ആശയങ്ങളുടെ അക്ഷയോർജം : അനെർട്ട്– മനോരമ സെമിനാർ

വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കു നേരെ പുതു വെളിച്ചമായി മനോരമ – അനെർട്ട് സെമിനാർ പരമ്പര. നവകേരള നിർമാണവും അക്ഷയോർജവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിന്റെ ഊർജ സ്വയം പര്യാപ്തതയിൽ സൗരോർജത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായി. 

ഊർജ സംരക്ഷണ മേഖലയിലെ പ്രമുഖരും സൗരോർജ ഉപകരണ നിർമാതാക്കളും കെഎസ്ഇബി,അനെർട്ട് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസഥരും പാനൽ ചർച്ചയിൽ പങ്കെടുത്തു.ആസൂത്രണ കമ്മിഷൻ  മുൻ അംഗം സി.പി.ജോൺ ചർച്ചയിൽ മോഡറേറ്ററായി. സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത മന്ത്രി എംഎം മണിയും ചർച്ചയുടെ ആദ്യാവസാനം സജീവമായി പങ്കെടുത്തു.

നവകരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപതതിയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കുമെന്ന്  പാനൽ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

മന്ത്രി എം.എം.മണി

വൈദ്യുതി പ്രതിസന്ധിയിൽ നിന്നു കരകയറാൻ സൗരോർജത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. 1000 മെഗാ വാട്ട് സൗരവൈദ്യുതി നിർമിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള ജലവൈദ്യുത നിലയങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കിയിൽ ഇപ്പോഴത്തെ നിലയത്തിനു പുറമേ മറ്റൊന്നു കൂടി സ്ഥാപിക്കുന്നതിനു പഠനം നടക്കുകയാണ്.

കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 % മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പുറത്തു നിന്നു വൻവില കൊടുത്തു വൈദ്യുതി വാങ്ങിയാണു ക്ഷാമമില്ലാതെ പോകുന്നത്. വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കൂ.ഭാവിയിലെ ഊർജ പ്രതിസന്ധി മുൻകൂട്ടി കാണുമ്പോൾ സൗരോർജത്തോടു മുഖം തിരിക്കാനാവില്ല. 

ഗാർഹിക ഉപഭോക്താക്കൾക്കു പരമാവധി വില വർധിപ്പിച്ചു കൊണ്ടു വൻകിടക്കാർക്കു സൗജന്യം നൽകുന്നതാണു കേന്ദ്ര വൈദ്യുത നയം.വൈദ്യുതി വില നിശ്ചയിക്കുന്ന റഗുലേറ്ററി കമ്മിഷനിൽ പോലും സർക്കാരിന് അധികാരമില്ലാത്ത സ്ഥിതിയാണു വരാൻ പോകുന്നത്.

എൻ.എസ്.പിള്ള (വൈദ്യുതി ബോർഡ് ചെയർമാൻ)

കേരളം നേരിടുന്ന ഊർജ പ്രതിസന്ധിക്കുള്ള പരിഹാരമെന്നോണം സൗരോർജത്തെ അവതരിപ്പിക്കുന്നതിൽ ഒട്ടേറെ കടമ്പകളുണ്ട്. രാത്രിയിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നത്. പകൽ‍ മാത്രം ലഭിക്കുന്ന സൗരോർജം ഉപയോഗിച്ച് നമുക്ക് എങ്ങനെ ഊർജ ക്ഷാമം പരിഹരിക്കാനാവും എന്നതിൽ കൂടുതൽ പഠനങ്ങൾ നടത്തണം. 1000 മെഗാ വാട്ട് സൗരോർജ ഉൽപാദനം ലക്ഷ്യം വയ്ക്കുമ്പോൾ വിതണത്തിനായി ലഭിക്കുന്ന ഊർജം അതിന്റെ ചെറിയ ശതമാനം മാത്രമാണ്.

പകൽ ഉൽപാദിപ്പിക്കുന്ന സൗരോർജം എങ്ങനെ സംഭരിക്കുമെന്നതാണ് മറ്റൊരു വെല്ലുവിളി. കേരളത്തിലെ ഗ്രിഡുകളിലേക്ക് ഈ വൈദ്യുതി പ്രസരിപ്പിക്കുകയെന്നത് അസാധ്യമാണ്. സൗരോർജത്തെ ആശ്രയിക്കുന്ന വികസിത രാജ്യങ്ങൾ ആദ്യം ചെയ്തത് അവരുടെ പ്രസരണ ശ‍ൃംഖലകളെ സ്മാർട്ട് ഗ്രിഡുകളാക്കി മാറ്റുകയാണ്. 

നമ്മുടെ പ്രസരണ ശൃഖലകളെ സ്മാർ‍ട്ട് ഗ്രിഡുകളാക്കി മാറ്റാതെ  സൗരോർജം ഉപയോഗിച്ച് ഊർജ ക്ഷാമം പരിഹരിക്കാമെന്നത് വിദൂര സ്വപ്നം മാത്രമാണ്. ഡാമുകളിൽ വെള്ളം കുറയുന്ന കാലമാണിത്. പകൽ  സൗരോർജം ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഡാമുകളിലെ വെള്ളം പരമാവധി സംഭരിക്കണം. ഈ വെള്ളം രാത്രികാലങ്ങളിൽ ഉപയോഗപ്പെടുത്താം. വിവിധ ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിച്ച് കൂടുതൽ ജലവൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കണം. 

പ്രേമൻ ദിനരാജ് (വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ)

പകൽ മാത്രമേ സൗരോർജം ലഭിക്കുകയുള്ളൂ എന്നത് ഒരു പോരായ്മയാണ്. പക്ഷേ,സൗരോർജ സംഭരണത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാം. ഉൽപാദിപ്പിക്കുന്ന സൗരോർജം മുഴുവൻ ഗ്രിഡിലേക്ക് പ്രസരിപ്പിക്കാതെ ആ പ്രദേശങ്ങളിൽ തന്നെ ഉപയോഗിക്കുന്ന രീതി പിൻതുടരണം.

പ്രത്യേക മേഖലകളിൽ വൈദ്യുതിയെത്തിക്കുന്ന പ്രസരണ ശൃഖലയായ മൈക്രോ ഗ്രിഡുകൾ സ്ഥാപിച്ച് ഊർജ ഉപഭോഗം നടത്തണം. ഈ മൈക്രോ ഗ്രിഡുകളെ ബാറ്ററി ബാങ്കായി മാറ്റാൻ കഴിഞ്ഞാൽ രാത്രി കാലങ്ങളിലും സൗരോർജം ഉപയോഗിക്കാൻ സാധിക്കും. ജലവൈദ്യുത പദ്ധതികളെ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയണം. പമ്പ് സ്റ്റോറേജ് സ്കീമിം ജലവൈദ്യുത പദ്ധതികളിൽ ഫലപ്രദമമായി ഉപയോഗിക്കാവുന്നതാണ്. 

പവർ ഹൗസുകൾക്ക് താഴെ ചെറിയ ചെക്ക് ഡാമുകൾ നിർമിച്ച് ശേഖരിക്കുന്ന ജലം തിരികെ പമ്പ് ചെയ്യണം. ഈ രീതി ജലവൈദ്യുതിയുടെ ഉൽപാദനം വർദ്ധിപ്പിക്കും. വൻകിട ഉപഭോക്താക്കൾക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിലൂടെ സംസ്ഥാനത്തെ ഊർജ ക്ഷാമത്തിനു പരിഹാരം കാണാനാവും.

ഡോ.ആർ.ഹരികുമാർ (അനെർട്ട് ഡയറക്ടർ) 

സംസ്ഥാനത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കേവലം 100 മെഗാ വാട്ട് മാത്രമാണ്. ഇത് 1000 മെഗാ വാട്ടിലേക്ക് എത്തിക്കാനുള്ള കർമ പദ്ധതിയ്ക്കാണ് അനെർട്ട് രൂപം നൽകിയിരിക്കുന്നത്. 2 വർഷമായി ഈ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ അനെർട്ട് വ്യാപൃതരാണ്. ഇന്ത്യയിൽ ആദ്യമായി അക്ഷയോർജ ഉപകരണങ്ങളുടെ വിൽപനയ്ക്കായി അനെർട്ട് വെബ്സൈറ്റ് ആരംഭിച്ചു. 

'ബൈമൈസൺ' എന്ന വെബ്സൈറ്റിലൂടെ ഇതിനകം 23 കോടി രൂപയുടെ വ്യാപാരം നടന്നു കഴിഞ്ഞു. അക്ഷയോർജ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തയതും നമ്മുടെ നേട്ടമാണ്. പ്രളയത്തിനു ശേഷം ഇത്തരം ഇൻഷുറൻസുകളുടെ പ്രാധാന്യം ജനങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. 1000 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദനത്തിലൂടെ 6000 കോടിയുടെ വ്യാപാരവും 60 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാണ് അനെർട്ടിന്റെ പദ്ധതി.

ധരേശൻ ഉണ്ണിത്താൻ (എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ)

പാരമ്പര്യ ഊർജ സ്രോതസുകളെ അമിതമായി ആശ്രയിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലനാവസ്ഥ തകിടം മറിയുകയാണ്, പാരിസ് ഉടമ്പടി നമ്മുടെ മുന്നിലുണ്ട്. ഭൗമ താപനില വർധന രണ്ടു ഡിഗ്രിയ്ക്കുള്ളിൽ നിർത്തണമെന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ അക്ഷയോർജത്തെ ആശ്രയിച്ചേ മതിയാവൂ.

അതുകൊണ്ടു തന്നെ മറ്റെല്ലാ പ്രതിസന്ധികളെയും തരണം െചയ്ത് സൗരോർജം മുന്നോട്ട് പോകും. പ്രളയ സമയത്ത് വൈദ്യുത ലൈനുകൾ തകർന്നത് നമ്മൾ കണ്ടതാണ്. സൗരോർജം ഉപയോഗിക്കുന്നവർ ഈ പ്രതിസന്ധിയെ തരണം ചെയ്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സൗരോർജ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ മുന്നോട്ട് വരണം.

ജലവൈദ്യുത പദ്ധതികളെ ഫലപ്രദമായി വിനിയോഗിക്കാൻ ഡാമുകളുടേ സംഭരണ ശേഷി വർദ്ധിപ്പിക്കണം. അക്ഷയോർജത്തിന്റെ ഉൽപാദനവും ഇതിനോടൊപ്പം മുന്നോട്ട് പോയാൽ മാത്രമേ പെരുകുന്ന ആവശ്യങ്ങളെ നേരിടാൻ സംസ്ഥാനത്തിനു കഴിയൂ. 

കെ.ജി.മധു (അമ്മിണി സോളർ പ്രൈവറ്റ് ലിമിറ്റഡ്) 

സൗരോർജത്തിന്റെ ഭാവിയെക്കുറിച്ച് പലരും ആശങ്കയുന്നയിക്കുന്നതായി കണ്ടു. കൃത്യമായ ആസൂത്രണത്തോടെ ഭാവിയുടെ ഊർജമായി സൗരോർജത്തെ മാറ്റാം എന്നതിൽ തർക്കമില്ല. സൗരോർജം സംഭരിക്കുന്നതിന് ബാറ്ററിയുടെ അമിതവിലയെപ്പറ്റി ഒട്ടേറെ ആശങ്കളുയർന്നിരുന്നു.  ബാറ്ററികളുടെ വില കുറയുന്നതിലൂടെ ഊർജ സംരക്ഷണം കൂടുതൽ ഫലപ്രദമാകും.

എൽഇഡി ടെക്നോളജിയിലൂടെ ഊർജ ഉപഭോഗം കുറയ്ക്കാൻ സാധിക്കും. ഇലക്ട്രോണിക്സ് മേഖല അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്.  വൈദ്യുത ഉപഭോഗം കുറഞ്ഞ ഗാർഹിക ഉപകരണങ്ങൾ വിപണിയിലെത്തുകയാണ്. ഡിസി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണി കീഴടക്കും. 

പത്മ മൊഹന്തി (അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ)

വൈദ്യുതിയുടെ ഉൽപാദനം പോലെ തന്നെ പ്രധാനമാണ് വൈദ്യുതി സംരക്ഷണവും. പാഴാക്കാതെ ഉപയോഗിക്കുന്ന ഊർജം രാജ്യത്തെ മുന്നോട്ട് നയിക്കും. അക്ഷയോർജത്തിന്റെ പ്രചരണത്തിന് അനെർട്ട് ചെയ്യുന്ന  പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു.

കേരളത്തിലെ ‍‍വിനോദ സഞ്ചാര മേഖലകളിലും മൽസ്യ ബന്ധനമേഖലകളിലും അക്ഷയോർജത്തിന്റെ ഉപയോഗം വ്യാപിപിക്കണം. ഗ്രിഡുകൾ എത്തിക്കാൻ കഴിയാത്ത ഇടങ്ങളിൽ സൗരോർജം ഉപയോഗിക്കണം. 

രാഖി രവികുമാർ (ഡപ്യൂട്ടി മേയർ, തിരുവനന്തപുരം)

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വിവിധ വകുപ്പുകൾ കൈമാറിയതിലൂടെയാണ് തെരുവു വിളക്കുകളുടെയും പൊതു ടാപ്പുകളുടെയും ചുമതല നഗരസഭയ്ക്ക് ലഭിക്കുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് തെരുവു വിളക്കുകൾ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനുള്ള മാർഗ നിർദേശങ്ങൾ നൽകണം. പ്രൊജക്ടുകൾ രൂപീകരിച്ച് സംസ്ഥാനത്ത് നടപ്പിലാക്കണം. സൗരോർജ ഉപകരണങ്ങൾ വാങ്ങുന്നവർക്കുള്ള സബ്സിഡി വർദ്ധിപ്പിക്കണം.

ഫൈസൽ ഖാൻ  (നൂറുൾ ഇസ്‌ലാം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ, നിംസ് മെഡിസിറ്റി എംഡി)

വർഷങ്ങൾക്കു മുൻപ്് സൗരോർജം ഉൽപാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി വളരെ ദൂരം മുന്നോട്ട് പോയതാണ്. 5 മെഗാ വാട്ടിന്റെ സോളർ പ്ലാന്റായിരുന്നു ലക്ഷ്യം. പക്ഷേ, അനുമതിയ്ക്കായി പല ഓഫിസുകൾ കയറിയിറങ്ങി.  പലയിടങ്ങളിൽ നിന്നും നിരാശജനകമായ മറുപടികളാണ് ലഭിച്ചത്. ജലവൈദ്യുതുയുണ്ടല്ലോ, സൗരോർജത്തിന്റെ ആവശ്യമുണ്ടോ എന്ന നിരന്തരമായ ചോദ്യങ്ങൾക്കൊടുവിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സ്വതന്ത്രമായി ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കണം. 

ബി.ഗോവിന്ദൻ (ഭീമ ജ്വല്ലറി)

വർഷങ്ങൾക്കു മുൻപു തന്നെ അക്ഷയോർജത്തിന്റെ സാധ്യതകൾ മനസിലാക്കിയിരുന്നു. പാലക്കാട്ട് 6 കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആരംഭിച്ചു. ആ നീക്കം ഒരിക്കലും നഷ്ടമായിരുന്നില്ല. അക്ഷയോർജത്തിന്റെ സാധ്യതകൾ ജനങ്ങൾക്കു മനസിലാക്കി കൊടുക്കാൻ കഴിയണം.  ജനങ്ങൾക്ക് തങ്ങളുടെ സംശയങ്ങളുമായെത്താനുള്ള സ്വതന്ത്രമായ വേദി സൃഷ്ടിക്കാൻ സർക്കാരിനു കഴിയണം. 

 

ബി.മഞ്ജു (വൈദ്യുതി ബോർഡ് പാരമ്പര്യേതര ഊർജ വിഭാഗം ഡപ്യൂട്ടി ചീഫ് എൻജിനിയർ)

വികസിത രാജ്യങ്ങൾ അക്ഷയോർജത്തിലേക്ക് ചുവടുമാറ്റുന്നതിനു മുൻപായി നടത്തിയ സുപ്രധാന നീക്കമാണ് ഗ്രിഡുകളുടെ ശേഷി വർദ്ധിപ്പിക്കുകയെന്നത്.  ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ കഴിയില്ല എന്നതാണ് നമ്മുടെ ഗ്രിഡുകളുടെ പ്രശ്നം. സ്മാർട്ട് ഗ്രിഡുകൾ കൊണ്ടുവരാതെ ഈ പ്രശ്നത്തിനു പരിഹാരം കാണുവാൻ കഴിയില്ല.ഈ നീക്കം വളരെ ചിലവേറിയതാണ്.

അനീഷ്എസ്.പ്രസാദ് (പ്രോഗ്രാം ഓഫിസർ അനെർട്ട്)

ഒരു ഗ്രാമത്തിലെ 5 വീടുകളിൽ 2 കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ നമ്മുടെ ലക്ഷ്യം ഫലപ്രാപ്തിയിലെത്തും. ആ പ്രദേശങ്ങളിൽ ഊർജം സംംഭരിച്ച് ഉപയോഗിക്കാൻ കഴിഞ്ഞാൽ വൈദ്യുതി ഗ്രിഡിലേക്ക് കടത്തി വിടേണ്ട ആവശ്യമില്ല. ജനങ്ങൾ സൗരോർജത്തെ അംഗീകരിക്കാൻ ആരംഭിച്ചിരിക്കുന്നു.

ഷീബാ എബ്രഹാം (ഡപ്യൂട്ടി ചീഫ്  ഇലക്ട്രിക്കൽ ഇൻസ്പെക്ടർ)

അക്ഷയോർജ പ്ലാന്റുകൾ എവി‍ടെ സ്ഥാപിച്ചാലും ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റ് പരിശോധിച്ച് കാലാതാമസമില്ലാതെ സുരക്ഷാ സർട്ടിഫിക്കറ്റുകൾ നൽകും. ബൈ ഡയരക്ഷണൽ മീറ്ററുകളുടെ വിശദാംശങ്ങൾ വൈദ്യുത വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

എ.ടി.ജയിംസ്(ലാൻഡ് റവന്യൂ കമ്മിഷണർ)

സൗരോർജ പ്ലാന്റുകൾക്ക് കേരളത്തിൽ ഭൂമി ലഭ്യമാക്കുന്നത് വലിയ പ്രശ്നമാണ്. കാസർഗോഡ് ആരംഭിക്കാനിരുന്ന വൻകിട സൗരോർജ പ്ലാന്റിന്റെ ശേഷി ഭൂമി ലഭ്യതയുടെ കുറവ് കൊണ്ട് കുറയ്ക്കേണ്ടി വന്നു. സൗരോർജ പ്ലാന്റുകൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ റവന്യൂ വകുപ്പിൽ നിന്നുണ്ടാകും.

അക്ഷയോർജത്തിന്റെ വ്യാപനത്തിന് ദിശാബോധം നല്‍കുന്ന ചർച്ച – സി.പി ജോണ്‍

അടുത്ത കാലത്തായി ഞാൻ പങ്കെടുത്ത ഏറ്റവും മികച്ച ചർച്ചയാണിത്. അക്ഷയോർജത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കാൻ അനെർട്ടിന്റെയും മനോരമയുടെയും പ്രവർത്തനങ്ങൾക്കു സാധിക്കും.സർക്കാർ കെട്ടിടങ്ങളും സ്കൂൾ കെട്ടിടങ്ങളും  സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനായി വിട്ടു നൽകിയാൽ ലക്ഷ്യം എളുപ്പമാകും.വാഹനങ്ങൾ ഇലക്ട്രിക് ആവുകയാണ്. 

ഭാവിയിൽ സൗരോർജ ചാർജിങ് പോയിന്റുകൾ ഇന്ധന പമ്പുകൾക്ക് പകരമാവും സൗരോർജത്തിന്റെ ഉപഭോഗത്തെക്കുറിച്ച് വിവിധ ആശങ്കകൾ ഉയർന്നു വന്നെങ്കിലും ഭാവിയിലേക്കുള്ള ചുവടുവയ്പ്പാണ് സൗരോർജമെന്നതിൽ ആർക്കും രണ്ട് അഭിപ്രായങ്ങളില്ല.