ഇനി ഇപിഎഫ് ഭവനവായ്പ തിരിച്ചടവിനായി ഉപയോഗിക്കാം!

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) അടയ്ക്കുന്ന പ്രതിമാസ വിഹിതം ഭവനവായ്പാ പ്രതിമാസ തിരിച്ചടവിനായി (ഇഎംഐ) പൂർണമായോ ഭാഗികമായോ വിനിയോഗിക്കാൻ സൗകര്യമൊരുക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് ഇപിഎഫ്ഒയും ഹഡ്കോയും ധാരണാപത്രം ഒപ്പുവയ്ക്കും. 

ഇപിഎഫ് അംഗങ്ങളുടെ നിക്ഷേപത്തിന്റെ 90% വരെ ഭവന പദ്ധതിയിൽ പിൻവലിക്കുന്നതിനും അനുമതി നൽകുമെന്ന് ഇപിഎഫ്ഒ കമ്മിഷണർ വി.പി.ജോയി അറിയിച്ചു.

ഇപിഎഫ്ഒ – ഹഡ്കോ ഭവന പദ്ധതിയുടെ സവിശേഷതകൾ: 

∙ ഇപിഎഫ് പദ്ധതിയിൽ അംഗത്വമെടുത്തു മൂന്നു വർഷം പൂർത്തിയായവർക്ക് അപേക്ഷിക്കാം. 

∙ പ്രധാനമന്ത്രി ഭവന പദ്ധതിയുടെയും (പിഎംഎവൈ) വായ്പാബന്ധിത സബ്സിഡി പദ്ധതിയുടെയും (സിഎൽഎസ്എസ്) പലിശ ഇളവ് ഇപിഎഫ് ഭവന പദ്ധതിയിലൂടെയും ലഭ്യമാകും. സിഎൽഎസ്എസ് പദ്ധതിയിൽ 2.20 ലക്ഷം രൂപവരെ പലിശ സബ്സിഡി. 

∙ ഇപിഎഫ് അംഗങ്ങൾ രൂപീകരിക്കുന്ന ഭവന സൊസൈറ്റികൾക്കും ഇപിഎഫ് അംഗങ്ങൾക്കു വ്യക്തിപരമായും ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പത്തോ അതിലധികമോ അംഗങ്ങളുള്ള സൊസൈറ്റികൾ റജിസ്റ്റർ ചെയ്താൽ പദ്ധതിയിൽ സഹായത്തിന് അർഹതയുണ്ടാകും. 

∙ ഇപിഎഫിൽനിന്നുള്ള ഭവന വായ്പകൾ നിലവിൽ സർക്കാർ അംഗീകൃത ഭവന പദ്ധതികൾക്കു മാത്രമായി നിജപ്പെടുത്തിയിരുന്നതു സ്വകാര്യ, സൊസൈറ്റി ഭവന പദ്ധതികൾക്കും ലഭ്യമാക്കും. 

∙ ഇപിഎഫ് നിക്ഷേപവും കഴിഞ്ഞ മൂന്നു മാസത്തെ ഇപിഎഫ് വിഹിതവും രേഖപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് ഇപിഎഫ് കമ്മിഷണർ നൽകും. ബാങ്കുകളിൽനിന്നു വായ്പാ ആവശ്യത്തിനു സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഭവന വായ്പാ ഇഎംഐ ഇപിഎഫ് പ്രതിമാസ നിക്ഷേപത്തിൽനിന്നു ബാങ്കുകളിലേക്ക് അടയ്ക്കാനും സൗകര്യമുണ്ട്. 

∙ ഇപിഎഫ് ഭവന പദ്ധതിയിൽ തുക ഏജൻസിക്കു നേരിട്ടു നൽകും. 

∙ ഭവന പദ്ധതിക്കായി ഒന്നിലധികം ഏജൻസികളിൽനിന്നു തുക വായ്പയെടുക്കാൻ ഇപിഎഫ്ഒ അനുവദിക്കും. 

∙ ഹഡ്കോ നിവാസ് ഭവന പദ്ധതിയിൽ ഇപിഎഫ് അംഗങ്ങൾക്കായി പ്രത്യേക പരിഗണന.