സ്വന്തം വീട്ടിൽ ഫാൻ, ലൈറ്റ് ഇത്യാദി സംഭവങ്ങളുണ്ടെന്ന് ഗർവ്വോടെ പറഞ്ഞിരുന്ന തലമുറയായിരുന്നു അറുപതുകളിലേത്. എഴുപതുകൾ വന്നപ്പോൾ അത് ടിവി, ഫ്രിഡ്ജ്, കാർ എന്നിങ്ങനെയായി. പുതിയ നൂറ്റാണ്ട് പൊട്ടി വിടർന്നപ്പോൾ മൊബൈൽ ഫോണും കംപ്യൂട്ടറുമൊക്കെയാണ് ആഡംബരത്തെ നിർണയിച്ചിരുന്നത്. ഇവയൊക്കെ പിന്നീട് സാധാരണക്കാരനും സ്വന്തമാക്കാനായി. നീന്തൽക്കുളങ്ങളുടെ ഒഴുക്കും ഇതേ വഴിക്കുതന്നെ. അതിസമ്പന്നരുടെ വീടുകളിൽ മാത്രം ഓളം വെട്ടിയ നീന്തൽക്കുളങ്ങൾക്ക് ആവശ്യക്കാർ തിരതള്ളുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.
പലവിധം, പല ഡിസൈൻ
ഉപയുക്തതയും ആകൃതിയും അനുസരിച്ച് പല വിഭാഗങ്ങളായി ഇവയെ തിരിച്ചിരിക്കുന്നു. മുഴുവനും വെള്ളം നിറച്ചവയെ ഓവർഫ്ലോ(overflow) പൂൾ എന്ന് പറയും. പൂൾ ഉപയോഗിക്കുമ്പോൾ പുറത്തേക്ക് തള്ളുന്ന വെള്ളത്തിനെ മറ്റൊരു ചാലിലൂടെ കടത്തിവിടുന്നു. ഈ വെള്ളം എത്തുന്നതൊരു സ്റ്റോറേജ് ടാങ്കിലാണ്. ഇവിടെ ഫിൽറ്റർ ചെയ്തശേഷം വെള്ളം തിരികെ പൂളിലേക്ക് വിടുന്നു.
സ്കിമ്മർ പൂളിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പൂളിന്റെ ഉയരത്തിനേക്കാൾ 20 സെന്റീമീറ്റർ താഴ്ചയിലാണ് വെള്ളം നിറയ്ക്കുക. 30 X 15 സെന്റീമീറ്റർ വീതിയുള്ള ബോക്സ് ആണ് സ്കിമ്മറുകൾ. ഇതിലൂടെ വലിച്ചെടുക്കപ്പെടുന്ന വെള്ളത്തിലെ മാലിന്യങ്ങൾ അരിപ്പയിലൂടെ വേർതിരിക്കപ്പെടുന്നു.
നീന്തൽക്കുളങ്ങളിലെ പഞ്ചനക്ഷത്രക്കാരനാണ് ഇൻഫിനിറ്റി പൂൾ. അറ്റം കാണാത്തൊരു ജലാശയത്തിൽ കിടക്കുന്ന അനുഭവമാണ് ഇവ സമ്മാനിക്കുക. ഡിസൈനിങ്ങിലെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെ തോന്നിപ്പിക്കുന്നത്. പൂളിന്റെ ഒരു വശം മാത്രം താഴ്ത്തി പണിയും. അതിലൂടെ വെള്ളം കവിഞ്ഞൊഴുകി മറ്റൊരു ചാലിൽ വീഴും. മറ്റ് മൂന്ന് വശങ്ങളും പുറത്തേക്ക് ചരിച്ച് പണിയും. മുഴുവനായി വെള്ളം നിറയ്ക്കുന്നതോടെ പൂളിന്റെ അതിരുകൾ കാണാത്ത പ്രതീതിയുണ്ടാകും.
എത്ര അളവിൽ ?
ആവശ്യത്തിനനുസരിച്ച് വിവിധ അളവുകളിലാണ് പൂൾ പണിയുക. നീന്തൽ മത്സരങ്ങൾക്കുള്ള പൂളിന്റെ ആഴം എല്ലായിടത്തും അഞ്ച് മീറ്ററാണ്. റെസിഡൻഷ്യൽ പൂളിൽ ആഴം കുറഞ്ഞ ഭാഗവും കൂടിയ ഭാഗവും ഉണ്ടാകും. ആഴം കുറഞ്ഞ സ്ഥലത്ത് 90 സെന്റീമീറ്ററും കൂടിയ സ്ഥലത്ത് 1.8 മീറ്ററും വേണം. എന്നാൽ കൂടുതൽ പേർ ഒരേ സമയം ഉപയോഗിക്കുന്ന പൂൾ ആണെങ്കിൽ മുഴുവൻ പൂളിലും 1.2 മീറ്ററാണ് നൽകി വരുന്നത്. ഇത്രയും ആഴത്തിൽ ഏഴ് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള കുളത്തിൽ 25,000 ലിറ്റർ വെള്ളം നിറയ്ക്കാം. ഇത്തരമൊരു പൂൾ പണിയാൻ 12 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. 1.2 മീറ്ററോ അതിലധികമോ ആഴമുള്ള പൂൾ ഉപയോഗിക്കു മ്പോൾ ലൈഫ് ഗാർഡിന്റെ സേവനം ഉണ്ടാവണമെന്ന നിയമം അടുത്തിടെ യാണ് നിലവിൽ വന്നത്. ഇതിനാൽ ഇപ്പോഴെല്ലാവരും 1.19 മീറ്റർ ആഴത്തിൽ പൂൾ നിർമിക്കാറാണ് പതിവ്.
പൂളിനു സ്ഥലം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും വീടിന് പുറത്ത് നിർമ്മിക്കുന്നതാണ് നല്ലത്. ഉള്ളിലാകുമ്പോൾ പരിപാലനത്തിന് ബുദ്ധിമുട്ടുകൾ നേരിടും. മുകൾ നിലയിൽ പൂൾ നൽകാൻ താൽപര്യപ്പെടുന്നവ രുണ്ട്. കോളം– ബീം ഘടനയുടെ ബലം ഉറപ്പാക്കിയിട്ടുമാത്രം ഈ പരീക്ഷണത്തിനു മുതിരുക.
നീന്തൽക്കുളത്തിനുള്ള കുഴി എടുത്തതിനുശേഷം തറയിൽ ഒന്നരയടി കനത്തിൽ കരിങ്കല്ല് പാകിയാണ് അടിത്തറ കെട്ടുക. അതിനുമുകളിൽ 20 സെന്റീമീറ്റർ കനത്തിൽ കമ്പി ഉപയോഗിക്കാതെയുള്ള കോൺക്രീറ്റിങ് (P.C.C) ചെയ്യും. അതിനും മുകളിലായി കമ്പി ഉപയോഗിച്ച് കോൺക്രീറ്റിങ് (R.C.C) ചെയ്യും 1:1:5:3 എന്ന അളവിലാണ് ഇത് ചെയ്യുക. നീന്തൽക്കുളത്തിന്റെ തറയും വശങ്ങളുമൊരുക്കാൻ വിവിധ സാമഗ്രികളുണ്ട്. പിവിസി ഷീറ്റ്, അപ്പോക്സി ഫിനിഷ് എന്നിവയാണ് അവയിൽ ചിലത്. എന്നാൽ കൂടുതൽപേരും ഇഷ്ടപ്പെടുന്നത് ഗ്ലാസ് മൊസൈക് ടൈൽ ഒട്ടിക്കാനാണ്. ആറ് മില്ലിമീറ്റർ കട്ടിയിൽ തേച്ചാണ് ഇവ ഒട്ടിക്കുക. ചതുരശ്രയടിക്ക് 65 രൂപയാണ് ചെലവ്. പുതിയതായി വിപണിയിലെത്തിയ ക്രിസ്റ്റൽ ഗ്ലാസ് ടൈലിനും ആവശ്യക്കാരേറെയാണ്. ചതുരശ്രയടിക്ക് 180 രൂപയാണ് വില.
വെള്ളം വൃത്തിയോടെ
നീന്തൽക്കുളത്തിലെ വെള്ളം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പല രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. ക്ലോറിൻ കലർത്തുക എന്നതാണ് പരമ്പരാഗത രീതി. എന്നാൽ അളവ് കൂടിപ്പോയാൽ ചർമത്തിനും കണ്ണിനും അലർജി ഉണ്ടാകാം. അൾട്രാ വയലറ്റ് ഫിൽറ്ററുകൾ പിടിപ്പിക്കുകയാണ് പുതിയ രീതി. കുളത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന ചാലിൽ അൾട്രാവയലറ്റ് രശ്മികൾ പുറപ്പെടുവിക്കുന്ന ലൈറ്റ് പിടിപ്പിക്കും. ഇവയുടെ വെളിച്ചവും ചൂടും ബാക്ടീരിയെയും പായലിനെയും നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
യുവിപിവിസി പൈപ്പ് കൊണ്ടുള്ള ചട്ടക്കൂടിലാണ് യുവി ലൈറ്റ് ഘടിപ്പിക്കുന്നത്. 50,000 മുതൽ 75,000 രൂപ വരെ വില വരുന്നതാണ് യുവി ഫിൽറ്റർ സംവിധാനം. സോൾട്ട് ക്ലോറിനേറ്റർ( Salt Chlorinator) സംവിധാനത്തിന്റെ പ്രധാന ഘടകം ഉപ്പാണ്. ഉപ്പ് ലായനിയിലൂടെ പ്രത്യേക അനുപാതത്തിലുള്ള വൈദ്യുതി കടത്തി വിടുമ്പോൾ ക്ലോറിൻ വേർതിരിഞ്ഞ് വെള്ളത്തിൽ കലരുന്ന പ്രക്രിയയാണിത്. എന്നാൽ കേരളത്തിലെ കാലാവസ്ഥയിൽ ഈ രീതി അത്ര ഫലപ്രദമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
വെള്ളത്തിലെ ഓക്സിജനെ വിഘടിപ്പിച്ച് ഓസോൺ ആക്കി മാറ്റുന്നതാണ് ഓസോണേറ്റർ സംവിധാനം. വെള്ളത്തിലെ അണുക്കളെ ഇല്ലായ്മ ചെയ്യാനുള്ള കഴിവ് ഓസോണിനുണ്ട്. പക്ഷേ, ഇവയും യുവി ഫിൽറ്ററിന്റെ യത്ര ഗുണം ചെയ്യില്ല. തുർച്ചയായ ഉപയോഗമുള്ള നീന്തൽക്കുളത്തിൽ യുവി ഫിൽറ്റർ തന്നെയാണ് അഭികാമ്യമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഫിൽറ്റർ സംവിധാനങ്ങൾ ഉണ്ടെങ്കിൽ വെള്ളം ഇടയ്ക്കിടെ മാറേണ്ട തലവേദനയും ഒഴിവാക്കാം.
പൂളിലും ട്രെൻഡ്
നീന്തൽക്കുളം എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം എന്ന കാര്യത്തിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പൂളിലേക്ക് മഴ പോലെ വെള്ളം പെയ്യിക്കുന്ന സംവിധാനം പല റിസോർട്ടുകളിലുമുണ്ട്. കൃത്രിമമായ തിരമാല സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രവണത. പൂളിനുള്ളിൽത്തന്നെ വാട്ടർ ഫൗണ്ടൻ സ്ഥാപിക്കുന്നതും പരീക്ഷണങ്ങളിൽ പെടുന്നു.
വിവരങ്ങൾക്ക് കടപ്പാട് :
സജിത്ത് ഉണ്ണി, ഇറ്റേണിറ്റി പൂൾസ്, തിരുവനന്തപുരം.
Email:info@eternitypools.com
ആൽബിൻ പോൾ, ആർക്കിടെക്ട്, ഡിഇ സ്റ്റുഡിയോ, എറണാകുളം.