അളവ് സിംപിളാണ്...പവർഫുളും

സ്ക്വയർഫീറ്റ്, ക്യുബിക്ഫീറ്റ്... ഇവയൊക്കെയുമായുള്ള യുദ്ധം കൂടിയാണ് വീടുപണി. പലർക്കും ഇതിനെപ്പറ്റിയൊന്നും വലിയ പിടിയൊന്നും ഉണ്ടാകില്ല. ഫലമോ...? മനസ്സിലുദ്ദേശിച്ചതു പോലെയൊന്നും കാര്യങ്ങൾ നടക്കില്ല. സർവത്ര കൺഫ്യൂഷനായിരിക്കും. ധനനഷ്ടം, സമയനഷ്ടം എന്നിങ്ങനെ പണി ഓരോന്നായി കിട്ടിക്കൊണ്ടേയിരിക്കും.

വീടുപണിയുമായി ബന്ധപ്പെട്ട അളവുകളെപ്പറ്റി അടിസ്ഥാന ധാരണ നേടിയ ശേഷം മാത്രം കളത്തിലിറങ്ങുക എന്നതു മാത്രമാണ് ഇതിനുള്ള പോംവഴി. അളവ് വളരെ സിംപിളാണ്. പക്ഷേ, വളരെ പവർഫുള്ളാണ്.

സ്ക്വയർഫീറ്റ് അഥവാ ചതുരശ്രഅടി എന്നതാണ് വീടിന്റെ അടിസ്ഥാന അളവുകോൽ. ഒരടി നീളവും ഒരടി വീതിയുമുള്ള ഒരു സമചതുരത്തിന്റെ വലുപ്പമാണ് ഒരു സ്ക്വയർഫീറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരടി എത്രയും വരുമെന്ന് കണ്ടുപിടിക്കാനും എളുപ്പവഴിയുണ്ട്. നേരെ നിന്ന് രണ്ടു കയ്യും മുന്നോട്ട് നീട്ടുക. മുഷ്ടി ചുരുട്ടിയ ശേഷം തള്ളവിരലുകൾ കൂട്ടിമുട്ടിക്കുക. ഇരുമുഷ്ടികളും തള്ളവിരലുകളും ചേരുന്ന നീളം ഏകദേശം ഒരടി ആയിരിക്കും.

435 സ്ക്വയർഫീറ്റ് ആണ് ഒരു സെന്റ്. ഒറ്റനിലയായി 1500 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീട് പണിയാൻ മൂന്നര സെന്റ് (വശങ്ങളിൽ സ്ഥലമൊന്നും ഒഴിച്ചിടാതെ) ധാരാളം മതി. ഇരുനിലയാണെങ്കിൽ ഇതിന്റെ പകുതി സ്ഥലം മതിയാകും. 10.76 സ്ക്വയർഫീറ്റ് ചേരുന്നതാണ് ഒരു സ്ക്വയർമീറ്റർ.

വീടുപണി തുടങ്ങും മുമ്പ് ഒരു മെഷറിങ് ടേപ്പ് വാങ്ങി നിലവിലുള്ള വീട്ടിലെ മുറികളും മറ്റും അളന്ന് നോക്കിയാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും. സാധാരണയായി 10x10 അടി, 8x9 അടി എന്നിങ്ങനെയാണ് മുറികളുടെ അളവ് പറയുക. 8x9 അടി അളവിലുള്ള മുറി എന്നു പറഞ്ഞാല്‍ എട്ട് അടി നീളവും ഒൻപത് അടി വീതിയുമുള്ള മുറി എന്നർഥം. ഈ മുറിയുടെ വിസ്തീർണം കണ്ടുപിടിക്കാനും വഴിയുണ്ട്. എട്ടിനെ ഒൻപത് കൊണ്ട് ഗുണിക്കുക. 72 സ്ക്വയർഫീറ്റ് ആയിരിക്കും മുറിയുടെ വിസ്തീർണം (കാർപെറ്റ് ഏരിയ).

മുറിയുടെ വലുപ്പമറിയാം

സാധാരണഗതിയിൽ ഒൻപതര അടി മുതൽ 10 അടി വരെ പൊക്കമായിരിക്കും ചുവരുകൾക്കുണ്ടാകുക. എട്ട് ഇഞ്ച് മുതൽ ഒൻപത് ഇഞ്ച് വരെയായിരിക്കും ഭിത്തിയുടെ കനം. ഏഴ് അടി പൊക്കമാണ് വാതിലുകള്‍ക്കുണ്ടാകുക. 90 സെന്റീമീറ്റർ മുതൽ ഒരു മീറ്റർ വരെയായിരിക്കും വാതിലിന്റെ വീതി. രണ്ട് പാളിയുള്ള വാതിലാണെങ്കിൽ ഒരു മീറ്റർ മുതൽ ഒന്നേകാൽ മീറ്റർ വരെ വീതിയുണ്ടാകും. നാലിഞ്ച് വീതിയും മൂന്ന് ഇഞ്ച് കനവുമായിരിക്കും കട്ടിളയ്ക്കുണ്ടാകുക.

140 മുതൽ 180 സെന്റീമീറ്റർ വരെ പൊക്കമായിരിക്കും ജനാലകൾക്കുള്ളത്. ഒറ്റ പാളി ജനലിന് 60 സെന്റീമീറ്റർ വീതി വരും. രണ്ട് പാളിയാകുമ്പോൾ അത് ഒരു മീറ്റർ ആയിരിക്കും.

10x10, 9x9 അടി അളവിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള കിടപ്പുമുറി ഒരുക്കാം. ഡബിൾ കോട്ട് കട്ടിൽ, സ്റ്റഡി ടേബിൾ, കസേര, അലമാര എന്നിവ ഇവിടെ ഉൾപ്പെടുത്താനാകും. സ്വീകരണമുറിക്ക് 9x10 അടി അളവ് അനുയോജ്യമാണ്. 90 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഇവിടെ 3+1+1 സോഫ, ടീപോയ് എന്നിവ ഉൾക്കൊള്ളിക്കാം.

Know the size...

ഫര്‍ണിച്ചറിന്റെ വലുപ്പത്തെപ്പറ്റിയും അടിസ്ഥാന ധാരണ നേടുന്നത് ഏറെ പ്രയോജനം ചെയ്യും. ഡബിൾകോട്ട് കട്ടിലിന് അഞ്ച് അടി വീതിയും ആറ് അടി നീളവുമാണ് ഉണ്ടാകുക. ഇതിടാൻ ഏകദേശം 30 സ്ക്വയർഫീറ്റ് സ്ഥലം വേണ്ടിവരും. 10.76 സ്ക്വയർഫീറ്റ് ചേരുന്നതാണ് ഒരു സ്ക്വയർമീറ്റർ.

വിവരങ്ങൾക്ക് കടപ്പാട്

റോയ് ആന്റണി; ആർക്കിടെക്ട്, കൊച്ചി