വയറിങ്/ലൈറ്റിങ്
∙ ഇലക്ട്രിക്കൽ ഡയഗ്രം ഉണ്ടെങ്കിൽ വയർ ലാഭിക്കാൻ സാധിക്കും. പോയിന്റുകളിലേക്കുള്ള നീളം കുറച്ച് എളുപ്പവഴിയിലൂടെ വയർ കൊണ്ടുപോയാൽ വയറിന്റെ നീളം കുറയ്ക്കാം.
∙ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ പ്രകാശം തരുന്ന ലൈറ്റ് തിരഞ്ഞെടുക്കണം. എൽഇഡി ലൈറ്റുകൾക്ക് ചെലവ് കൂടുതലാണെന്ന് തോന്നുമെങ്കിലും ദീർഘകാല ഉപയോഗംകൊണ്ട് വൈദ്യുതി ലാഭിച്ചെടുക്കുന്നു.
∙ പകൽ സമയത്ത് വെളിച്ചം കുറച്ചും രാത്രിയിൽ വെളിച്ചം കൂട്ടിയും ഇടാവുന്ന ലൈറ്റുകൾ വിപണിയിലുണ്ട്. ഇവ തിരഞ്ഞെടുക്കാം.
∙ ഒരു മുറിക്കകത്തു തന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്‌ലിയർ, സ്പോട്‌ലൈറ്റ് എന്നിവയൊക്കെ ഫാഷനുവേണ്ടി കൊടുക്കുമ്പോൾ കറന്റ് ബില്ല് കുതിച്ചുയരുമെന്ന് ഓർക്കുക. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക.
∙ ഡിസ്ട്രിബ്യൂഷൻ ബോർഡ് മുറിയുടെ ഏതെങ്കിലും മൂലയിൽ പിടിപ്പിക്കാതെ മധ്യഭാഗത്ത് പിടിപ്പിച്ചാൽ വയറുകളുടെ നീളം കുറയ്ക്കാൻ സാധിക്കും. ഇതുമൂലം വൈദ്യുതി പ്രസരണ നഷ്ടവും ചെലവും കുറയ്ക്കാം.
∙ സ്വിച്ചുകൾ പിടിപ്പിക്കുമ്പോൾ രണ്ട് മുറികൾക്ക് പൊതുവായുള്ള ചുവർ തിരഞ്ഞെടുക്കുകയാണെങ്കിൽ രണ്ടു ഭാഗത്തേക്ക് വയർ വലിക്കാതിരിക്കാം. ആവശ്യത്തിനു മാത്രം സ്വിച്ചുകൾ നൽകുക.
∙ സോളർ വൈദ്യുതി ഉപയോഗിക്കുന്നത് വൈദ്യുതിച്ചെലവിൽ ലാഭമുണ്ടാക്കും. പക്ഷേ ഇതിനു പണം മുടക്കാന്‍ പലർക്കും മടിയാണ്. മുപ്പതും നാൽപ്പതും ലക്ഷം രൂപ വീടുപണിയാൻ മുടക്കുമ്പോൾ അതിൽനിന്ന് കുറച്ച് സോളറിനു മാറ്റിവയ്ക്കാൻ മടിക്കേണ്ട. ഒരു കിലോവാട്ടിന് ഒരു ലക്ഷമാണ് ചെലവ്.
പ്ലമിങ്
∙ സാനിറ്ററിവെയറിന്റെ കാര്യത്തിൽ വാങ്ങാനുദ്ദേശിക്കുന്ന ബ്രാൻഡ് ഏതാണെന്ന് പ്ലമിങ് ജോലികൾ തുടങ്ങുന്നതിനു മുൻപേ തീരുമാനിക്കുക. ഓരോ ബ്രാന്‍ഡിനും ഉപയോഗിക്കേണ്ട പൈപ്പുകളുടെ അളവിൽ വ്യത്യാസമുണ്ടാകുമെന്നതിനാൽ ആവശ്യമില്ലാത്തതരം പൈപ്പ് വാങ്ങിയാൽ പാഴ്ച്ചെലവുണ്ടാകും.
∙ വില കൂടിയതരം ഷവറുകൾ ഉപയോഗിക്കുകയാണെങ്കിൽ ജെറ്റ് പമ്പുകൾ വേണ്ടിവരും. ചെലവു കുറയ്ക്കാനാഗ്രഹിക്കുന്നുവെങ്കിൽ സാധാരണ ഷവര്‍ വാങ്ങാം.
∙ പ്ലാനിങ് മുതലേ ശ്രദ്ധിച്ചാല്‍ പ്ലമിങ്ങിലെ അബദ്ധങ്ങള്‍ ഒഴിവാക്കി ചെലവു നിയന്ത്രിക്കാം. വീട്ടുകാർ ഒരുമിച്ചിരുന്ന് ഓരോ ബാത്റൂമിലും എവിടെയെല്ലാം ഏതെല്ലാം ടാപ്പുകളും ഷവറുകളും മറ്റും വേണം അവയുടെ ബ്രാൻഡ് എന്തായിരിക്കണം എന്നാലോചിച്ചുറപ്പിക്കണം. കഴിവതും ബാത്റൂമുകളെല്ലാം ഒരേവശത്ത് വരികയാണെങ്കിൽ സോക്പിറ്റും സെപ്റ്റിക് ടാങ്കും അതേവശത്തുതന്നെ കൊണ്ടുവരാം. അങ്ങനെ പൈപ്പിന്റെ ചെലവ് കുറയ്ക്കാം.
∙ രണ്ടാംനിലയിലെ ഷവറിൽ ശരിക്കു വെള്ളം വരാൻ പ്രഷർ പമ്പ് വാങ്ങി വയ്ക്കുന്നവരുണ്ട്. വലിയ വില കൊടുത്ത് പ്രഷർ പമ്പ് വാങ്ങുന്നതിനു പകരം ടാങ്ക് ടെറസിൽ നിന്ന് കുറഞ്ഞത് ആറ് അടിയെങ്കിലും പൊക്കി വച്ചു നോക്കൂ, പ്രഷർ പമ്പിന്റെ പണം ലാഭിക്കാനാകും. ഒരു ഹൈ ഫ്ലോ ഡൈവർട്ടർ സ്ഥാപിച്ചും പ്രഷർ പമ്പിനു ചെലവാക്കുന്ന പണം ലാഭിക്കാം.
പെയിന്റിങ്
∙ കഴിയുന്നിടത്തെല്ലാം ബ്രിക് എക്സ്പോസ് ചെയ്യുന്ന ഡിസൈൻ പിന്തുടരുകയാണ് പെയിന്റിങ് ചെലവ് കുറയ്ക്കാൻ ഏറ്റവും നല്ല വഴി.
∙ വയർകട്ട് ഇഷ്ടിക, സിമന്റ് ബ്ലോക് എന്നിവ പോലെ മിനുസമുള്ള ഇഷ്ടികയുടെ പുറത്ത് തേക്കാതെ നേരിട്ട് പുട്ടിയിട്ട് പെയിന്റടിക്കാം.
∙ പെയിന്റടിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഒരാൾ പൊക്കത്തിൽ (ആറ് – ഏഴ്) അടിയിൽ പെയിന്റ് അടിച്ച് മുകളിലേക്ക് വൈറ്റ് സിമന്റോ ചെലവു കുറഞ്ഞ ഡിസ്റ്റംപറോ അടിക്കാം.
∙ ഭിത്തി വൃത്തിയായി തേച്ചാൽ പുട്ടിയുടെ ആവശ്യം തന്നെയില്ല.