പാദം നന്നായാൽ പാതി നന്നായി എന്നു മനുഷ്യന്റെ സൗന്ദര്യത്തെക്കുറിച്ചു പറയുന്ന പോലെയാണ് വീടിന്റെ കാര്യത്തിൽ ഫ്ലോറിങ്. തറ നന്നായാൽ അറിയാം വീടിന്റെ ഭംഗി എന്തെന്ന്. അതിനാൽത്തന്നെ ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടക്കുന്നതും ഫ്ലോറിങ്ങിൽ തന്നെയാണ്. ബഹുഭൂരിപക്ഷവും ഇന്ന് ഫ്ലോറിങ് നടത്തുന്നതിനായി ടൈലുകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ ടൈലുകളിൽ എന്നും പുതുമ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണു നിർമാതാക്കൾ.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ടൈലുകൾക്കു വിട്രിഫൈഡ്, സെമി വിട്രിഫൈഡ് എന്നിങ്ങനെ രണ്ടു തരം തിരിവുകൾ മാത്രമാണുള്ളത്. എന്നാൽ അതിനപ്പുറത്തേക്കും ഒരുപാടു കാര്യങ്ങളുണ്ട്. ഒരു വീടു നിർമിക്കുമ്പോൾ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഫ്ലോറിങ്. പലപ്പോഴും അറിവില്ലായ്മ മൂലം വൻതുക ഫ്ലോറിങ്ങിനായി ചെലവിട്ട് സംതൃപ്തി ലഭിക്കാത്തവർ അനവധിയാണ്. ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന ടൈലിന്റെ ഗുണനിലവാരം മാത്രം നോക്കിയാൽ ഇന്റീരിയർ സുന്ദരമാകില്ല. മുറിയുടെ വലുപ്പം, വെളിച്ചം കടക്കുന്നതിനുള്ള സൗകര്യങ്ങൾ, മുറിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ടൈലുകൾ തിരഞ്ഞെടുക്കേണ്ടത്. ആധുനിക ഡിസൈൻ തീമുകൾക്കനുസൃതമായി മാർബിൾ, വുഡ്, ടൈൽ തുടങ്ങി പല മെറ്റീരിയലുകളും ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. ഏത് തീം വേണമെങ്കിലും ടൈലുകളിൽ സെറ്റ് ചെയ്യാൻ സാധിക്കും എന്നതും എളുപ്പത്തിൽ ജോലി പൂർത്തിയാക്കാൻ കഴിയും എന്നതുമാണ് മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ ഫ്ലോറിങ് മെറ്റീരിയലുകളിൽനിന്നും ടൈലുകളെ പ്രിയപ്പെട്ടതാക്കുന്നത്.

ടൈലുകൾ പലവിധം

ഫ്ലോറിങ്ങിനായി ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ ഗുണനിലവാരം തന്നെയാണ്. സാധാരണക്കാരന്റെ കീശ ചോരാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്  വിട്രിഫൈഡ് ടൈലുകൾ. എളുപ്പത്തിൽ ഫ്ലോറിങ് പൂർത്തിയാക്കാൻ ഇതു സഹായിക്കും. പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളും അൺ പോളിഷ്ഡ് വിട്രിഫൈഡ് ടൈലുകളും ഇന്നു വിപണിയിൽ ലഭ്യമാണ്. ഏതു നിറത്തിലും വലുപ്പത്തിലും ഇതു ലഭ്യമാണ്.

ഗ്ലെയ്‌സ്ഡ് വിട്രിഫൈഡ് ടൈൽ

ആകർ‍ഷകമായ നിറങ്ങളിലുള്ള തിളക്കമേറിയ ടൈലുകളാണ് ഗ്ലെയ്‌സ്ഡ് വിട്രിഫൈഡ് ടൈലുകൾ. ഇത് സാധാരണയായി ഹാളുകൾ, ഡൈനിങ് റൂം എന്നിവയ്ക്കായി ഉപയോഗിച്ചുവരുന്നു. തിളക്കവും മിനുസവും കൂടുതലാണ് എന്നതിനാൽ തന്നെ വെള്ളം വീണാൽ തെന്നിവീഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരു കാലത്ത് ഒട്ടേറെ ആവശ്യക്കാർ ഉണ്ടായിരുന്ന ഗ്ലെയ്‌സ്ഡ് വിട്രിഫൈഡ് ടൈൽ ഇപ്പോൾ വളരെ സിലക്റ്റഡ് ആയ വിഭാഗം ജനങ്ങളാണ് ഇഷ്ടപ്പെടുന്നത്. ഇതിന്റെ ഭംഗി തള്ളിക്കളയാനാവില്ല.

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽ

ഇപ്പോൾ എവിടെയും മാറ്റ് ഫിനിഷ്ഡ് ആയിട്ടുള്ള ഉൽപന്നങ്ങളാണല്ലോ താരം. അതിപ്പോൾ വണ്ടികളിൽ ആണെങ്കിലും അടുക്കളപ്പാത്രങ്ങളിൽ ആണെങ്കിലും ശരി. എങ്കിൽ പിന്നെ ഫ്ലോറിൽ മാത്രമായിട്ട് മാറ്റിനോടുള്ള ഇഷ്ടം കുറയ്ക്കേണ്ട കാര്യമുണ്ടോ? തിളക്കമധികമില്ലാത്ത എന്നാൽ ആകർ‍ഷണീയമായ നിറങ്ങളിലുള്ളവയാണ് മാറ്റ് ഫിനിഷ്ഡ് ടൈലുകൾ. കണ്ണാടിപോലെ മിന്നുന്ന തറ എന്ന സങ്കൽപം പഴയതായ അവസരത്തിലാണ് മാറ്റ് ഫിനിഷ്ഡ് ഫ്ലോറുകൾക്ക് ആവശ്യക്കാർ വർധിച്ചിരിക്കുന്നത്. ഒരടി മുതൽ നാലടി വരെ വലുപ്പത്തിൽ ഈ ടൈലുകൾ ലഭ്യമാണ്.

ഡിജിറ്റലൈസ്ഡ് വിട്രിഫൈഡ് ടൈൽ

ടൈലുകളിൽ ഏറ്റവും വേഗത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ട്രെൻഡ് ആണ് ഡിജിറ്റലൈസ്ഡ് വിട്രിഫൈഡ് ടൈലുകൾ. ഇത് ഫോട്ടോ പ്രിന്റഡ് ടൈലുകളാണ്. ഗ്ലാസ് കോട്ടഡ് ഡിജിറ്റൽ ടൈൽ, മൈക്രോ ക്രിസ്റ്റൽ ടൈൽ, ഹൈ റെസലൂഷൻ പ്രിന്റഡ് ടൈൽ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങൾ ഇതിലുമുണ്ട്. സ്വീകരണമുറിക്കു മാറ്റുകൂട്ടാനും പൂജാമുറിയിൽ വയ്ക്കാനുമൊക്കെയായി ഇത് ഉപയോഗിക്കുന്നു. കുട്ടികളുടെ മുറിയിൽ കാർട്ടൂൺ കഥാപാത്രങ്ങളെയും പക്ഷിമൃഗാദികളെയുമെല്ലാം ഇത്തരത്തിൽ പ്രിന്റഡ് ടൈലുകളായി ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നു. അൽപം ചെലവേറിയ രീതിയാണ് ഇതെന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എന്നിരുന്നാലും ഇതിന് ആവശ്യക്കാർ അനവധിയാണ്.

ഡിസൈനർ ടൈലുകൾ

കുറച്ചുകാലം മുൻപുവരെ പ്ലെയിൻ ടൈലുകൾക്കായിരുന്നു പ്രിയം. എന്നാൽ പിന്നീട് ഡിസൈനർ ടൈലുകളിലേക്കു താൽപര്യം ചുവടുമാറി. സാധാരണ സ്‌മരിക് ടൈലുകൾ മടുത്തവർ വീടിനകത്തു പ്രകൃതിദത്തമായ തണുപ്പ് നൽകുന്ന ടെറാക്കോട്ട ടൈലുകളിലേക്കു തിരിഞ്ഞു. എന്നാൽ കളിമണ്ണിന്റെ ദൗർലഭ്യം മൂലം ടെറാകോട്ട ടൈലുകൾ കുറഞ്ഞതോടെ സമാനരീതിയിലുള്ള സിറാമിക് ടൈലുകളിലേക്കായി ശ്രദ്ധ. കാഴ്ചയിൽ ടെറാകോട്ട ടൈൽ, എന്നാൽ സംഭവം തനി സിറാമിക്. പല ഡിസൈനുകളിലും ഇതു ലഭ്യമാണ്. ട്രെഡീഷണൽ ലുക്കിൽ വീടുകൾ നിർമിക്കാൻ താൽപര്യമുള്ളവർക്ക് ഇത് ഉപയോഗിക്കാം. ചെട്ടിനാട്ട് നിർമിക്കപ്പെടുന്ന ഇത്തരം ടൈലുകൾക്കു വില വളരെ കുറവാണ്. കളർഫുൾ ഡിസൈനുകളിൽ വീടിന്റെ അകത്തളങ്ങൾ ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴി തിരഞ്ഞെടുക്കാവുന്നതാണ്.

ഏതു നിറം വേണം?

ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും വീഴ്ച പറ്റുന്നത് തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ കാര്യത്തിലാണ്. പൊതുവേ വെളിച്ചം കുറവുള്ള മുറിയാണെങ്കിൽ ഇളം നിറത്തിലുള്ള ടൈലുകളാണു നല്ലത്. ഫർണിച്ചറുകൾ അധികമുള്ള മുറികൾക്കും ഇളം നിറം തന്നെയാണു ചേരുക. സ്വീകരണമുറി, ഡൈനിങ് എന്നിവയ്ക്ക് ഇളം നിറങ്ങൾ മാറ്റു വർധിപ്പിക്കും. ഇളം നിറത്തിലുള്ള ടൈലുകൾ പിടിപ്പിച്ചാൽ മുറികൾക്കു വലുപ്പക്കൂടുതൽ തോന്നും എന്നതാണ് മറ്റൊരു പ്രത്യേകത. ഗോൾഡൻ, കോപ്പർ, ബ്ലാക്ക്, ഐവറി തുടങ്ങിയ ക്ലാസിക് ഷേഡുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ.

ഒപ്പം ഇറ്റാലിയൻ ടൈൽ പതിച്ച നിലങ്ങളെ ഓർമിപ്പിക്കുന്ന, കറുപ്പും വെളുപ്പും ടൈലുകൾ പാകിയ ഫ്ലോർ താൽപര്യപ്പെടുന്നവരും കൂടുതലാണ്. മസ്റ്റാർഡ് യെല്ലോ, കോട്ടാ ഗ്രീൻ നിറങ്ങളിലുള്ള ടൈലുകളും തിരഞ്ഞെടുക്കുന്നവരുണ്ട്. ഇന്ത്യൻ, അറേബ്യൻ പ്രിന്റുകളുള്ള ടൈലുകൾക്കും ആവശ്യക്കാരേറെ. എന്നാൽ വീടുനിർമാണത്തിൽ സ്വീകരിക്കുന്നത് ഏതു ശൈലിയാണ് എന്നതിനെ ആസ്പദമാക്കിയാണ് പ്രിന്റുകൾ തിരഞ്ഞെടുക്കുന്നത്. ക്ലാസിക് ലുക്ക് മേൽപറഞ്ഞ ഡിസൈനുകൾ സഹായിക്കും. കണ്ടംപററി ഡിസൈനുകളുള്ള ടൈലുകളും വിപണിയിൽ സജീവമാണ്. 

വിട്രിഫൈഡ് ടൈലുകളുടെ ദോഷങ്ങൾ

സാധാരണയായി ബഹുഭൂരിപക്ഷം ആളുകളും വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു തിരഞ്ഞെടുക്കുന്നത് എന്നു കരുതി ഇതിനു ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്നു കരുതണ്ട. പെട്ടെന്നു കറ പിടിക്കും എന്നത് ഒരു പോരായ്മയാണ്. എന്നാൽ വീടിന്റെ എല്ലാ ഭാഗത്തും ഇത് ഉപയോഗിക്കാതിരുന്നാൽ പ്രശ്നം പരിഹരിക്കാം. കസേര, മേശ എന്നിവ നിരക്കുക, വലിക്കുക തുടങ്ങിയവ ചെയ്യുന്നതിലൂടെ ഇതിനു സ്ക്രാച്ച് വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നാനോ കോട്ടിങ്ങുള്ള വിട്രിഫൈഡ് ടൈലുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ല.