ലെമൺ മാജിക്
നാരങ്ങാനീര് എടുത്ത് ബാക്കിയാകുന്ന തൊലി പൊടിയുപ്പിൽ മുക്കി സ്റ്റീൽ പാത്രങ്ങളും സ്റ്റീൽ ടാപ്പുമെല്ലാം കഴുകാൻ ഉപയോഗിക്കാം. സ്റ്റീൽ വെട്ടിത്തിളങ്ങും.
സൂപ്പർ ചായ
ബാത്റൂമിലെ ഡ്രൈ ഏരിയ – വെറ്റ് ഏരിയ വേർതിരിക്കുന്ന ഗ്ലാസ്, ജനലിന്റെ കണ്ണാടി, ഗ്ലാസ് പാത്രങ്ങള്‍ ഇതെല്ലാം വൃത്തിയാക്കി വയ്ക്കാൻ ഇതാ ഒരു എളുപ്പവഴി. ഒരു സ്പൂൺ തേയില ചേർത്ത് തിളപ്പിച്ചാറിച്ച വെള്ളത്തിൽ പേപ്പര്‍ മുക്കി തുടച്ചാൽ ഗ്ലാസ് വെട്ടിത്തിളങ്ങും. ഉപയോഗം കഴിഞ്ഞ വർത്തമാനപത്രമാണ് കൂടുതൽ അനുയോജ്യം.
ബ്രഷ് ക്ലീനിങ്
ടോയ്‌ലറ്റ് കഴുകുന്ന ബ്രഷ് വൃത്തിയാക്കുന്നതുപോയിട്ട് സൂക്ഷിക്കുന്നതു പോലും ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റ് ബ്രഷ് വയ്ക്കുന്ന പാത്രത്തിൽ അല്ലെങ്കില്‍ ഉപയോഗശൂന്യമായ ഒരു കപ്പിൽ അൽപം വിനാഗിരി ഒഴിച്ചു വയ്ക്കുക. അതിൽ ബ്രഷ് അൽപസമയം മുക്കിവച്ച് പിന്നീട് വെള്ളമൊഴിച്ചു കഴുകിയാൽ വൃത്തിയാകും.
ടൈൽ തിളങ്ങാൻ
ഒരു പാത്രത്തിൽ പകുതി വിനാഗിരിയും പകുതി ക്ലീനിങ് ലോഷനുമെടുത്ത് യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് ടൈലുകൾക്കിടയിലെ അഴുക്കും വാഷ്ബേസിനിലെ കറയുമെല്ലാം നീക്കം ചെയ്യാം.