെന്നുമാണ് നിക്കോളാസ് ഇതിനു നൽകിയ മറുപടി. നിലവിൽ നിക്കോളാസിന്റെ നാല് മക്കൾ ചേർന്ന് നടത്തുന്ന മെസിന ഇൻവെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റ ഉടമസ്ഥതയിലാണ് കെട്ടിടം.
English Summary- Hamilton Palace Dilapidated Building for a Reason; Architecture News