വീടിന്റെ ഇന്റീരിയർ മനോഹരമാക്കണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ...

സ്വപ്നങ്ങൾ നെയ്തു തുടങ്ങുന്ന പ്രായത്തിലേ മനസ്സിൽ പണിതു തുടങ്ങും നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അഭിരുചികളും ചേരുംപടി ചേർത്തൊരു വീട്. പക്ഷേ, ആ വീടിന്റെ ഇന്റീരിയറിനെക്കുറിച്ച് ആലോചിക്കുന്നത് വീടുപണിയെല്ലാം കഴിഞ്ഞശേഷമാകും. ഇനി വീടിന്റെ അലങ്കാരങ്ങളെക്കുറിച്ച് നേരത്തേ ചിന്തിച്ചോളൂ. ഒരേ ശൈലിയിൽ എല്ലാ മുറികളും ഒരുക്കിയാൽ വീട് ഒരു മനോഹര സംഗീതം പോലെ താളാത്മകമായി മാറും. അകത്തളങ്ങൾ അലങ്കരിക്കാൻ അടിസ്ഥാനമായ വ്യത്യസ്ത ഇന്റീരിയർ ശൈലികൾ പരിചയപ്പെടാം.

മിനിമലിസ്റ്റിക് സ്റ്റൈൽ 

∙ ലാളിത്യമാണ് ഈ ശൈലിയുടെ മുഖമുദ്ര. എന്നാൽ കുടുംബാംഗങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യും.

 ∙ വൃത്തം, ചതുരം, ദീർഘചതുരം എന്നിങ്ങനെയുള്ള ജ്യാമിതീയ രൂപങ്ങളിലുള്ള ഡിസൈനുകളാണ് ഈ ശൈലിയിൽ ഉപയോഗിക്കുന്നത്. ചുവരിലും തറയിലും ഇളം നിറങ്ങളായിരിക്കും ഉപയോഗിക്കുക. 

∙ അലങ്കാരങ്ങളോ ആക്സസറികളോ ഇല്ല. വീട്ടിലെ സോഫയും, കസേരയും കട്ടിലുമൊക്കെ തന്നെയാണ് ഇവിടുത്തെ അലങ്കാരങ്ങൾ. അതുകൊണ്ട് ഒരു തച്ചന്റെ കരവിരുത് മുഴുവൻ പുറത്തെടുത്തെടുത്ത് കട്ടിലങ്ങു തീർക്കാമെന്നു കരുതണ്ട. കൊത്തുപണികളൊക്കെ പടിയ്ക്കു പുറത്തല്ല, ഗേറ്റിനു തന്നെ പുറത്താണ്.

∙ വീടിനുള്ളിൽ വെളിച്ചം നിറയ്ക്കാനും ചെറിയ മുറികൾ വിശാലമാക്കാനും ഈ സ്റ്റൈലിനു കഴിയും. വീട്ടിനുള്ളിൽ സ്ഥലസൗകര്യം കുറവുള്ളവർക്ക് ഇത് ഇണങ്ങും. കുറഞ്ഞ ചെലവിൽ മനോഹരമായി ഇന്റീരിയർ ചെയ്യാനാഗ്രഹിക്കുന്നവർ മിനിമലിസ്റ്റിക് ആയിക്കോളൂ. 

ക്ലാസിക് സ്റ്റൈൽ 

∙ ഫർണിച്ചർ, ചുവരലങ്കാലങ്ങൾ, ക്യൂരിയോസ്, കർട്ടനുകൾ...  എന്തിലും ക്ലാസ്സി ലുക്ക് നനൽകുന്ന ശൈലിയാണിത്. ലാളിത്യത്തോടൊപ്പം ആഢ്യത്തവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ഇണങ്ങും. 

∙ വാതിലിൽ മാത്രമായിരിക്കില്ല വാതിൽപ്പിടിയിലും കാണും  ഡീറ്റെയിലിങ്. ഞൊറികൾ തീർത്ത നനുത്ത കർട്ടനുകൾ മാത്രമല്ല കർട്ടൻ ഹോൾഡർ പോലും സൂക്ഷ്മമായി പണിതെടുത്ത ഒരു ശില്പം പോലെയായിരിക്കും. 

∙ ഇളം നിറങ്ങളും കടും നിറങ്ങളും അകത്തളങ്ങൾക്ക് യോജിക്കും. ഓഫ് വൈറ്റ്, ഒലിവ് ഗ്രീൻ, മണലിന്റെ നിറങ്ങൾ എന്നിവയും ബ്രൗൺ നിറത്തിന്റെ ഷേഡുകളും ക്ലാസ്സി ലുക് നൽകുന്നവയാണ്.

റീ–ഇന്റർപ്രെട്ടഡ് സ്റ്റൈൽ 

∙ പഴമയും പുതുമയും യോജിപ്പിച്ച ഒരു ഫ്യൂഷൻ ശൈലിയാണിത്. മുത്തച്ഛന്റെ പഴയ ചാരുകസേരയ്ക്ക് നീല പെയിന്റടിച്ച് ഇളംപച്ച തുണികൊണ്ടൊരു സീറ്റ് നൽകൂ. പഴമയുടെ രൂപത്തിൽ പുതുമയുടെ നിറങ്ങൾ ചേരുമ്പോൾ അത് റീ – ഇന്റർപ്രെട്ടഡ് ശൈലിയായി. 

∙ പഴമയുടെ അടിസ്ഥാന രൂപങ്ങളിലോ ഘടനയിലോ അധികം മാറ്റം വരുത്.

∙ നിറങ്ങളും പ്രിന്റുകളുമാണ് ഇന്റീരിയറിന് പുതുമയുടെസ്പർശം നൽകാൻ നല്ലത്. തടിയിൽ തീർത്ത പഴയ സോഫയിൽ പാറ്റേൺ പ്രിന്റ് ചെയ്ത കുഷനുകൾ നൽകാം. പഴമയ്ക്കിണങ്ങും വിധം ഇളം നിറങ്ങളുപയോഗിച്ച് മോഡേൺ പെയിന്റിങ് തീർത്ത് ഭിത്തിക്ക് അലങ്കാരമാക്കാം. 

കന്റംപ്രറി  സ്റ്റൈൽ 

∙ സ്പേസിന് വലിയ പ്രാധാന്യം നൽകുന്ന രീതിയാണിത്. കഴിയുന്നത്ര സ്ഥലം വെറുതേയിട്ട് ആ ശൂന്യതയിൽ സൗന്ദര്യം കണ്ടെത്തുന്ന ശൈലി.   

∙ ലെതർ, തടി എന്നീ വസ്തുക്കളുടെ ഫിനിഷ്ഡ് ലുക്കാണ് ഇന്റീയറിനു മാസ്മരിക ഭംഗി നൽകുന്നത്. 

∙ പ്ലെയിൻ നിറങ്ങളാണ് കണ്ടംപററി അകത്തളങ്ങളുടെ പ്രിയനിറങ്ങൾ. വെള്ള, കറുപ്പ്, ചാര നിറം എന്നിവയുടെ കോംബിനേഷനുകളും ഇണങ്ങും. 

∙ തടികൊണ്ടുള്ള പണികൾ ഉണ്ടാകുമെങ്കിലും െപ്ലയിൻ ആയ തടിയാവും ഉപയോഗിക്കുക. പരമ്പരാഗത രീതിയിലുള്ള കൊത്തുപണികളുണ്ടായിരിക്കില്ല.   

∙ ഭിത്തിയിൽ നിര നിരയായി തൂക്കിയിട്ട ഫോട്ടോകളോ, ഇടമുള്ളിടത്തെല്ലാം കുത്തിനിറച്ച അലങ്കാരവസ്തുക്കളോ ഇവിടെ കാണില്ല. ആക്സസറീസ് വളരെ ചുരുക്കമായേ ഉപയോഗിക്കൂ. ഉപയോഗിക്കുന്നവയാകട്ടെ ഇന്റീരിയറിനോട് ചേര്‍ന്നു നിൽക്കുന്ന തരത്തിലുമായിരിക്കും.

ഹൈടെക് സ്റ്റൈൽ 

∙ പേരിൽതന്നെയുണ്ട് വീട് ഹൈടെക്കാണെന്ന സൂചന. കുറച്ച് സാധനങ്ങൾ കൂടുതൽ ഉപയോഗം എന്നതാണ് പോളിസി. ഭംഗിയേക്കാൾ പ്രായോഗികതക്കാണ് ഊന്നൽ. 

∙ സോഫയും ടിവിയുമെല്ലാം ഒറ്റ യൂണിറ്റായി വരുന്ന ഫർണിച്ചറുകൾക്കാണിവിടെ സ്ഥാനം. മൾട്ടി പർപ്പസ് രീതിയിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഇന്റീരിയറാണിത്.  

∙ മേക്കോവർ ധാരാളം പരീക്ഷിക്കപ്പെടുന്ന ശൈലി കൂടിയാണിത്. പ്രകൃതിദത്തമായ വസ്തുക്കളിലായിരിക്കില്ല ഫോക്കസ്. മറിച്ച് മെറ്റാലിക് ഫിനിഷുകൾ പോലെ കുറച്ച് യാന്ത്രികമായിരിക്കും അലങ്കാരങ്ങൾ. ഗ്ലാസ്സ്, പ്ലാസ്റ്റിക്ക് എന്നിവയാണ് അധികമായും ഉപയോഗിക്കുക. തടിയുപയോഗം ഇല്ലേയില്ല.

∙ ചെറുപ്പക്കാരാണ് ഈ ശൈലിയുടെ ആരാധകർ. ബാച്‌ലേഴ്സ് താമസിക്കുന്ന ഫ്ലാറ്റുകൾക്കും മറ്റും ഇണങ്ങും.  

വിവരങ്ങൾക്ക് കടപ്പാട്

സോണിയ ലിജേഷ് 

ഇന്റീരിയർ ഡിസൈനർ, കൊടകര, തൃശ്ശൂർ