Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൾസ് സീലിങ്; ഇതാണ് ഇപ്പോൾ ട്രെൻഡ്

white-false-ceiling ഭംഗിയേകുന്നതിനൊപ്പം ചൂട് കുറയ്ക്കുക, ലൈറ്റിങ് ആകർഷകമാക്കുക തുടങ്ങി പല കടമകളുമുണ്ട് ഫോൾസ് സീലിങ്ങിന്.

മുറിക്കു കൂടുതൽ ഭംഗി നൽകാനായി സീലിങ്ങിന്റെ അടിയില്‍ നിർമിക്കുന്ന കൃത്രിമ സീലിങ് ആണ് ഫോൾസ് സീലിങ്. നമ്മുടെ പഴയ മച്ചിന്റെ രൂപഭേദമാണ് ഇന്ന് ഫോൾസ് സീലിങ് എന്ന പേരില്‍ അറിയപ്പെടുന്നത്. മുറിക്കുള്ളിലെ ചൂട് കുറയ്ക്കുക, സാധനങ്ങൾ സൂക്ഷിക്കുക എന്നിവയായിരുന്നു മച്ചിന്റെ ഉദ്ദേശ്യം. പണ്ട് തടിയാണ് മച്ച് നിർമിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഫോൾസ് സീലിങ് നിർമിക്കാൻ നിരവധി സാമഗ്രികൾ ലഭ്യമാണ്.

സസ്പെൻഡഡ് സീലിങ് സിസ്റ്റം, ഗ്രിഡ് സീലിങ് സിസ്റ്റം എന്നിങ്ങനെ രണ്ടു രീതിയില്‍ ഫോൾസ് സീലിങ് നിർമിക്കാം. സീലിങ്ങിൽനിന്നു തൂങ്ങി നിൽക്കുന്നതോ അല്ലെങ്കിൽ ഭിത്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടു നൽകുന്നതോ ആയ ഫ്രെയിമുകളിലും പാനലുകളിലുമാണ് ഫോൾസ് സീലിങ് ഉറപ്പിക്കുന്നത്. സീലിങ്ങിനും ഫോൾസ് സീലിങ്ങിനും ഇടയിൽ കുറഞ്ഞത് ഏഴര – എട്ട് സെമീ അകലം ആകാം.

തറനിരപ്പിൽ നിന്ന് ഫോൾസ് സീലിങ്ങിലേക്ക് 260–265 സെമീ ഉയരവും വേണം. മുറിയുടെ ഉയരം, നീളം, വീതി എന്നിവയ്ക്ക് ആനുപാതികമായും ഫോൾസ് സീലിങ് എന്തിനുവേണ്ടി നൽകുന്നുവെന്നതനുസരിച്ചും ഇതിൽ മാറ്റം വരാം. ചുവരിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ അലുമിനിയം ചാനൽ കൊണ്ടുള്ള ഫ്രെയിം പിടിപ്പിച്ച് അതിൽ ഫോൾസ് സീലിങ് ഉറപ്പിക്കുന്ന രീതിയാണ് കൂടുതലും പിന്തുടരുന്നത്.

ഗുണവും ദോഷവും

മുറിയുടെ ഉയരം ക്രമീകരിക്കാനും ഇന്റീരിയറിന്റെ ഭംഗി കൂട്ടാനും ഫോൾസ് സീലിങ് ഉപകരിക്കും. ബീം മറയ്ക്കാനും ഇതു ഫലപ്രദമാണ്. ഇന്റീരിയറിന് ഇണങ്ങുന്ന നിറവും മെറ്റീരിയലും സീലിങ്ങിലും നൽകാനാകും. ഫോൾസ് സീലിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ സീലിങ് തേക്കേണ്ട ആവശ്യമില്ല. ലിവിങ് റൂം, കിടപ്പുമുറികള്‍ എന്നിവയായിരുന്നു ഫോൾസ് സീലിങ്ങിന്റെ കുട ചൂടിയിരുന്നതെങ്കില്‍ എല്ലാ മുറികളും ഫോൾസ് സീലിങ്ങിന്റെ സംരക്ഷണത്തിനു കീഴിൽ അണിനിരക്കുന്നതാണ് പുതുകാഴ്ച.

false-ceiling-trends ഗ്ലാസ്, തടി, വെനീർ, മെറ്റൽ, വോൾപേപ്പർ തുടങ്ങി പല മെറ്റിരിയലുകളുടെ കോംബിനേഷൻ ആണ് ഇപ്പോൾ സീലിങ്ങിൽ പരീക്ഷിക്കുന്നത്.

ചൂട് കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ഫോൾസ് സീലിങ്ങിന്റെ പ്രധാന ഗുണം. മേൽക്കൂരയ്ക്കും ഫോൾസ് സീലിങ്ങിനും ഇടയ്ക്കുള്ള സ്ഥലമാണ് ചൂടു കുറയ്ക്കാൻ സഹായിക്കുന്നത്. എസി പിടിപ്പിച്ചിട്ടുള്ള മുറികളിൽ ഫോൾസ് സീലിങ് ഉണ്ടെങ്കിൽ തണുപ്പിക്കേണ്ട സ്ഥലത്തിന്റെ അളവ് കുറഞ്ഞു കിട്ടും; അതുവഴി വൈദ്യുതനിരക്കിൽ ലാഭം കിട്ടുകയും ചെയ്യും.

ലൈറ്റിങ് ആകർഷകമാക്കാൻ ഫോൾസ് സീലിങ് മികച്ച ഉപാധിയാണ്. ചുവര് കഴിവതും ഒഴിവാക്കി സീലിങ്ങിൽ ലൈറ്റ് നൽകുന്നതാണ് കുറേ നാളുകളായി ട്രെൻഡ്. ഇലക്ട്രിക് വയറുകൾ, ടെലിവിഷൻ, ടെലിഫോൺ തുടങ്ങിയവയുടെ കേബിളുകൾ ചുവരിലൂടെ നൽകുന്നത് ഒഴിവാക്കി ഫോൾസ് സീലിങ്ങിനുള്ളിൽ നൽകാം. ഹോംതിയറ്റർ പോലെയുള്ള ഇടങ്ങളിൽ ശബ്ദനിയന്ത്രണത്തിനും ഫോൾസ് സീലിങ് ഉപയോഗിക്കാം. മേൽക്കൂരയിലെ ട്രസ് മറയ്ക്കാനും ഫോൾസ് സീലിങ് ചെയ്യാം.

false-ceiling

ഗുണങ്ങൾ മാത്രമല്ല, ചില പോരായ്മകളും ഫോൾസ് സീലിങ്ങിനുണ്ട്. പൊടി പിടിക്കാനുള്ള സാധ്യത, വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട്, പാറ്റ, പല്ലി, എലി മുതലായ ജീവികൾ കടക്കാനുള്ള സാധ്യത എന്നിവയൊക്കെ അവയില്‍ ചിലതാണ്. ഫോൾസ് സീലിങ് ഒരു നിർബന്ധമല്ല. ബജറ്റ് അനുവദിക്കുന്നില്ലെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ.

ട്രെൻഡ് അറിയാം

lighting-ceiling

വ്യത്യസ്തമായ ആകൃതിയും ഡിസൈനുമൊക്കെയാണ് സീലിങ്ങിലെ ട്രെൻഡ്. ഏതെങ്കിലും ഒരു മെറ്റീരിയല്‍ കൊണ്ട് ഫ്ലാറ്റ് ആയ സീലിങ് ഒരുക്കുന്നതിനു പകരം പല മെറ്റീരിയലുകളുടെ കോംബിനേഷൻ കൊണ്ടുള്ള അൽപം ആലങ്കാരികമായ സീലിങ് ആണ് ഇപ്പോൾ അകത്തളങ്ങൾക്ക് മോടി കൂട്ടുന്നത്.

tray-ceiling മുറിയുടെ ഉയരം ക്രമീകരിക്കാനും ഇലക്ട്രിക് വയറുകൾ മറയ്ക്കാനും ശബ്ദനിയന്ത്രണത്തിനും ഫോൾസ് സീലിങ് ഉപകരിക്കും.

ഫോൾസ് സീലിങ്ങിന് ഉപയോഗിക്കുന്നതിൽ പുതിയതും പ്രധാനപ്പെട്ടതുമായ മെറ്റീരിയലുകൾ പരിചയപ്പെടാം. മെറ്റീരിയലിനും ഡിസൈനിനുമനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും.

എക്സ്ട്രൂഡന്റ് പോളിസ്റ്ററൈൻ: ചൂട് വരില്ല, വീടിനുള്ളിലെ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു, നനഞ്ഞാലും കുഴപ്പമില്ല എന്നിവയാണ് മേന്മകളായി പറയപ്പെടുന്നത്. കനമനുസരിച്ച് ചതുരശ്രയടിക്ക് 20–70 രൂപ വരെയാണ് വില.

റെഡിമെയ്ഡ് ഡെക്കറേറ്റിവ് സീലിങ് പാനൽ: 2x2അടി വലുപ്പത്തിലുള്ള ടൈൽ പല നിറത്തിലും ഡിസൈനിലും ലഭിക്കും. 300–400 രൂപയാണ് ഒരു ടൈലിന്റെ വില.

ആർട്ടിഫിഷ്യൽ സ്റ്റോൺ ഷീറ്റ്: കാഴ്ചയിൽ മാർബിൾ, ഗ്രാനൈറ്റ് പോലെ തോന്നുകയും വെളിച്ചം കടത്തി വിടുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ സ്റ്റോൺ ഷീറ്റിന് ചതുരശ്രയടിക്ക് 900 രൂപ മുതലാണ് ചെലവ്.

ജിപ്സം ബോർഡ്: നനവ് തട്ടിയാൽ കേടാകാൻ സാധ്യതയുണ്ട്. അതിനാൽ നിലവാരമുള്ളത് വാങ്ങണം. ഏറ്റവുമധികം ഉപയോഗിക്കുന്നത് ജിപ്സം ആണ്. ആറ് x നാല് അടിയുടെ ഷീറ്റിന് 390 രൂപ.

ഫൈബർ സിമന്റ് ബോർഡ്: ഈർപ്പം, ചിതൽ, തീ എന്നിവയെ പ്രതിരോധിക്കുന്നു. വില: കനമനുസരിച്ച് ചതുരശ്രയടിക്ക് 15–27 രൂപ വരെ.

പിവിസി: വെള്ളം വീണാൽ കേടാവില്ല, ഭാരക്കുറവ് എന്നിവയാണ് ഗുണങ്ങൾ. ടൈൽ ആയും ലഭ്യമാണ്. വില: ചതുരശ്രയടിക്ക് 28 രൂപ.

കാൽസ്യം സിലിക്കേറ്റ് ബോർഡ്: നനവ് തട്ടിയാൽ കേടാകാനുള്ള സാധ്യത കുറവാണ്. വില: ആറ്xനാല് അടിയുടെ ഷീറ്റിന് 760 രൂപ.

എംഡിഎഫ്, മൾട്ടിവു‍ഡ്, പ്ലൈവുഡ് എന്നിവയും സീലിങ്ങിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

green-ceiling പല തട്ടുകളായി ഫോൾസ് സീലിങ് ചെയ്ത് അതിൽ ലൈറ്റിങ്ങിന്റെ ഇന്ദ്രജാലം തീർക്കുന്നത് ഇപ്പോൾ ഫാഷൻ ആണ്.

കടപ്പാട്:

മാബ് എന്റർപ്രൈസസ്, നോർത് കളമശേരി, കൊച്ചി

എ.എം. മുഹമ്മദ് ഉസ്മാൻ ആൻഡ് ബ്രദർ, ബ്രോഡ്േവ, കൊച്ചി

Your Rating: