സ്വപ്നഭവനം നിർമിക്കുമ്പോൾ ഹോം തിയറ്ററും ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്കു കണ്ണോടിക്കാം. ഹോം തിയറ്റർ സജ്ജീകരിക്കുമ്പോൾ സാങ്കേതികമായും സാമ്പത്തികമായും ചില വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഹോം തിയറ്റർ നിർമാണവുമായി ബന്ധപ്പെട്ട് ആദ്യ പരിഗണന മുറിക്കുതന്നെ നൽകണം. ദീർഘചതുരാകൃതിയിലുള്ള മുറികൾ ശബ്ദഗതിയിൽ അസാധാരണത്വം ഉളവാക്കുന്നവയാണ്. കൂടാതെ സ്ക്രീൻ പ്രധാന സ്പീക്കറോടടുത്തു മുറിയിലെ ചെറിയ ഭിത്തിയിൽ ഘടിപ്പിക്കാൻ ശ്രദ്ധിക്കുക.
ഹോം തിയറ്ററിനായി തിരഞ്ഞെടുക്കുന്ന മുറിക്കു ജനലുകൾ നൽകേണ്ട ആവശ്യമില്ല. ജനലുകൾ തിയറ്ററിലെ ശബ്ദത്തെ പ്രതിധ്വനിപ്പിക്കുന്നവയും സ്ക്രീനിലേക്ക് പ്രകാശത്തെ കടത്തിവിട്ട് കാഴ്ചയ്ക്കു തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇത് പരിഹരിക്കാൻ അധിക ചെലവുകൾ വേണ്ടിവരും. മുട്ട സൂക്ഷിക്കുന്ന കാർട്ടണുകളാണ് ശബ്ദ നിയന്ത്രണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പമാർഗം.
സാദാ ഭിത്തികള്‍ ശബ്ദനിയന്ത്രണത്തിനു യോജിക്കുന്നവയാണെങ്കിലും ഭിത്തികളിൽ തടിപ്പാളികൾ ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് ധാരാളമായി വരുന്ന ഫ്രീ സ്പെയ്സ് ഒഴിവാക്കണം. അല്ലാത്ത പക്ഷം ഹോം തിയറ്ററിനായി പ്രത്യേകം തയാറാക്കപ്പെട്ടിരിക്കുന്ന സൗണ്ട് അബ്സോർബ്ഷൻ പാനലുകൾ ഉപയോഗിക്കാവുന്നതാണ്. ഹോം തിയറ്റർ അനുഭവേദ്യമാക്കുന്നതിൽ പ്രധാന പങ്ക് ശബ്ദത്തിനാണ്. സ്പീക്കറുകളുടെ ടെക്നോളജിയിലുണ്ടായ പുരോഗതിയും പ്രമുഖ സ്പീക്കർ നിർമാണ കമ്പനികളുടെ കിടമത്സരവും ഗുണമേന്മയുള്ള സ്പീക്കറുകൾ ലഭ്യമാകാൻ സഹായിക്കുന്നു.
സാധാരണ ഒരു ഹോം തിയറ്റർ ക്രമീകരിക്കാൻ 5.1 സൗണ്ട് സ്പീക്കറാണ് ഉപയോഗിക്കുന്നതെങ്കില്‍ മൂന്നു സ്പീക്കറുകളും വൂഫറും റൂമിന്റെ മുൻഭാഗത്തായി ക്രമീകരിക്കുക. മറ്റു രണ്ടു സ്പീക്കറുകൾ നിങ്ങൾ ഇരിക്കുന്നതിന്റെ ഇരുവശങ്ങളിലുമായി ക്രമീകരിക്കണം. ഭിത്തികളിൽ 20 ഇഞ്ചെങ്കിലും മാറ്റി വേണം സ്പീക്കറുകൾ സ്ഥാപിക്കാൻ.
തിയറ്ററുകളിൽ സ്ഥാപിക്കുന്ന കസേരകൾ എല്ലാംതന്നെ ഒപ്റ്റിമം വ്യൂ ആംഗിൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കസേരകൾ കൃത്യമായ അകലം പാലിച്ച് സ്ഥാപിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് അറുപത് ഇഞ്ച് സ്ക്രീൻ ഉള്ള തിയറ്ററില്‍ നിങ്ങൾ 7.5 അടി അകലം പാലിച്ചേ ഇരിപ്പിടങ്ങൾ സ്ഥാപിക്കാവൂ. 60000 രൂപ മുതൽ 15 ലക്ഷം രൂപയോ അതിലധികമോ ഹോം തിയറ്റർ നിർമാണവുമായി ബന്ധപ്പെട്ട് ചെലവ് പ്രതീക്ഷിക്കാം.