Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് വിപണി, ചെറിയ മുതൽമുടക്കിൽ വൻലാഭം

xmas-star-market

അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുടെ വൻ പരസ്യങ്ങളും നിരത്തുകളിൽ നിറയുന്നതോടെ ക്രിസ്മസ് വിപണിയും ഉഷാറാകുകയാണ്. ക്രിസ്മസ് കാലത്ത് വിപണിയിൽ വലിയൊരു മൽസരം നടക്കുന്നത് ബ്രാൻഡഡ്, ഹോംമെയ്ഡ് ലേബലുകൾ തമ്മിലാണ്. വീട്ടമ്മമാരാണ് പ്രധാനമായും ഹോംമെയ്ഡ് ബ്രാൻഡിന്റെ അംബാസഡർമാർ. ഗിഫ്റ്റ്, കേക്ക്, അലങ്കാര വസ്തുക്കൾ, മെഴുകുതിരി, വൈൻ, കുക്കീസ് എന്നിങ്ങനെ നീളും ക്രിസ്മസ് വിപണിയിലേക്കുള്ള ഹോംമെയ്ഡ് വിഭവങ്ങളുടെ പട്ടിക.  കേക്കുകളും അലങ്കാര വസ്തുക്കളുമെല്ലാം വൻകിട ബ്രാൻഡുകളുടെ പേരിൽ വിപണിയിൽ സുലഭമാണെങ്കിലും വൻ ബ്രാൻഡുകളോട് കട്ടയ്ക്കു മൽസരിക്കുകയാണ് ഹോംമെയ്ഡ് വിപണി. 

ചെറിയ മുതൽമുടക്ക്, വൻ ലാഭം

x-default

കോടികൾ മറിയുന്ന ക്രിസ്മസ് വിപണിയിലേക്ക് ചെറിയ മുതൽമുടക്കുമായി എത്തുന്നവരാണ് വീട്ടമ്മമാരിൽ ഭൂരിഭാഗവും. ലാഭമാകട്ടെ ഇരട്ടിയിലധികം. പാർട്‌ടൈം ആയി ചെയ്യാവുന്ന,  സന്തോഷം നൽകുന്ന ഒരു ജോലി. അതാണ് ഇവരിൽ പലർക്കും ഇത്തരം സാധനങ്ങളുടെ നിർമാണം. പിറന്നാൾ, കല്യാണം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ഹോംമെയ്ഡ്  ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും ക്രിസ്മസ് വിപണിയാണ് ഇവർക്ക് തിരക്കും ലാഭവും കൊണ്ടുവരുന്ന സമയം. 

ഓരോ വർഷവും നിരവധിയാളുകളാണ് പുതുമയുള്ള ഹോംമെയ്ഡ് ഉൽപന്നങ്ങളുമായി വിപണിയിലേക്കിറങ്ങുന്നത്. വർഷങ്ങളായി ഈ രംഗത്തു പ്രവർത്തിക്കുന്ന വീട്ടമ്മമാരുമുണ്ട്. 

ക്രിസ്മസ് കാലത്താണ് കേക്കുകൾക്കും അലങ്കാര വസ്തുക്കൾക്കും ഡിമാൻഡ് കൂടുതലെന്നു പറയുന്നു രാഖി എന്ന വീട്ടമ്മ. വലിയ തോതിലുള്ള നിർമാണം ഇല്ലാത്തതിനാൽ ഉള്ളതു ഭംഗിയായി നൽകാൻ കഴിയുന്നു എന്നതാണ് ഹോംമെയ്ഡ് ഉൽപന്നങ്ങളുടെ പ്രത്യേകത. വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട്ടിലെ ജോലിക്കൊപ്പം കൊണ്ടുപോകാൻ കഴിയുന്ന വരുമാനമാർഗം. 

ഹോംമെയ്ഡ് അലങ്കാരം

അലങ്കാര വസ്തുക്കൾക്കു വൻ ഡിമാൻഡുള്ള സമയമാണ് ക്രിസ്മസ്. ക്രിസ്മസ് ട്രീകളിലും പുൽക്കൂടിലും തൂക്കാനായി ഇത്തരം വസ്തുക്കൾക്ക് ആവശ്യക്കാരേറെയാണ്. കടകളിൽ കിട്ടുന്നതിനേക്കാൾ വ്യത്യസ്തതയും പുതുമയുമാണ് ഹോംമെയ്ഡ് അലങ്കാര വസ്തുക്കളുടെ പ്രത്യേകത. പെർഫെക്‌ഷനും കൂടുതലായിരിക്കും. 

ഗിഫ്റ്റ്, അലങ്കാര വസ്തുക്കളുടെ കലക്‌ഷനുമായാണ് തൃശൂരിലെ  ജിജി ജോയ് എന്ന വീട്ടമ്മ ആദ്യമായി ക്രിസ്മസ് വിപണി പിടിക്കാനെത്തുന്നത്. 10,000 രൂപയാണ് മുതൽമുടക്ക്. ലാഭം പ്രതീക്ഷിച്ചു തന്നെയാണ് ഇതിലേക്ക് ഇറങ്ങിയതെന്നു ജിജി പറയുന്നു.  ഗ്ലാസ് ബോളുകൾ, ഹാങ്ങിങ്‌സ് , മെഴുകുതിരി ഉൾപ്പെടുന്ന ഗിഫ്റ്റ് പാക്കുകൾ എന്നിവയാണ് ജിജിയുടെ കലക്‌ഷൻസ്. 

xmas-decor

നമ്മുടെ കടകളിൽ വാങ്ങാൻ കഴിയുന്ന പലവിധ സാധനങ്ങൾ ചേർത്തു ഭംഗിയായി ഉണ്ടാക്കിയെടുക്കുന്നവയാണിതിൽ പലതും. പ്ലാസ്റ്റിക് ബോട്ടിലുകൾ വരെ ജിജി ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 80-500 രൂപ വരെ വിലയുള്ളതാണ് ഗിഫ്റ്റുകൾ. ആവശ്യക്കാർക്ക് കുറിയറായി അയച്ചു നൽകും. സൗഹൃദങ്ങൾക്കു പുറമെ ഫെയ്‌സ്ബുക്, ഓൺലൈൻ സൗകര്യങ്ങളാണ് ഹോംമെയ്ഡ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കു സഹായകമാകുന്നത്.