കത്തുന്ന ചൂടിലും ഈ വീട്ടിൽ ഫാൻ വേണ്ട!...

1090 ചതുരശ്ര അടിയുള്ള വീടിന്റെ ചുമരിൽ സിമന്റിന്റെ അംശം പോലുമില്ല.

വേനല്‍ച്ചൂടില്‍ വീടിനുള്ളിൽപോലും വെന്തുരുകുന്നവർക്ക് കുളിർമയേകുന്ന ഒരു മൺവീട് മാതൃക. കോഴിക്കോട് പെരുമണ്ണയിലെ പരിസ്ഥിതി സ്നേഹിയും ജൈവകർഷകനുമായ ബഷീർ കളത്തിങ്ങലാണ് ചുട്ടുപൊള്ളുന്ന കോൺക്രീറ്റ് വീടിന് ബദലുണ്ടാക്കിയത്. 

ഒറ്റനോട്ടത്തിൽ സാധാരണ വീട്. ഈ വീട് പക്ഷേ അത്ര സാധാരണമല്ല. ഏതു ചൂടിലും വീട്ടുകാർക്ക് മനസും ശരീരവും തണുപ്പിച്ച് തന്നെ കഴിയാം. 1090 ചതുരശ്ര അടിയുള്ള വീടിന്റെ ചുമരിൽ സിമന്റിന്റെ അംശം പോലുമില്ല. ചെങ്കല്ലുകൊണ്ട് തറയൊരുക്കി അതിനുമുകളിൽ മണ്ണ് കുഴച്ചുറപ്പിച്ചു. കുഴച്ച് പരുവപ്പെടുത്തിയ മണ്ണിലേക്ക് ചിതലിനെ തടയാനുള്ള നാടൻ രീതിയായ കടുക്ക കായയും ഉലുവയും ചേർത്ത വെള്ളമൊഴിച്ച്് വലിയ ഉരുളകളാക്കിയാണ് ചുമർ പടുത്തുയർത്തിയത്. മണ്ണിന്റെ പശിമയ്ക്ക് വെള്ളത്തിൽ കുളിർമാവ് തൊലിയും കുമ്മായവും ചേർത്തു. 



അരിച്ചെടുത്ത മണ്ണുകൊണ്ട് തന്നെയാണ് അകവും പുറവും തേച്ചത്. ഇരുമ്പുകൊണ്ട് ട്രസ്സ് വർക് ചെയ്ത് ഓടുകൊണ്ടാണ് മേൽക്കൂരനിർമാണം. വാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകൾ ഉപയോഗിച്ച് പണിത കക്കൂസ് ടാങ്കും വ്യത്യസ്തമായ മാതൃകയാണ്.അടുക്കളമാലിന്യവും ഈ കുഴിയിലേക്ക് നിക്ഷേപിക്കും. ആവശ്യക്കാർക്ക് ഇത്തരം വീടുകൾ നിർമിച്ചു നൽകിയിട്ടുമുണ്ട് ഇദ്ദേഹം. വീട്ടുമുറ്റത്ത് ജൈവ കൃഷിയൊരുക്കിയും മണ്ണിനോട് ചേർന്നുനിൽക്കുകയാണ്ഈ പ്രകൃതിസ്നേഹി 

കൂടുതൽ വാർത്തകൾക്ക്