ഇനി സൂര്യനെ 'കൃഷി' ചെയ്യാം! ഒപ്പമുണ്ട് അനെർട്ട്

വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കു നേരെ പുതു വെളിച്ചമായി മനോരമ – അനെർട്ട് സെമിനാർ പരമ്പര. നവകേരള നിർമാണവും അക്ഷയോർജവും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച കേരളത്തിന്റെ ഊർജ സ്വയം പര്യാപ്തതയിൽ സൗരോർജത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായി. 

ഊർജ സംരക്ഷണ മേഖലയിലെ പ്രമുഖരും സൗരോർജ ഉപകരണ നിർമാതാക്കളും കെഎസ്ഇബി, അനെർട്ട് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസഥരും പാനൽ ചർച്ചയിൽ പങ്കെടുത്തു. ആസൂത്രണ കമ്മിഷൻ മുൻ അംഗം സി.പി.ജോൺ ചർച്ചയിൽ മോഡറേറ്ററായി. സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത മന്ത്രി എംഎം മണിയും ചർച്ചയുടെ ആദ്യാവസാനം സജീവമായി പങ്കെടുത്തു.

ആവർത്തന ചെലവില്ലാത്ത ഊർജസ്രോതസ്സാണു സൂര്യൻ. സൂര്യനിൽനിന്നു വരുന്ന ഊർജത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ നാം ഉപയോഗിക്കുന്നുള്ളൂ. വേണ്ടവിധത്തിൽ സൗരോർജത്തെ ഉപയോഗപ്പെടുത്തിയാൽ ഇന്നുള്ള വൈദ്യുതിക്ഷാമത്തിന് ഒരു പരിഹാരമാകും. ഇതായിരുന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയം.

അനെർട്ട് ഉണ്ട് കൂടെ

പാരമ്പര്യേതര ഊർജസംരക്ഷണ ഏജൻസി (ANERT) (Agency for non Conventional Energy and Rural Technology) സൗരോർജ ഉപയോഗത്തിനു നിരവധി പ്രോജക്ടുകളാണു നടപ്പാക്കുന്നത്. വീടുകളിൽ സൗരോർജ പ്ലാന്റ്, വാട്ടർ ഹീറ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തുതരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള സബ്സിഡി ഇതിനു ലഭ്യമാകുകയും ചെയ്യും. അഞ്ചു വർഷ വാറന്റിയും എല്ലാ ആറുമാസം കൂടുമ്പോൾ സർവീസിങ്ങും അനെർട്ട് ലഭ്യമാക്കുന്നു.

സംസ്ഥാനത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന സൗരവൈദ്യുതി കേവലം 100 മെഗാവാട്ട് മാത്രമാണ്. ഇത് 1000 മെഗാ വാട്ടിലേക്ക് എത്തിക്കാനുള്ള കർമപദ്ധതിക്കാണ് അനെർട്ട് രൂപം നൽകിയിരിക്കുന്നത്. 2 വർഷമായി ഈ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ അനെർട്ട് വ്യാപൃതരാണ്. ഇന്ത്യയിൽ ആദ്യമായി അക്ഷയോർജ ഉപകരണങ്ങളുടെ വിൽപനയ്ക്കായി അനെർട്ട് വെബ്സൈറ്റ് ആരംഭിച്ചു.

'ബൈമൈസൺ' (www.buymysun.com)എന്ന വെബ്സൈറ്റിലൂടെ ഇതിനകം 23 കോടി രൂപയുടെ വ്യാപാരം നടന്നു കഴിഞ്ഞു. അക്ഷയോർജ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതും നമ്മുടെ നേട്ടമാണ്. പ്രളയത്തിനു ശേഷം ഇത്തരം ഇൻഷുറൻസുകളുടെ പ്രാധാന്യം ജനങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. 1000 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉൽപാദനത്തിലൂടെ 6000 കോടിയുടെ വ്യാപാരവും 60 ലക്ഷം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കാനാണ് അനെർട്ടിന്റെ പദ്ധതി. അനെർട്ട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ പറയുന്നു.

റൂഫ് ടോപ്പ് (Roof top)

വീടുകൾക്കു മുകളിലായി സൗരോർജ പാനലുകൾ വച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. ഓരോ വീടിന്റെയും ഉപയോഗത്തിനനുസരിച്ചുള്ള പാനലുകൾ വയ്ക്കണം. അതായത്, എത്ര യൂണിറ്റ് വൈദ്യുതിയാണോ ആവശ്യം അത്രയും കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കണം.

ഓഫ്–ഗ്രിഡ് ഇൻവർട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽ നിന്നു പ്രതിദിനം ശരാശരി മൂന്നു യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. ഓൺ- ഗ്രിഡിൽ ഇത് നാലു യൂണിറ്റ് വരെ ലഭിക്കും.

സൗരോർജ പാനൽ, ഇൻവെർട്ടർ ബാറ്ററി എന്നിവയാണ് ഗാർഹിക പ്ലാന്റിൽ ഉൾപ്പെടുക. വീടിന്റെ മേൽക്കൂരയിൽ സൂര്യപ്രകാശം കൃത്യമായി ലഭിക്കുന്ന സ്ഥലത്താണ് പാനലുകൾ സ്ഥാപിക്കേണ്ടത്.

ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ചു വയ്ക്കും. സൗരോർജ പാനലുകൾ വീടുകളിൽ സ്ഥാപിച്ചാൽ വൈദ്യുതി ബില്ലിന്റെ ഭാരം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. സൗരോർജ വാട്ടർ ഹീറ്ററുകളും ഇത്തരത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. സൗരോർജ വാട്ടർ ഹീറ്റർ ഉപയോഗിച്ച് 80 ഡിഗ്രി വരെ ചൂടുവെള്ളം നമുക്കു ലഭിക്കും. കുളിക്കാൻ മാത്രമല്ല പാചകാവശ്യങ്ങൾക്കും ഈ ചൂടുവെള്ളം ഉപയോഗിക്കാം. ഇതുവഴി വൈദ്യുതിയിലും ഗ്യാസ് ഉപയോഗത്തിലും നമുക്കു ഗണ്യമായ ലാഭം നേടാൻ സാധിക്കും.

‘സോളർ ഗ്രിഡ്’ പദ്ധതി പ്രകാരം ഓൺ–ഗ്രിഡ് സംവിധാനത്തിൽ 18,000 രൂപയാണ് ഓരോ കിലോവാട്ടിനും സബ്സിഡി. കേന്ദ്രഗവൺമെന്റിന്റെ വകയാണ് ഈ സബ്സിഡി. www.anert.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. റജിസ്ട്രേഷൻ സമയത്ത് കെഎസ്ഇബി ബിൽ, ആധാർ കാർഡിന്റെ കോപ്പി എന്നിവ കരുതേണ്ടതാണ്.

ഊർജമിത്ര

ജനങ്ങൾക്ക് അനുയോജ്യമായ ഊർജ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതികസഹായങ്ങൾക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിന് ഉതകുന്ന സേവനങ്ങൾ നൽകാനുമായി ഊർജമിത്ര- അക്ഷയ ഊർജ സർവീസ് സെന്ററുകൾ സംസ്ഥാനത്തെ മിക്ക നിയോജക മണ്ഡലങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - www.urjamithra.in