സ്വീകരണ മുറിയുടെ ചുവരിലൊരു മുളംകാടിന്റെ മ്യൂറൽ ചിത്രം വന്നാലോ? കാഴ്ചയ്ക്കു മാത്രമല്ല, അനുഭവത്തിലുമുണ്ടാകും കുളിർമ. ടെറാകോട്ട ടൈലുകളിലൂടെ മ്യൂറൽ ചിത്രങ്ങളൊരുക്കുകയാണ് നിലമ്പൂർ കവളമുക്കട്ട സ്വദേശി സുനിൽ ബാബുവും സംഘവും. കേരളത്തിനു പുറത്തെ മുൻനിര റിസോർട്ടുകളിലും ഹോട്ടലുകളിലും ആസ്വാദകരുടെ മനം കവർന്ന ടെറാകോട്ട മ്യൂറൽ ചിത്രങ്ങൾ വീടുകളിലേക്കും എത്തിക്കുകയാണ് കലാകരന്മാരുടെ കൂട്ടായ്മയായ ക്ലേ ആർട്സ്.
ആവശ്യക്കാരുടെ ഇഷ്ടപ്രകാരമുള്ള ചിത്രം ഏതു വലുപ്പത്തിലും ചെയ്തു കേരളത്തിലെവിടെയും എത്തിച്ച് ഭിത്തിയിൽ പതിച്ചു നൽകുമെന്നു സുനിൽ പറയുന്നു. ചതുരശ്ര അടിക്ക് 1200 രൂപമുതൽ 1800 രൂപ വരെയാണു ചെലവ്. ചെറിയ യാത്രാച്ചെലവു പുറമേ.
ഓർഡർ നൽകുന്നവരുടെ ഇഷ്ടചിത്രം വരച്ച് ആദ്യം അംഗീകാരം വാങ്ങും. പിന്നീടത് കളിമണ്ണു കുഴച്ചു പരത്തിയെടുക്കുന്ന പ്രതലത്തിൽ നിശ്ചിത അളവിൽ വരച്ചെടുക്കും. മ്യൂറൽ വേണ്ടവരെ ഈ ഘട്ടത്തിലും വിളിച്ചു കാണിക്കാറുണ്ട്. ഇതിനു ശേഷം ചിത്രമല്ലാത്ത ഭാഗങ്ങൾ 4ഇഞ്ചു നീളം, വീതിയിലും ചിത്രം വരുന്ന ഭാഗങ്ങൾ ഭംഗി നഷ്ടപ്പെടാത്ത രീതിയിലും മുറിച്ചെടുക്കും. ഈ കഷ്ണങ്ങൾ പിൻഭാഗത്ത് നമ്പരിട്ട ശേഷം ചൂളയിൽ ചുട്ടെടുക്കും.
നിലമ്പൂരിലെ ശിൽപശാലയിലാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ചിത്രഭാഗങ്ങൾ തണലിലാണ് ഉണക്കിയെടുക്കുന്നത് എന്നതിനാൽ നിർമാണത്തിന് രണ്ടാഴ്ചയിലധികം എടുക്കും. ചിത്രം പൂർണമായി ചൂളയിൽ വച്ചാൽ ചൂടുകാരണം വളഞ്ഞുപോകുന്നതിനും പൊട്ടിപ്പോകുന്നതിനും സാധ്യതയുള്ളതുകൊണ്ടാണ് കഷ്ണങ്ങളാക്കി ചുട്ടെടുക്കുന്നത്. നാലുദിവസമാണ് ചൂള കത്തിക്കുക. ചെറുതായി കത്തിച്ചു തുടങ്ങി നാലാം ദിവസം നന്നായി കത്തിക്കും.
ചിത്രം പതിക്കേണ്ട ഭിത്തിയിൽ ടൈൽ ഫിക്സർ ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കും. കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, ഓഫ് വൈറ്റ് എന്നീ നിറങ്ങളിലേ ടെറാകോട്ട മ്യൂറലുകൾ ലഭിക്കൂ എന്ന പരിമിതിയുണ്ട്. ഒരേ ടൈലിൽതന്നെ രണ്ടു നിറങ്ങൾ കൊണ്ടു വരാനും കഴിയുന്നുണ്ടെന്ന് 15 വർഷത്തിലധികമായി ഈ രംഗത്തുള്ള സുനിൽബാബു പറയുന്നു. വീടുകളുടെ ഉള്ളിലും പുറം ചുമരുകളിലും ടെറാകോട്ടാ മ്യൂറലുകൾ സ്ഥാപിക്കാം. തീയിൽ ചുട്ടെടുക്കുന്നതിനാൽ കാലാവസ്ഥ ഇവയെ ബാധിക്കുകയില്ല.
മ്യൂറലുകൾക്കു പുറമേ കളിമൺ തറയോട്, ഫോൾഡറുകൾ, ന്യൂസ്പേപ്പർ സ്റ്റാൻഡ്, അലങ്കാര വസ്തുക്കൾ, അടുക്കളപ്പാത്രങ്ങൾ എന്നിവയെല്ലാം ക്ലേ ആർട്സ് നിർമിച്ചു നൽകുന്നു.
ഫോൺ: 9447518053
ഇ മെയിൽ: sunilbb81@gmail.com