രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടുംചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇടയ്ക്കു മഴയും കാറ്റുമൊക്കെ വന്നതോടെ എസി വിപണിയിൽ സ്പീഡ് അൽപം കുറഞ്ഞു. പക്ഷേ ചൂടു മാത്രമല്ല, ഒരു രക്ഷയുമില്ലാത്ത വായുമലിനീകരണവും ജനം നേരിടുന്ന പ്രശ്നമാണെന്നു തിരിച്ചറിഞ്ഞ് മൂല്യവർധന നടത്തി വിപണിയിൽ ചലനമുണ്ടാക്കുകയാണു പാനസോണിക്.
പാനസോണിക്കിന്റെ പ്രീമിയം എസി നിരയായ എയ്റോ സീരിസിൽ നാനോഇ സാങ്കേതികവിദ്യയാണ് ഇണക്കിച്ചേർത്തിരിക്കുന്നത്. മലിനീകരണം മൂലം വായുവിൽ തങ്ങിനിൽക്കുന്ന സൂക്ഷ്മകണങ്ങളെ ഇല്ലാതാക്കുകയോ നിർവീര്യമാക്കുകയോ ആണ് എസിയിൽനിന്നു പുറപ്പെടുവിക്കുന്ന നാനോഇ നെഗറ്റീവ് അയോണുകളുടെ ജോലി. തലതന്മാത്രകളിൽ ചാർജ് കൊടുത്തു സൃഷ്ടിക്കുന്ന നാനോഇ കണങ്ങൾ മുറിക്കുള്ളിലെ വായുവിലെ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെയും പ്രതലങ്ങളിലെ സൂക്ഷ്മകണങ്ങളെയും നശിപ്പിക്കാൻ കഴിവുള്ളവയാണെന്നു കമ്പനി അവകാശപ്പെടുന്നു.
രോഗാണുമുക്തമായ അന്തരീക്ഷമൊരുക്കാൻ എസി ഫാൻ ഓൺ ചെയ്യണമെന്നില്ല; ‘നാനോഇ–ജി’ പ്യൂരിഫയർ മാത്രം പ്രവർത്തിപ്പിക്കാം. തണുപ്പുകാലത്തു വായുവിൽ ഫംഗസ് പോലെയുള്ള കണങ്ങൾ കൂടാനിടയുള്ളതിനാൽ ‘ഓഫ്–സീസണി’ലും ഈ എസി ഗുണമേകും.
എയർഫ്ലോ കൂടുതൽ മികവുറ്റതാക്കാൻ എയർവിങ്സ് എന്ന ഇരട്ട–ബ്ലേഡ് സിസ്റ്റവും പുതിയ ശ്രേണിയിലുണ്ട്. പുറമെ കാണുന്ന ബ്ലേഡിനുള്ളിൽ ക്രമീകരിച്ചിട്ടുള്ള ബ്ലേഡിന്റെ ചലനം വായുപ്രവാഹം മേൽക്കൂര മുതൽ താഴേക്ക് പൂർണമായും തണുപ്പിക്കുന്ന രീതിയിലാക്കുമെന്നു കമ്പനി വിശദീകരിക്കുന്നു. അതിവേഗവും പൂർണവുമായ കൂളിങ്ങാണ് ഇതിന്റെ ഫലം.
ഉയർന്ന ഊർജസംരക്ഷണശേഷിക്ക് 5–സ്റ്റാർ റേറ്റിങ് ഉള്ള ഇൻവെർട്ടർ എസികളാണിത്. 0.8ടൺ, 1 ടൺ. 1.5 ടൺ, 2 ടൺ കപ്പാസിറ്റികളിൽ ലഭിക്കുന്ന എയ്റോ സീരീസ് എസിയുടെ വില 39,000 രൂപ മുതൽ 72,000 രൂപ വരെയാണ്.