sections
MORE

ഫുട്‍ബോൾ ലഹരി, ഗോളടിച്ച് പ്രൊജക്ടർ വിപണി!

tv-market
SHARE

ഒന്നു റഷ്യയിൽ പോയാൽ കൊള്ളാമെന്നുണ്ട്, പലർക്കും. എവിടെ നടക്കാൻ. നടപ്പുള്ളത് ആഘോഷമായി വീട്ടിലും ക്ലബിലും പറമ്പിലുമൊക്കെയിരുന്ന് കളികാണുക തന്നെ. കളിയുടെ ലഹരി തലയ്ക്കടിക്കണമെങ്കിൽ ബിഗ്സ്ക്രീൻ തന്നെ വേണം. ടെലിവിഷന്റെ 32ഉം 50 ഇഞ്ചുമൊന്നും പോരാ. 130ഉം 200 ഉം ഇഞ്ച് സ്ക്രീനിൽ സ്റ്റേഡിയം അങ്ങനെ തന്നെ വീട്ടിലേക്ക് ഇറങ്ങിവരികയാണ്. ടെലിവിഷനെക്കാൾ കുറഞ്ഞ വിലയിൽ എൽഇഡി പ്രൊജക്ടറുകൾ കിട്ടുമെന്നായതോടെ ഈ ലോകകപ്പിൽ ഗോളടിക്കുകയാണ് പ്രൊജക്ടർ വിപണി. താങ്ങാനാകാത്ത വിലകാരണം സാധാരണ കുടുംബങ്ങൾ അകറ്റിനിർത്തിയിരുന്ന പ്രൊജക്ടറുകൾക്ക് ലോകകപ്പിനോടനുബന്ധിച്ച് വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. വിലയും പരിപാലനച്ചെലവും കുത്തനെ താഴേയ്ക്കു പോന്നതാണ് കാരണം. ലോകകപ്പ് കഴിഞ്ഞാലും വലിയ സ്ക്രീനിൽ സിനിമയോ സീരിയലോ കാണുകയും ചെയ്യാം. 

വീട്ടിലും പറമ്പിലും ബിഗ് സ്ക്രീൻ

Lionel Messi

വീടുകൾക്കു പുറമേ, റസിഡന്റ് അസോസിയേഷനുകൾ, ക്ലബുകൾ, പ്രാദേശിക കൂട്ടായ്മ തുടങ്ങിയവയെല്ലാം ഇത്തവണ ചെറിയ മുതൽമുടക്കിലുള്ള പ്രൊജക്ടറുകൾ‌ വാങ്ങി കാൽപ്പന്തു സായാഹ്നങ്ങൾക്കു പൊലിമ കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പ് ബിഗ് സ്ക്രീനിൽ കാണിക്കാൻ പ്രതിദിനം 850രൂപയെന്ന ഭാരിച്ച തുകയ്ക്കാണ് പ്രൊജക്ടർ വാടകയ്ക്ക് എടുത്തതെന്നു പറയുന്നു തേവയ്ക്കൽ ചിത്രം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗം വിനീത് രാജൻ. എന്നാൽ ഇത്തവണ 28000 രൂപയ്ക്ക് മാസതവണ വ്യവസ്ഥയിൽ പ്രൊജക്ടർ വാങ്ങുകയാണ് ചെയ്തത്. ഓരോ മാസത്തെയും അടവ് ക്ലബ്ബിലെ ഓരോ ഈരണ്ട് അംഗങ്ങൾവീതം ചേർന്ന് അടയ്ക്കും.  മഴയായതിനാൽ പന്തൽ ഒരുക്കിയാണ് പ്രദർശനം. ലോകകപ്പ് കഴിഞ്ഞാലും ഐഎസ്എൽ, ഐപിഎൽ കായിക മാമാങ്കങ്ങളും പൊതുവേദിയിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ലബുകൾ. പുതിയ വീടു പണിത ശേഷം ആദ്യമായെത്തിയ ലോകകപ്പിനെ വരവേൽക്കാൻ 50 ഇഞ്ച് സ്ക്രീൻ ടെലിവിഷൻ വാങ്ങാൻ ഇരുന്നതാണ് എളമക്കര സ്വദേശി മഹേഷ് മാനസും കുടുംബവും. എന്നാൽ അതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് 200 ഇഞ്ച് വരെ വലുപ്പത്തിൽ കാണാവുന്ന പ്രൊജക്ടർ കിട്ടുമെന്നറിഞ്ഞതോടെ തീരുമാനം മാറ്റി. 18000 രൂപയ്ക്കു ലഭിച്ച പ്രൊജക്ടറുമായി, വീടിന്റെ രണ്ടാംനിലയിലാണ് കുടുംബസമേതം ലോകകപ്പിന്റെ ആവേശം നിറയ്ക്കുന്നത്.  

പ്രശ്നമല്ല സ്ഥലപരിമിധി

x-default

6000 മുതൽ രണ്ടു ലക്ഷം രൂപയ്ക്കു വരെ മുകളിൽ വിലയുള്ള പ്രൊജക്ടറുകൾ ലഭ്യമാണ്. സോണി, എപ്സൺ, ബെൻക്യു, ഇഗേറ്റ്, പാനസോണിക് തുടങ്ങിയ ബ്രാൻഡുകളാണ് മുൻനിരയിൽ.  ഫുട്ബോൾ സീസണോട് അനുബന്ധിച്ച് 30000 രൂപയ്ക്കു താഴെ വിലയുള്ള പ്രൊജക്ടറുകളാണ് ഓൺലൈനിലൂടെ അധികവും വിറ്റുപോകുന്നത്. മികച്ച ശബ്ദ വിന്യാസവും സ്ക്രീനും അടക്കം പരിപൂർണമായ ഹോം തീയറ്റർ സജ്ജീകരിക്കുന്ന ട്രെൻഡിൽനിന്നു ടിവിയോ ഡിവിഡി പ്ലെയറോ പോലെ ലിവിങ് റൂമിൽ വെറുതെ വയ്ക്കാവുന്ന ഉപകരണമായി മാറുകയാണ് പ്രൊജക്ടറും. പ്രത്യേക പരിഗണന വേണ്ട; ലൈറ്റ് വെയിറ്റ് ആണ്, ആവശ്യമുള്ളപ്പോൾ എടുത്ത് ഉപയോഗിക്കുക. സ്ക്രീനിൽനിന്ന് അര മീറ്റർ ദൂരത്തിൽവച്ചുകൊണ്ടു(short throw) പോലും മികച്ച വലിപ്പത്തിൽ ദൃശ്യം കാണാവുന്ന പ്രൊജക്ടറുകളാണ് വിപണിയിലുള്ളത്. അതിനാൽ എത്ര ചെറിയ മുറിയിൽ ഇരുന്നും വലിയ ദൃശ്യങ്ങൾ ആസ്വദിക്കാം. പ്രത്യേക സ്ക്രീനും ആവശ്യമില്ല. വീടിന്റെ ചുമരിൽ തന്നെ മിഴിവോടെ ദൃശ്യങ്ങൾ കാണാം. ബ്ലൂടൂത്ത്, വൈഫൈ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് സ്പീക്കർ, പെൻഡ്രൈവ്, ക്രോംകാസ്റ്റ്, മൊബൈൽഫോൺ, സെറ്റ്ടോപ്ബോക്സ് എന്നിവയുമായി ബന്ധിപ്പിക്കലും എളുപ്പമാണ്.  ഒട്ടുമിക്ക എല്ലാ ഫയൽ ഫോർമാറ്റുകളും നേരിട്ടുതന്നെ ഇപ്പോഴത്തെ പ്രൊജക്ടറുകൾ റീഡ് ചെയ്യും. പല പ്രൊജക്ടറുകൾക്കും ഇൻബിൽറ്റ് സ്പീക്കറുമുണ്ട്. ചില പുതുതലമുറ വീടുകളുടെ ലിവിങ് റൂമിൽ പ്രൊജക്ടർ ദൃശ്യങ്ങൾ കാണുന്നതിനു പനോരമിക് ആകൃതിയിൽ പ്രത്യേക പെയിന്റ് അടിക്കുന്നതും പതിവായിട്ടുണ്ട്. സ്ക്രീൻ എന്ന ഏച്ചുകെട്ടൽ ഒഴിവാക്കാമെന്നതു തന്നെ മെച്ചം.

ഏതു പ്രൊജക്ടർ വേണം?

wood-house-home-theatre

ഡിഎല്‍പി(ഡിജിറ്റൽ ലൈറ്റ് പ്രോസസിങ്) സാങ്കേതിക വിദ്യയുമായി എല്‍ഇഡി പ്രൊജക്ടറുകള്‍ വിപണിയിലെത്തിയതോടെയാണു സാധാരണക്കാര്‍ക്കും ബിഗ് സ്ക്രീന്‍ പ്രാപ്യമായിത്തുടങ്ങിയത്. ഫുൾ എച്ച്ഡിയോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ഇത് ഉപയോഗിച്ചു കാണാൻ കഴിയും. ബൾബിന്റെ ആയുസും വർധിച്ചിട്ടുണ്ട്.  എൽസിഡിയേക്കാൾ മിഴിവോടെ നിറങ്ങളെ സ്ക്രീനിലെത്തിക്കാൻ കഴിയുമെന്നതാണ് എൽഇഡി ഡിഎൽപി പ്രൊജക്ടറുകളുടെ മെച്ചം. എന്നാൽ പ്രദർശന മുറിയിൽ സൂര്യപ്രകാശം കടന്നുവന്നാൽ പോലും മികച്ച ബ്രൈറ്റ്നസ് കിട്ടണമെങ്കിൽ എൽസിഡി പ്രൊജക്ടറുകൾ തന്നെയാണ് ആശ്രയം. ഇവയ്ക്ക് ഇപ്പോഴും ഉയർന്ന വില തന്നെയാണ്.   1280*800 പിക്സലോട് കൂടിയവയാണ് ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രൊജക്ടറുകൾ. കൂടിയ പിക്സലുകൾക്ക് കൂടുതൽ തുക നൽകണം.  സ്ക്രീനിൽ നൽകുന്ന തെളിമയായ ലൂമെൻസ് നോക്കി വേണം പ്രൊജക്ടർ തിരഞ്ഞെടുക്കാൻ. 30000 രൂപയ്ക്കു താഴെ, മികച്ച തെളിമ നൽകുന്ന 3000–3600 ലൂമെൻസ് പ്രൊജക്ടറുകൾ ലഭ്യമാണ്. 20000 രൂപയ്ക്കു താഴെയാണ് ബഡ്ജറ്റെങ്കിൽ ലൂമെൻസും അതിനനുസരിച്ചു കുറയും. 

കാശ് അൽപം മുടക്കിയാൽ എച്ച്ഡി മുതൽ 4കെ അൾട്രാ എച്ച്ഡി പ്രൊജക്ടറുകൾ വരെ ലഭ്യം. ത്രീഡി അനുഭവം ലഭ്യമാക്കുന്ന പ്രൊജക്ടറുകളും വിപണിയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA