ഡിജിറ്റൽ പ്രിന്റിങ് ടെക്നോളജി ഫ്ലോർ ടൈലുകളിലേക്ക് കടന്നിട്ട് ഏതാനും വർഷങ്ങളായി. ഡിജിറ്റൽ ടൈലുകളുടെ ഏറ്റവും പുതിയ വിശേഷങ്ങളിലേക്ക്...
∙ ടൈലിനു മുകളിൽ ഇഷ്ടമുള്ള ചിത്രം ഡിജിറ്റലായി പ്രിന്റ് ചെയ്തെടുക്കാം. ഇത്തരം ടൈലുകളാണ് ഡിജിറ്റൽ ടൈലുകൾ. ഹെവി ട്രാഫിക് ഉള്ള അതായത്, കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലൊക്കെ ഉപയോഗിച്ചാലും തേഞ്ഞുപോകില്ല എന്നതാണ് ഡിജിറ്റൽ പ്രിന്റിങ്ങിന്റെ ഒരു പ്രത്യേകത. പണ്ട് ഏതാനും നിറങ്ങൾ മാത്രമേ സാധ്യമാവുകയുള്ളൂ എങ്കിൽ ഇന്ന് പത്തിലേറെ നിറങ്ങൾ ഡിജിറ്റൽ പ്രിന്റിങ്ങിലൂടെ ഫ്ലോര്‍ ടൈലുകളിൽ സാധ്യമാവും.
∙ സെറാമിക് ടൈലുകളിലും വിട്രിഫൈഡിൽ തന്നെ ഗ്ലേസ്ഡ് വിട്രിഫൈഡിലുമാണ് ഡിജിറ്റൽ പ്രിന്റിങ് ചെയ്യാൻ സാധിക്കുന്നത്. മുകൾഭാഗത്ത് മാത്രം ഗ്ലേസിങ് ചെയ്തെടുക്കുന്നവയാണ് ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകൾ. രണ്ട് അടി മുതൽ വലുപ്പമുള്ള, ഡിജിറ്റൽ പ്രിന്റുള്ള സെറാമിക് ടൈലുകൾ ലഭിക്കും. അടുക്കളയിലേക്കും വെള്ളം വീഴാൻ സാധ്യതയുള്ള മറ്റു ഭാഗങ്ങളിലേക്കും ഇവ തിരഞ്ഞെടുക്കാം.
∙ സുവ്യക്തമായ പാറ്റേണുകളും വ്യത്യസ്തമായ നിറങ്ങളും ലഭിക്കുമെന്നതു മാത്രമല്ല, ഡിജിറ്റൽ പ്രിന്റിങ്ങിന്റെ സവിശേഷത. ഇഷ്ടമുള്ള ചിത്രം കൊടുത്ത് വ്യക്തിഗതമായി പ്രിന്റ് ചെയ്യിക്കാനും സാധിക്കും.
തടി, സ്റ്റോൺ ഇഫക്ടുകൾ
∙ നാച്വറൽ സ്റ്റോൺ, തടി എന്നിവയുടെ ഡിസൈനുകൾക്കാണ് ഡിജിറ്റൽ പ്രിന്റിങ്ങിൽ ഏറ്റവുമധികം ഡിമാൻഡുള്ളത്. ഓരോ ടൈലിലും വ്യത്യസ്ത ഡിസൈനുകൾ പ്രിന്റ് ചെയ്തെടുക്കാമെന്നതിനാൽ തികച്ചും പ്രകൃതിദത്തമാണെന്നു തോന്നുമെന്നതാണ് ഡിജിറ്റൽ പ്രിന്റിങ്ങിന്റെ മറ്റൊരു ഗുണം. മാർബിളിലും ഗ്രാനൈറ്റിലുമുള്ളതുപോലെ ഒന്നിന്റെ തുടർച്ചയായ ഗ്രെയിൻസ് ഒരു ടൈലിൽനിന്ന് മറ്റൊന്നിലേക്ക് നീളുന്നു എന്നതാണ് പ്രത്യേകത.
∙ ഗ്രേ, ഡാർക്കിഷ് ഗ്രേ, ബെയ്ജ് തുടങ്ങിയ നിറങ്ങൾക്ക് ഇന്ന് ആർക്കിടെക്ചറിൽ കൂടുതൽ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഈ നിറങ്ങളിലുള്ള സ്റ്റോൺ ഡിസൈനിന് ആരാധകർ കൂടുതലാണ്. നേർത്ത ഡിസൈനുകളാണ് ഇപ്പോള്‍ ട്രെൻഡ്. അതുപോലെത്തന്നെ, മാറ്റ് ഫിനിഷുള്ള ഡിജിറ്റൽ ടൈലുകളാണ് ഇപ്പോൾ ജനപ്രിയം.
∙ 60x60 സെമീ മുതൽ വലുപ്പമുള്ള ഏതു ടൈലിലും ഡിജിറ്റല്‍ പ്രിന്റുള്ളവ ലഭിക്കും. 80x80 സെമീ, 80x120 സെമീ, 60x120 സെമീ, 15x60 സെമീ, 13x80 സെമീ, 120x20 സെമീ എന്നിവയിലെല്ലാം ഡിജിറ്റൽ പ്രിന്റുകളുണ്ട്. 120 സെമീ നീളമുള്ളവ സ്ലാബ് എന്നും 20 സെമീയിൽ കുറഞ്ഞ വീതിയുള്ള ടൈലുകൾ പ്ലാങ്കുകൾ എന്നുമാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തകല്ലുകളുടെ ഡിസൈനിലുള്ള ടൈലുകൾ സ്ലാബ് വലുപ്പത്തിൽ കൂടുതലായി ലഭിക്കുമ്പോൾ പ്ലാങ്കുകളായി തടിയുടെ ഡിസൈനാണ് കിട്ടുക. 130 മിമീ വീതിയും 800 മിമീ നീളവും ഉള്ളവ, 200 മിമീ വീതിയും 1200 മിമീ നീളവും ഉള്ള പ്ലാങ്ക് ഡിസൈനുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. വുഡൻ ഫ്ലോറിങ്ങിന്റെ അതേ ഇഫക്ട് ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
∙ ഡിജിറ്റൽ പ്രിന്റിങ്ങിലെ ഏറ്റവും പുതിയ കാര്യം ലാമിന ടെക്നോളജിയാണ്. ഷീറ്റ് ആയാണ് ഇതിൽ പ്രിന്റിങ് നടക്കുന്നത്. എട്ട് അടി നീളവും നാല് അടി വീതിയുമുള്ള ഇത്തരം ഷീറ്റുകളിൽ നിന്ന് ഇഷ്ടമുള്ള പ്രൊഫൈലിൽ ടൈൽ മുറിച്ചെടുക്കാം. കനം തീരെ കുറവായിരിക്കും. മൂന്ന് x അഞ്ച് മിമീ കനം മാത്രമുള്ള ഇവ വലിയ ഹാളുകൾക്കും മറ്റും അനുയോജ്യമാണ്. ക്ലാഡിങ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കണ്ടുകഴിഞ്ഞാൽ കോംപസിറ്റ് പാനൽ ആണെന്നേ തോന്നുകയുള്ളൂ.
∙ ഗ്ലോസി, മാറ്റ്, റസ്റ്റിക്, സാറ്റിൻ മാറ്റ്, ലപാറ്റോ, ഷുഗറോൺ തുടങ്ങിയ ഫിനിഷുകളിലെല്ലാം ഡിജിറ്റല്‍ ടൈൽ വാങ്ങാം. ത്രീഡിയാണെന്നു തോന്നിക്കുന്ന തരം ഡിജിറ്റല്‍ ടൈലുകളും ഇപ്പോൾ വിപണിയിലുണ്ട്. ഇവ മാറ്റ്, റസ്റ്റിക് ഫിനിഷുകളിൽ ലഭിക്കും.
∙ ഡിസൈൻ ഉള്ളവമാത്രമാണ് ഡിജിറ്റല്‍ ടൈൽ എന്നും പറയാനാകില്ല. ഒറ്റനിറം മാത്രമുള്ള ഡിജിറ്റൽ ടൈലുകൾ വിപണിയിലെ പുതുമയാണ്. റോയൽ ബ്ലൂ, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിൽ ഗ്ലോസി, മാറ്റ് ഫിനിഷുകളില്‍ ലഭിക്കുന്ന ഇത്തരം ടൈലുകള്‍ കൂടുതൽ ഉപയോഗമുള്ള സ്ഥലങ്ങളിലും ഉപയോഗിക്കാവുന്നതാണ്.
∙ ഇന്ന് വിപണിയിൽ ലഭിക്കുന്ന 99 ശതമാനം ടൈലുകളും ഡിജിറ്റൽ പ്രിന്റിങ്ങിലൂടെ ചെയ്യുന്നവയാണ്. ഈ സാങ്കേതികവിദ്യ വളരെ ചെലവു കുറഞ്ഞ് ലഭിക്കുന്നതു കൊണ്ടാണിത്. ഇത്തരം പ്രിന്റിങ്ങിൽ തെറ്റുകളും കുറവാണ്. സാധാരണ ടൈലുകളിൽ ഉള്ളതുപോലെ, സെക്കൻഡ് ഗ്രേഡ്, തേർഡ് ഗ്രേഡ് എന്നിങ്ങനെ നിലവാരം കുറഞ്ഞ ടൈലുകൾ ഡിജിറ്റൽ പ്രിന്റിങ്ങിൽ കുറവായിരിക്കും. ഉൽപാദനക്ഷമത കൂടുകയും ചെയ്യും.
∙ ഇപ്പോക്സി ഇട്ട് ടൈൽ വിരിക്കുന്നതാണ് ട്രെൻഡ് എങ്കിലും ഡിജിറ്റൽ ടൈലിന്റെ ഭംഗി പൂർണമായി ലഭിക്കാൻ, ടൈലുകൾക്കിടയിലെ ഇപ്പോക്സി തടസമാകും. ഇടയിൽ വിടവുകളില്ലാതെ വിരിക്കുമ്പോഴാണ് ഡിജിറ്റൽ ടൈലിന്റെ ഭംഗി പൂർണമായി ലഭിക്കുക.
ചതുരശ്രയടിക്ക് 70 രൂപ
∙ ഇടത്തരം മുതൽ ഏറ്റവും ഉയർന്ന വിലവരെയുള്ള ഡിജിറ്റല്‍ ടൈലുകൾ ലഭ്യമാണ്. ചതുരശ്രയടിക്ക് 70 രൂപ മുതൽ മുടക്കാൻ കഴിയുമെങ്കിൽ ഡിജിറ്റൽ ഫ്ലോർ ടൈലുകൾ സ്വന്തമാക്കാം.
∙ ഇറ്റാലിയൻ മാർബിളിന്റെ അനുകരണങ്ങളായിരുന്നു ആദ്യകാലത്ത് ഡിജിറ്റൽ പ്രിന്റിങ്ങിലൂടെ കൂടുതൽ ചെയ്തിരിക്കുന്നത്. 500–2,000 രൂപ വരെ ചതുരശ്രയടിക്ക് വില വരുന്ന ഇറ്റാലിയൻ മാർബിളിനെ ചെലവു കുറഞ്ഞ രീതിയിൽ അവതരിപ്പിക്കാനായി എന്നതാണ് ഇതിന്റെ ഗുണം. ഇറ്റാലിയൻ മാർബിൾ സ്കാൻ ചെയ്താണ് ഇതു ചെയ്യുന്നത്. അതോടെ സാധാരണക്കാർക്കും ഇറ്റാലിയൻ മാർബിളിന്റെ ഭംഗി സ്വന്തമാക്കാനായി.
∙ ഡിജിറ്റൽ പ്രിന്റിങ് ആദ്യം അവതരിച്ചത് വോൾ ടൈലുകളിലാണ്. ബാത്റൂമിന്റെ ഭിത്തികളിലും വാഷ്ഏരിയയിലും അടുക്കളയുടെ ഭിത്തികളിലും ഇഷ്ടചിത്രങ്ങൾ പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കുമെന്നത് മെച്ചമായിരുന്നു. ഇപ്പോൾ നിലം ഭംഗിയാക്കാനും ഡിജിറ്റൽ പ്രിന്റ് ചെയ്ത വോൾ ടൈൽ ഉപയോഗിക്കുന്നുണ്ട്. നിലത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്യാൻ പാറ്റേണുകള്‍ പ്രിന്റ് ചെയ്ത വോൾടൈൽ ഉപയോഗിക്കുന്നു. ആത്തംകുടി ടൈലുകളുടേതുപോലുള്ള ചിത്രപ്പണികളുള്ള ടൈലുകളാണ് ഇത്തരത്തിൽ കൂടുതൽ ഉപയോഗിക്കുന്നത്. ഫോയർ, ഫാമിലി ലിവിങ് പോലുള്ള മുറികളില്‍ ഇത്തരം ഡിസൈനുള്ള ബാത്റൂം ടൈലുകൾ ഉപയോഗിക്കുന്ന ട്രെൻഡുണ്ട്. ഇത്തരം ടൈലുകൾ സ്പേസർ ഇട്ട് ഇപോക്സി നിറച്ചാണ് വിരിക്കുക.
∙ വീര്യം കൂടിയ ഡിറ്റർജെന്റുകളും ലായനികളും ഉപയോഗിക്കുന്നത് ടൈലിന്റെ തിളക്കം കുറയ്ക്കും. വാക്വം ക്ലീനിങ്ങാണ് ഏറ്റവും നല്ലത്.
Read more on ഡിജിറ്റൽ ടൈൽ Digital Tile Trends