കണ്ടാൽ തറയോട്, എന്നാൽ ടൈൽ!

തറയോട് ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ടെന്നതാണ് യാഥാർഥ്യം. എന്നാൽ കളിമണ്ണിന്റെ ദൗർലഭ്യം മൂലം നല്ല തറയോട് കിട്ടുന്നില്ല. ഗുണമേന്മയില്ലാത്തതിനാല്‍ വിരിച്ചതിനുശേഷം തറയോട് പൊട്ടിപ്പോകുന്നു എന്ന പ്രശ്നവും പലരെയും അലട്ടുന്നുണ്ട്. തറയോടിന്റെ നിറവും ഡിസൈനുമുള്ള സെറാമിക് ടൈൽ വളരെയധികം പേർ ഉപയോഗിക്കാൻ കാരണം തറയോടിനോടുള്ള സ്നേഹമാണ്.

ട്രെഡീഷനൽ, ഇക്കോഫ്രണ്ട്‌ലി വീടുകളിലേക്ക് ഇത്തരം ടൈലുകൾ ഒരുപാടുപേർ തിരഞ്ഞെടുക്കുന്നു. സെറാമിക് ടൈലുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഗ്ലോസി, മാറ്റ്, റസ്റ്റിക് ഫിനിഷുകളിൽ ലഭിക്കുന്നു. ഓരോ ടൈലിലും ബട്ടൻ ഡിസൈൻ കൂടിയുള്ള ടെറാക്കോട്ട നിറമുള്ള സെറാമിക് ടൈലുകളുമുണ്ട്.

ആത്തംകുടി എന്ന വിസ്മയം

സ്വദേശി ഉൽപന്നങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ആത്തംകുടി എക്കാലത്തും ഹരമാണ്. ടൈലിന്റെ വില താരതമ്യേന കുറവാണ് എന്നാല്‍ ചെട്ടിനാട് നിന്ന് കേരളത്തിൽ എത്തിക്കാനുള്ള ചെലവു കൂടും. ഉപയോഗിക്കുംതോറും ഡിസൈൻ തെളിഞ്ഞുവരും എന്നതാണ് ആത്തംകുടിയുടെ പ്രത്യേകത. നിറങ്ങളിലും ഡിസൈനുകളിലുമുള്ള വൈവിധ്യം മൂലം ട്രെഡീഷനൽ, മൊറോക്കൻ ശൈലിയിലുള്ള വീടുകളിലേക്ക് യോജിച്ചതാണ്. ഡിസൈന്‍ ഒന്നും ഇല്ലാത്ത ആത്തംകുടി ടൈലും ലഭിക്കും. പണിയെല്ലാം കഴിയുമ്പോൾ ചതുരശ്രയടിക്ക് 60 രൂപയ്ക്കു മുകളിൽ ചെലവു വരും.