ഇനി ഓൺലൈനായി ചെടികൾ മേടിക്കാം, സമ്മാനിക്കാം!

ഓൺലൈനിലൂടെയോ നേരിട്ടോ പ്രിയപ്പെട്ടവർക്ക് ചെടികൾ സമ്മാനിക്കാം.

കഴിഞ്ഞ ഡിസംബറിലാണ്. ഒരു ഫോൺകോൾ. ഏതോ ഓൺലൈൻ സൈറ്റിന്റെ പാർസൽ ഡെലിവറി വിഭാഗത്തിൽ നിന്നാണ്. എന്റെ അഡ്രസിൽ ഒരു പാർസൽ വന്നിട്ടുണ്ട്. അങ്ങനെയൊന്ന് ഓഡർ ചെയ്തിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറ‍ഞ്ഞു. പക്ഷേ, അഡ്രസ്സ് എന്റെ തന്നെയാണ്. പാക്കറ്റ് പൊട്ടിച്ചു നോക്കിയപ്പോൾ ഒരു ചെടി ! റോസിന്റെ പുതിയ വെറൈറ്റിയാണ്. മോൾ ബെംഗളൂരുവിൽ നിന്ന് അയച്ചതാണെന്ന് പിന്നീടല്ലേ പിടികിട്ടിയത്. ഈ റോസിനുവേണ്ടി നഴ്സറികളിൽ ഞാൻ തപ്പുന്നത് അവൾ കണ്ടിരുന്നു. ചെടികൾ ഓൺലൈൻ സൈറ്റുകളിലൂടെ വാങ്ങാമെന്നതും സമ്മാനിക്കാമെന്നതുമെല്ലാം പുതിയ അറിവായിരുന്നു. ഇപ്പോൾ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം ചെടികളാണ് ഞാൻ സമ്മാനിക്കാറുള്ളത്. കോഴിക്കോട്ടുകാരി സുമയെപ്പോലെ പലരും ഇപ്പോൾ ഏറ്റവും മികച്ച സമ്മാനമായി കരുതുന്നത് ചെടികളാണ്. വീട് പാലുകാച്ചൽ, പിറന്നാൾ, വിവാഹ വാർഷികം എന്നിങ്ങനെയുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമല്ല. വിശിഷ്ടാതിഥികളെ ആദരിക്കാനും പ്രസംഗകർക്കുള്ള ഉപഹാരമായുമൊക്കെ ചെടികൾ നൽകുന്ന ശീലം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

ഓൺലൈൻ മുഖേനയും

ഉദ്യാനസംബന്ധമായ സാധനങ്ങൾക്കു മാത്രമായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുണ്ട്. ഓൺലൈൻ സൈറ്റുകളിലൂടെ മറ്റു സാധനങ്ങൾ വാങ്ങുന്നതു പോലെ തന്നെ ചെടികളും വാങ്ങാം. സമ്മാനമായി അയച്ചു കൊടുക്കാം. നൽകേണ്ടയാളുടെ അഡ്രസ് നൽകിയാൽ മതി. ഗിഫ്റ്റ് പാക്കിങ്ങോ ആശംസകളോ ഉൾപ്പെടുത്തുകയുമാകാം. ബെംഗളൂരു, മുംബൈ. പുണെ തുടങ്ങിയ വലിയ നഗരങ്ങളിലാണ് ഓൺലൈൻ സൈറ്റുകളിൽ നിന്നുള്ള വിൽപന കൂടുതൽ നടക്കുന്നതെങ്കിലും കൊച്ചി, തിരുവന്തപുരം, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഗാർഡൻ ഷോപ്പിങ് സൈറ്റുകൾക്ക് ഡെലിവറി സൗകര്യമുണ്ട്. ആമസോൺ പോലുള്ള വൻകിട ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ മറ്റു സാധനങ്ങൾ പോലെത്തന്നെ ചെടികളും എത്തിച്ചുതരും.

ചെടികൾ മാത്രമല്ല, ഭംഗിയുള്ള പോട്ടുകൾ, പ്ലാന്റർ ബോക്സുകൾ, വളം, ടെററിയം, ടെററിയമുണ്ടാക്കാനോ ചെടിവയ്ക്കാനോ ഉള്ള ഡിഐവൈ (Do it Yourself) കിറ്റുകൾ എന്നിവയെല്ലാം ഓൺലൈൻ സൈറ്റുകളിൽ ലഭിക്കും. മിക്ക സൈറ്റുകളും ചെടികളെ പല വിഭാഗമാക്കിത്തിരിച്ചാണ് വിൽപനയ്ക്കെത്തിക്കുന്നത്. ഫോൺ( Fem), കള്ളിച്ചെടികൾ (cactus), ഇലച്ചെടികൾ (foliages), അകത്തളത്തിൽ വയ്ക്കാവുന്ന ചെടികൾ (interrior plants) സെക്യൂലന്റ്സ്, ലക്കി ബാംബൂ എന്നവയെല്ലാമാണ് ഓൺലൈൻ സൈറ്റുകളിലൂടെ മിക്കവരും വാങ്ങുന്നത്.

അകത്തളത്തിലെ വായുവിനെ ശുദ്ധീകരിക്കുന്നയിനം ചെടികൾ, ഔഷധ സസ്യങ്ങൾ, പഴച്ചെടികളുടെ മിനിയേച്ചർ രൂപങ്ങൾ എന്നിവയെല്ലാം സമ്മാനിക്കാൻ അനുയോജ്യമാണ്. പൂച്ചെടികളിൽ ആന്തൂറിയവും ഓർക്കിഡുമെല്ലാം ഇത്തരത്തിൽ ഓർഡർ ചെയ്യാം. ചട്ടിയും പോട്ടിങ് മിശ്രിതവും ചെടിയുമെല്ലാം വെവ്വേറെ പാക്കറ്റുകളിലാക്കി ലഭിക്കുന്നതിനാൽ ചെടികൾ കേടുകൂടാതെയും പുതുമയോടെയും ലഭിക്കും.

എന്നാൽ റോസ് പോലെയുള്ള ലോലമായ സ്വഭാവമുള്ള ചെടികളോ മൃദുവായ ഇലകളും തണ്ടുകളുമുള്ള ചെടികളോ സുരക്ഷിതമായി ലഭിക്കും എന്ന് ഉറപ്പിച്ചു പറയാനാകില്ല. മിക്ക ചെടികളുടെയും മിനിയേച്ചർ രൂപമാണ് സമ്മാനിക്കാൻ ഉപയോഗിക്കുന്നത്.

കടകളിലും കിട്ടും

സമ്മാനിക്കാനുള്ള ചെടികൾ പ്രത്യേകമായി വിൽക്കുന്ന കടകൾ കേരളത്തിലെ മിക്ക നഗരങ്ങളിലുമുണ്ട്. നിറപ്പകിട്ടാർന്നതും ആകർഷകമായ ആകൃതികളിലുള്ളതുമായ ചട്ടികളാണ് ഇത്തരം സമ്മാനങ്ങളെ ശ്രദ്ധാകേന്ദ്രങ്ങളാക്കുന്നത്. സെറാമിക്, ടെറാക്കോട്ട, പ്ലാസ്റ്റിക് ചട്ടികൾ ഈ ആവശ്യത്തിനുവേണ്ടി ലഭ്യമാണ്. വീട്ടുകാർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും ഓട്ടോ മാറ്റിക് ആയി വെള്ളം നൽകുന്ന ചട്ടികളും സമ്മാനിക്കാൻ പലരും തിരഞ്ഞെടുക്കാറുണ്ട്. ചട്ടിയുടെ അടിഭാഗത്ത് വെള്ളവും വളവും സൂക്ഷിച്ചു വയ്ക്കാൻ കഴിവുള്ള വയാണ് ഇത്തരം ചട്ടികൾ. ചെടിയുടെ പ്രചാരവും വിലയും ചട്ടിയുടെ ഭംഗിയുമെല്ലാം ഈ സമ്മാനത്തിന്റെ വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. 200 രൂപ മുതൽ സാധാരണ ചെടികൾ ലഭിക്കുമ്പോൾ ടെററിയത്തിന്റെയും ബോൺസായിയുടെയുമെല്ലാം വില 2,000 രൂപയ്ക്കു മുകളിൽ നിലൽക്കും.

സമ്മാനിക്കാൻ തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ നല്ല ആരോഗ്യമുള്ള ഒതുക്കമുള്ള ചെടിയാകണം. ഇന്റീരിയർ ചെടികളാണെങ്കിൽ മേശപ്പുറത്തുവയ്ക്കാവുന്നവ സമ്മാനിക്കാം. ടെററിയവും ബോൺസായിയുമെല്ലാം ഏറ്റവും അനുയോജ്യമായ സമ്മാനങ്ങളാണ്. ടെററിയം, കിറ്റ് ആയാണ് ലഭിക്കുക. നിർമിക്കേണ്ട രീതിയുടെ വിവരണവും ഉണ്ടായിരിക്കും. കൊടുക്കുന്നയാളുടെ താത്പര്യങ്ങൾ അറിഞ്ഞുകൊടുക്കുന്നതാണ് നല്ലത്. 

വളരുന്ന സമ്മാനം

ചെന്നൈ നഗരത്തിൽ സമ്മാനമായി ചെടികൾ നൽകുന്നവർ വളരെയേറെയുണ്ടെന്ന് അണ്ണാനഗറിലുള്ള ഗ്രീനിഷ് ഗിഫ്റ്റിങ് പ്ലാന്റ് ഷോപ്പ് ഉടമ ശ്രുതി ബാലഗോപാൽ പറയുന്നു. വിശേഷാവസരങ്ങളിൽ സമ്മാനിക്കാൻ മാത്രമല്ല. കോർപറേറ്റ് ഗിഫ്റ്റുകളായും സ്കൂൾ കുട്ടികൾക്കുള്ള സമ്മാനമായുമെല്ലാം നൽകാൻ ചെടികൾ കൊണ്ടുപോകുമെന്ന് ശ്രുതി പറയുന്നു. ചെന്നൈ നഗരത്തിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ നേരിട്ടുള്ള ഡെലിവറിയാണ് ഗ്രീനിഷ് പിൻതുടരുന്നത്.

Read more on Garden Trends Buy Plants Online