സിമന്റിനു തീവില, മെറ്റൽ കിട്ടാനില്ല... പണിയായി വീടുപണി

സിമന്റ്, കമ്പി, മെറ്റൽ തുടങ്ങിയവയുടെ വിലയിലെ വൻ വർധന മൂലം  നിർമാണ മേഖല സ്‌തംഭനത്തിലേക്ക്. ഒരു ചതുരശ്ര അടി നിർമാണത്തിന് ഒരു വർഷം മുൻപ് ഏറ്റവും കുറഞ്ഞത് 1800 രൂപ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ വേണ്ടിവരുന്നതു 2100 രൂപയിലേറെ.

സിമന്റ് വിലയിൽ മൂന്നു മാസത്തിനകമുണ്ടായ വർധന തന്നെ പായ്‌ക്കറ്റൊന്നിന് 53 രൂപയാണ്. ഒക്ടോബറിൽ 335 രൂപയായിരുന്നത് ഇപ്പോൾ 388 രൂപ. ഫാക്‌ടറികളിൽനിന്നു നേരിട്ടു സിമന്റ് വരുത്തുന്ന കെട്ടിട നിർമാതാക്കൾക്കു മാത്രം ബാധകമായ വിലയാണിത്. കടകളിൽനിന്നു സിമന്റ് വാങ്ങുന്നവർക്കുണ്ടാകുന്ന ബാധ്യത ഇതിലേറെയാണ്. എട്ടു മില്ലി മീറ്റർ കനമുള്ള കമ്പിക്കു 2017 ജനുവരിയിൽ കിലോഗ്രാമിന് 42 രൂപയായിരുന്നത് ഇപ്പോൾ 58 രൂപയിലെത്തിയിരിക്കുന്നു. വർധന 38 ശതമാനം. ഇതിനെക്കാൾ കൂടിയ തോതിലാണു മറ്റിനം കമ്പികൾക്കു വില വർധിച്ചിട്ടുള്ളത്. 10 മുതൽ 25 മില്ലി മീറ്റർ വരെ കനമുള്ള കമ്പിയും നിർമാണ മേഖലയ്‌ക്ക് ആവശ്യമാണ്. ഇതിന്റെ വില ഒരു വർഷം മുൻപു കിലോഗ്രാമിന് 41 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ലഭിക്കുന്നത് 58 രൂപയ്‌ക്ക്.

ക്വാറികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ച സാഹചര്യത്തിൽ മെറ്റൽ, എം സാൻഡ്, പി സാൻഡ് എന്ന് അറിയപ്പെടുന്ന പ്ലാസ്‌റ്ററിങ് സാൻഡ് തുടങ്ങിയവ കിട്ടാനില്ലാത്ത അവസ്‌ഥയാണ്. ലഭിക്കുന്നതിനാകട്ടെ ഭീമമായ വില നൽകേണ്ടിവരുന്നു. 20 എംഎം മെറ്റലിന് കഴിഞ്ഞ ജനുവരിയിൽ ക്യുബിക് അടിക്കു 30 രൂപയായിരുന്നത് ഇപ്പോൾ 40 ൽ എത്തി. എം സാൻഡ് വില ക്യുബിക് അടിക്കു 42 ൽ നിന്ന് 50 രൂപയായി; പി സാൻഡ് വില 46 ൽ നിന്ന് 58ൽ എത്തി. ഇറക്കുമതി ചെയ്യുന്ന മണലിനാകട്ടെ ആഭ്യന്തര വിപണിയിലെ വിലയുടെ ഇരട്ടി നൽകേണ്ടിവരുന്നു. സിമന്റ് ബ്ലോക്കുകളുടെ വിലയും ക്രമാതീതമായാണ് ഉയരുന്നത്. നാല് ഇഞ്ച് ബ്ലോക്കിന്റെ വില 15 രൂപയായിരുന്നത് 22 രൂപയിലേക്ക് ഉയർന്നിരിക്കുന്നു. 47 ശതമാനമാണു വർധന. ആറ് ഇഞ്ചിന്റെ ബ്ലോക്കിന് 23 രൂപയായിരുന്നത് 31 രൂപയായി. 33 രൂപയ്‌ക്കു ലഭിച്ചിരുന്ന എട്ട് ഇഞ്ച് ബ്ലോക്കിന് ഇപ്പോൾ 42 രൂപ നൽകേണ്ട സ്‌ഥിതിയാണ്.

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നിർമാണ സാമഗ്രികളുടെ ലഭ്യത വർധിപ്പിക്കുന്നതിനും സർക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ കെട്ടിട നിർമാണ മേഖലയിലെ പ്രതിസന്ധിയുടെ പ്രത്യാഘാതം കൂടുതൽ രൂക്ഷമായി തൊഴിൽ മേഖലയിലായിരിക്കും അനുഭവപ്പെടുകയെന്നാണു നിർമാതാക്കളുടെ അഭിപ്രായം.