വാതിലുകൾക്കും നൽകാം കലക്കൻ നിറങ്ങൾ!

വീടിന്റെ വലുപ്പത്തിലും കൺസ്ട്രക്ഷൻ സ്റ്റൈലിലും മാത്രമല്ല കാര്യം, ലക്ഷങ്ങൾ മുടക്കി പണിത വീടിനു ചേരുന്ന നിറത്തിലുള്ള പെയിന്റ് അല്ല അടിച്ചത് എങ്കിൽ സംഗതി ബോറാകും എന്നുറപ്പ്. അതുപോലെ തന്നെ പ്രധാനമാണ് മുൻവാതിലുകളുടെ നിറവും. വ്യക്തി താൽപര്യങ്ങൾക്ക് ഒപ്പം കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള നിറങ്ങൾ വേണം തെരഞ്ഞെടുക്കേണ്ടത്. വെള്ള, നീല, ഇളം മഞ്ഞ തുടങ്ങിയ നിറങ്ങളായിരുന്നു പണ്ട് കാലത്ത് ട്രെൻഡ്. എന്നാൽ പിന്നീട് ഈ നിറങ്ങൾ കടുംനിറങ്ങൾക്ക് വഴിമാറി.

പിന്നീട് വീടുകൾക്കു കടുംമഞ്ഞ, ഓറഞ്ച്, കടുംനീല, ചുവപ്പ് തുടങ്ങിയ നിറങ്ങൾ ഒരിടയ്ക്ക് ട്രെൻഡ് ആയിരുന്നു. ആ സമയത്തും വാതിലുകൾക്ക് മേൽപ്പറഞ്ഞ നിറങ്ങൾ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ അവസ്ഥ മാറി. പകരം, വിദേശത്ത് വ്യാപകമായി ഉപയോഗിക്കുന്ന നിറങ്ങളോടാണ് ഇപ്പോൾ ആളുകൾക്ക് പ്രിയം. ഇവയിൽ ഏറെയും ഇളംനിറങ്ങൾ തന്നെ. നീലയുടെയും പച്ചയുടെയും വകഭേദങ്ങൾ ആണ് ഏറെപ്പേരും ഇപ്പോൾ സ്വീകരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിന്റെ മോടി കൂട്ടാൻ ആഗോളതലത്തിൽ ട്രെൻഡിംഗ് ആയ 6 നിറങ്ങൾ ഇവയാണ്.

അക്വാ

നീലയും പച്ചയും ചേർന്ന ഒരു ഇളം നിറമാണ് അക്വാ. കോട്ടേജുകൾ, മോഡേൺ സ്റ്റൈലിൽ ഉള്ള വീടുകൾ എന്നിവയ്ക്കാണ് ഈ നിറം കൂടുതൽ യോജിക്കുന്നത്. വാതിലിനു ഈ നിറം നൽകുന്നത് ആകർഷണീയത വർധിപ്പിക്കുന്നു. വെള്ള നിറത്തിലുള്ള പെയിന്റ് അടിച്ച ഭിത്തികളാണ് അക്വാ നിറത്തിലുള്ള വാതിലുകൾക്ക് ചേരുന്നത്.

മിന്റ് ഗ്രീൻ

പച്ച നിറത്തിൽ ഒരു വാതിൽ, അതും സാധാരണ പച്ചയല്ല മിന്റ് ഗ്രീൻ എന്ന ഇളം പച്ച. കടുംനിറങ്ങളിലിൽ ഉള്ള ഭിത്തികൾക്കൊപ്പം വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ബോർഡർ നൽകിയ ശേഷമാണ് മിന്റ് ഗ്രീൻ നിറത്തിൽ വാതിലുകൾ ഒരുക്കുന്നത്.

പർപ്പിൾ

അധികമാരും ഉപയോഗിച്ചിട്ടില്ലാത്ത നിറമാണ് ഇത്. മുന്തിരിയുടെ നിറം എന്ന് ആദ്യനോട്ടത്തിൽ തോന്നും. വളരെ കൂൾ ആയ നിറമാണ് ഇത്. അതായത് വീട്ടിൽ സന്തോഷം നിറയ്ക്കുന്ന ഒരു നിറം. മൂഡ് ഓഫ് ആയിരിക്കുന്ന ആളുകളെ എളുപ്പത്തിൽ പ്രസന്നരാക്കാൻ ഇതിനു കഴിയുന്നു.

കടും പച്ച

ഫ്രഷ് ഗ്രീൻ ലുക്ക് എന്നാണ് കടുംപച്ച നിറമുള്ള വാതിലുകളെ വിശേഷിപ്പിക്കുന്നത്. വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ഭിത്തികൾക്കൊപ്പമാണ് കടുംപച്ച വാതിലുകൾ ചേരുന്നത്. വാതിലുകൾക്ക് സമാനമായി തന്നെ ജനൽപാളികളും പെയിന്റ് ചെയ്താലേ ഈ നിറത്തിന് ഒരു പൂർണത കൈവരൂ.

നീല

കടല് പോലെ വിശാലമായ, ഒരുപാട് ആഴമുള്ള അർത്ഥതലങ്ങളുള്ള നീല വാതിലുകൾ വീടുകൾക്ക് മോടികൂട്ടുന്നു. ആദ്യമാദ്യം ജനലുകൾക്ക് മാത്രമാണ് ഈ നിറം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ വാതിലുകളും നീല നിറങ്ങൾ അംഗീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നാണ് ഈ ട്രെൻഡ് നമ്മുടെ നാട്ടിലേക്ക് എത്തുന്നത്.

മഞ്ഞ

മനസ്സ് കലങ്ങി മറിഞ്ഞ അവസ്ഥയിൽ അല്പം സ്വസ്ഥത നൽകാൻ കഴിയുന്ന നിറമാണ് മഞ്ഞ. അപ്പോൾ ഒരു വീടിന്റെ പ്രധാന വാതിലിനു ആ നിറം നൽകുന്നത് വീട്ടിൽ എന്നും പ്രസന്നമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിന് സഹായിക്കുന്നു. വെള്ള , പച്ച തുടങ്ങിയ നിറങ്ങളിലുള്ള ഭിത്തികളാണ് മഞ്ഞ നിറമുള്ള വാതിലുകൾക്ക് യോജിച്ചത്.