ഇത് നിങ്ങൾക്കും മാതൃകയാക്കാം! പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീട്!

കടുത്ത ഊർജ പ്രതിസന്ധി മറികടക്കാൻ നാടിന് വഴികാട്ടുകയാണ് ആലപ്പുഴ സ്വദേശി നസീം

ആലപ്പുഴ ഗുരുപുരം സ്വദേശി നസീമിന്റേത് കാഴ്ചയിൽ സാധാരണ വീടാണ്. നാല് ബെഡ്റൂം ഉള്ളൊരു ഇടത്തരം ഇരുനില വീട്. എന്നാൽ ഈ ഭവനം കേരളത്തിന് മുഴുവൻ മാതൃകയാണെന്ന് പറഞ്ഞാലോ ? കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന കേരളത്തിനൊരു വഴികാട്ടിയാണ് ചിറയിൽ ഹൗസ് എന്ന ഈ കൊച്ചു വീട്. കാരണം ഈ വീട് പൂർണമായും പ്രവർത്തിക്കുന്നത് സൗരോർജത്തിലാണ്. ഇവിടെ കെഎസ്ഇബി കണക്ഷൻ നൽകിയിട്ടില്ലെന്നു പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ.

സൗരോർജ കമ്പനി ഉടമയായ നസീം മൂന്നര വർഷം മുമ്പാണ് തറവാടിനോട് ചേർന്ന് പതിയ ഇരുനില വീട് വച്ചത്. വീടിന് തറക്കല്ലിടുമ്പോൾ തന്നെ തീരുമാനമെടുത്തിരുന്നു. ഈ വീട്ടിൽ സൂര്യനായിരിക്കും താരം. 250 വാട്ടിന്റെ ആറ് പാനലുകൾ ടെറസിൽ പിടിപ്പിച്ചു. മൊത്തം ഒന്നര കിലോവാട്ട് വൈദ്യുതി. ആറ് യൂണിറ്റ് വൈദ്യുതിയാണ് സാധാരണ ദിവസങ്ങളിൽ ഉൽപാദിപ്പിക്കുക. മഴയുള്ള സമയത്ത് മൂന്നര യൂണിറ്റെങ്കിലും ലഭിക്കും. 150 Ah ന്റെ നാല് ബാറ്ററികളിലേക്കാണ് ഊർജം ശേഖരിക്കുന്നത്. 4.8 കിലോവാട്ട് ശേഷിയുള്ള ഇൻവർട്ടറുമുണ്ട്. മുഴുവൻ സംവിധാനത്തിന്റെ ചെലവ് 2.25 ലക്ഷം.

വീട്ടിലെ എല്ലാ വൈദ്യുത ഉപകരണങ്ങളും ഒരേ സമയം പ്രവർത്തിക്കാൻ ഇത് മതിയെന്ന് നസീം പറയുമ്പോൾ വിശ്വസിക്കാനൊന്ന് മടിക്കും. സംശയമകറ്റാൻ ടിവി, എസി, മോട്ടോർ, ഇസ്തിരി പെട്ടി എന്നിവയെല്ലാം ഒരേ സമയത്ത് പ്രവർത്തിച്ചു കാണിച്ചു തരുമ്പോൾ ആ സംശയം ആവിയാകും. ഇടയ്ക്ക് ബാറ്ററി വാട്ടർ ഒഴിച്ചു കൊടുക്കുകയല്ലാതെ മറ്റ് മെയിന്റനൻസ് ആവശ്യമില്ലെന്ന് നസീം പറയുന്നു.

250 വാട്ടിന്റെ ആറു പാനലാണ് മേൽക്കൂരയിൽ പിടിപ്പിച്ചത്. ആറു യൂണിറ്റ് വൈദ്യുതി ഒരുദിവസം ഉൽപാദിപ്പിക്കാം.

ആൾ താമസമില്ലാത്ത തറവാട്ടിൽ നിന്ന് നസീം അനധികൃതമായി കറന്റ് വലിക്കുകയാണെന്നൊരു പരാതി ഇടയ്ക്ക് വൈദ്യുതി ഓഫിസിലെത്തി. പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. നസീമിന്റെ ഉദ്യമത്തെ അഭിനന്ദിച്ചാണവർ മടങ്ങിയത്. സോളർ സംവിധാനം കണ്ട് ബോധ്യപ്പെട്ട പലരും നസീമിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

വൈദ്യുതി വിൽക്കാം

അനർട്ടിന്റെ സോളാർ കണക്ട് പദ്ധതി പ്രകാരം നമ്മുടെ വീട്ടിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കെഎസ്ഇ ബിക്ക് വിൽക്കാൻ സാധിക്കും. വീട്ടിലെ സൗരോർജ പ്ലാന്റ് കെഎസ്ഇബി ലൈനുമായി ബന്ധപ്പെടുത്തിയിരിക്കും. വീട്ടുകാരുടെ ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി എനർജി മീറ്റർ വഴി വൈദ്യുത ശൃംഖലയിലേക്ക് നൽകാം. സൗരപാനൽ സ്ഥാപിക്കുന്നതിന് കുറഞ്ഞത് പത്ത് ചതുരശ്രമീറ്റർ നിഴൽ രഹിത മേൽക്കൂര ലഭ്യമായിരിക്കണം. രണ്ട് മുതൽ 100 കിലോ വാട്ട് വരെയാണ് ഒരു ഉപഭോക്താവിന് ഉൽപാദിപ്പിക്കാവുന്ന വൈദ്യുതിയുടെ അളവ്. ഈ സംവിധാനത്തിൽ ബാറ്ററി ബാക്ക് അപ് ഉണ്ടാവുകയില്ല. ഒരു കിലോവാട്ട് സൗരവൈദ്യുത ഉപകരണ സംവിധാനത്തിന് 75,000 രൂപയാകും. സംസ്ഥാന സർക്കാർ സബ്സിഡി 7,500 രൂപയും കേന്ദ്ര സർക്കാർ സബ്സിഡി 22,500 രൂപയും ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നതല്ല. അപേക്ഷാ ഫോറം അനർട്ടിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. (www.anert.gov.in)

Read more- Solar House Green Home