സോളർ പാനലിലൂടെ കീശയിൽ മണികിലുക്കം!

കെഎസ്ഇബി കണക്ഷൻ പോലും എടുക്കാതെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടുകളും ഇന്നുകാണാം.

തുടക്കത്തിലെ മുടക്കുമുതൽ ഒഴിച്ചാൽ പൂർണമായും സൗജന്യമാണ് സൗരോർജം. മേൽക്കൂരയിൽ നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലത്താണ് പാനലുകൾ പിടിപ്പിക്കേണ്ടത്. പാനലുകൾ പിടിച്ചെടുക്കുന്ന സൗരോർജം ഡിസി കറന്റ് ആയി ബാറ്ററിയിൽ സൂക്ഷിക്കുകയും പിന്നീട് ഇൻവർട്ടറിലൂടെ വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുക.യും ചെയ്യാം. ഒരു കിലോവാട്ട് ശേഷിയുള്ള സോളർ പവർ സിസ്റ്റം വച്ചാൽ മാസം നൂറ് യൂണിറ്റോളം വൈദ്യുതി ലഭിക്കും.

പുരപ്പുറത്തു പത്ത് ചതുരശ്രമീറ്റർ സ്ഥലം പാനൽ പിടിപ്പിക്കാൻ മാറ്റിവയ്ക്കണം. ചരിഞ്ഞ മേൽക്കൂരയിലും പാനൽ പിടിപ്പിക്കാം. തെക്കോട്ട് അഭിമുഖമായി വേണം പാനൽ സ്ഥാപിക്കാൻ. സൂര്യന്റെ ചലനപാത, മരങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിഴൽ വീഴാനുള്ള സാധ്യത എന്നിവയും കണക്കിലെടുക്കണം.

സൗരോർജംകൊണ്ട് ഒരു ഫാനും രണ്ട് ലൈറ്റും മാത്രം പ്രവർത്തിപ്പിച്ചിരുന്ന കാലമൊക്കെ എന്നേ കടന്നുപോയി. മോട്ടോറും വാട്ടർ ഹീറ്ററും എസിയും സൗരോർജത്തിൽ ഓടുന്ന കാലമാണ്. കെഎസ്ഇബി കണക്ഷൻ പോലും എടുക്കാതെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വീടുകളും ഇന്നുകാണാം. ദിവസവും കൂടുതൽ സമയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വേണം സൗരോർജത്തിൽ ബന്ധിപ്പിക്കാൻ. ഇതിന് കണക്ടഡ് ലോഡ് കണ്ടുപിടിക്കണം. എല്ലാ ഉപകരണങ്ങൾക്കും പ്രവർത്തനം തുടങ്ങാനുള്ള വൈദ്യുതിയും (Starting Current) പ്രവർത്തിക്കുമ്പോൾ ആവശ്യമായ വൈദ്യുതിയും (Running Current) രണ്ട് അളവാണ്. റണ്ണിങ് കറന്റിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് അധികമായിരിക്കും സ്റ്റാർട്ടിങ് കറന്റ്. ഇവ രണ്ടും കണക്കാക്കി വേണം കണക്ടഡ് ലോഡ് തീരുമാനിക്കാൻ.

ഓൺ–ഗ്രിഡ്, ഓഫ്–ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളർ ഇൻവർട്ടറുകളുണ്ട്. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതോർജം സർക്കാരിനു നൽകാനുള്ള സംവിധാനവുമുണ്ട്. ഓൺ–ഗ്രിഡ് ഇൻവർട്ടർ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനുള്ള അപേക്ഷയ്ക്കൊപ്പം 1,000 രൂപ അടച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി തൃപ്തികരമെങ്കിൽ അനുവദിക്കുന്നതാണ്. സർക്കാരിനു നൽകുന്ന വൈദ്യുതിയുടെ തത്തുല്ല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവ് ചെയ്യും. ബാറ്ററിയുടെ ചെലവ് ലാഭമാണെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. കെഎസ്ഇബി ലൈനിൽ കറന്റ് ഇല്ലെങ്കിൽ വീട്ടിലും കറന്റ് ലഭിക്കുകയില്ല എന്നത് പോരായ്മയാണ്.

ഒരു ബാറ്ററിക്ക് 20,000 രൂപയോളം ചെലവ് വരും. വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ബാക്ക് അപ് വേണ്ട സമയവും കണക്കാക്കി വേണം ബാറ്ററി തിരഞ്ഞെടുക്കാൻ. ഒരു ദിവസത്തെ ബാക്ക്അപ്പിന് 1200 വാട്ട് അവർ (Watt Hour) ശേഷിയുള്ള ബാറ്ററി മതിയാകും.

ഒരു എസി ഉപയോഗിക്കുന്ന നാലംഗ കുടുംബത്തിന്റെ ആവശ്യത്തിന് മൂന്ന് കിലോവാട്ടിന്റെ സിസ്റ്റം മതിയാകും. ഇതിൽ നിന്ന് ഒരു ദിവസം 12 യൂണിറ്റ് വൈദ്യുതി വരെ ഉൽപാദിപ്പിക്കാം. മഴക്കാലത്ത് ആറ് യൂണിറ്റ് വരെ ലഭിക്കും. ഓൺ–ഗ്രിഡ് രീതിയിൽ ഇതിന് രണ്ടര ലക്ഷത്തിനും രണ്ടേമുക്കാൽ ലക്ഷത്തിനും ഇടയ്ക്ക് ചെലവ് വരും. പാനൽ, ഇൻവർട്ടർ, സർജ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഓൺ–ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ച് വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാവുന്നതാണ്. ഇടയ്ക്ക് ബാറ്ററി മാറ്റേണ്ടി വരുന്നതിനാൽ ഓഫ്–ഗ്രിഡ് അത്ര ലാഭകരമല്ല. അതിനാൽ ഓൺ ഗ്രിഡിനാണ് ആവശ്യക്കാർ കൂടുതൽ.

ചൂടുകാലത്ത് കൂടുതൽ സൗരോർജം ഉൽപാദിപ്പിക്കാൻ പറ്റുമെന്നത് തികച്ചും തെറ്റായ ധാരണയാണെന്ന് രംഗത്തെ വിദഗ്ധർ പറയുന്നു. പാനലുകളിലുള്ള സിലിക്കോൺ സെല്ലുകളാണ് സൂര്യപ്രകാശം ആഗിരണം ചെയ്യുന്നത്. ചൂട് കൂടുന്നതിനനുസരിച്ച് ഇവയുടെ പ്രവർത്തനക്ഷമത കുറയും. 25 ഡിഗ്രി സെൽഷ്യസിലാണ് പാനലുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുക.

മറ്റേത് ഉപകരണവും പോലെ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ സോളർ പ്ലാന്റും നഷ്ടക്കച്ചവടമാകും. പാനലുകൾ രണ്ടു മാസത്തിലൊരിക്കലെങ്കിലും കഴുകണം. പൊടി അടിഞ്ഞു കൂടിയാൽ പാനലിന്റെ പ്രവർത്തനക്ഷമത കുറയും. മിന്നൽ രക്ഷാചാലകം സ്ഥാപിക്കുകയും കുറ്റമറ്റ രീതിയിൽ എർത്തിങ് ചെയ്യുകയും വേണം. ശരിയായ വിധത്തിലുള്ള സോളർ സംവിധാനം ഏർപ്പെടുത്തിയാല്‍ വീട്ടിലെ വൈദ്യുതി ബിൽ അറുപത് ശതമാനമെങ്കിലും കുറയ്ക്കാമെന്ന് കണക്കുകൾ പറയുന്നു. ഇനി പറയൂ, ഈ സൗജന്യനിധി വേണ്ടെന്നു വയ്ക്കണോ?