സൗരോർജത്തിന്റെ അനന്തസാധ്യതകൾ വെളിപ്പെടുത്തുന്നതായി 'വ്യവസായ മേഖലയ്ക്ക് അക്ഷയ ഊർജം' എന്ന വിഷയത്തിൽ മലയാള മനോരമയും അനർട്ടും ചേർന്നു നടത്തിയ സെമിനാർ. ഹൈബി ഈഡൻ എംഎൽഎ. സെമിനാർ ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ വികസന മാതൃകകൾ നടപ്പാക്കുമ്പോൾ സൗരോർജ പദ്ധതികൾ കൂടി ഉൾപ്പെടുത്തേണ്ട ആവശ്യകതയാണു സെമിനാർ പ്രധാനമായും ചർച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, പോർട് ട്രസ്റ്റ് ചെയർപഴ്സൺ ഡോ.എം.ബീന, അനർട്ട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു. പ്രത്യേക ക്ഷണിതാക്കളും വ്യവസായ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു.
സൂര്യശോഭയോടെ അനർട്ട്...
ഡോ. കെ.ഹരികുമാർ (ഡയറക്ടർ, അനർട്ട്)
പാരമ്പര്യേതര ഊർജസംരക്ഷണ ഏജൻസി (ANERT) (Agency for non Conventional Energy and Rural Technology) സൗരോർജ ഉപയോഗത്തിനു നിരവധി പ്രോജക്ടുകളാണു നടപ്പാക്കുന്നത്. സൗരോർജ ഉൽപന്നങ്ങൾ വാങ്ങാനുളള ബുദ്ധിമുട്ട് ഒഴിവാക്കാനാണു അനർട്ട് ശ്രമിക്കുന്നത്. വീട്ടിലിരുന്ന് ഉൽപന്നങ്ങൾ വാങ്ങാനായി ബൈ മൈ സൺ (www.buymysun.com) എന്ന വെബ്സൈറ്റ് അനർട്ട് തുടങ്ങിയിട്ടുണ്ട്. സൗരോർജ വാട്ടർ ഹീറ്റർ, ലാംപുകൾ, ഗ്രിഡ് കണക്ടഡ് സിസ്റ്റം, ബാറ്ററി കണക്ടഡ് സിസ്റ്റം തുടങ്ങി 532 ഉൽപന്നങ്ങൾ ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ ഈ വെബ്സൈറ്റിൽ നിന്നു വാങ്ങാൻ കഴിയും.
അനർട്ടിന്റെ അംഗീകാരമുളള 72 വെൻഡർമാരാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. 7 മാസത്തിനുളളിൽ 24 കോടി രൂപയുടെ ബിസിനസാണ് വെബ്സൈറ്റ് വഴി നടന്നത്. ഇതിനോടകം 150 മെഗാവാട്ട് വൈദ്യുതിയുടെ സൗരോർജ പ്ലാന്റുകൾ സംസ്ഥാനത്ത് വന്നു കഴിഞ്ഞു. ഇത് ഏകദേശം 1000 കോടി രൂപയുടെ ബിസിനസാണ്. സൗരോർജ പ്ലാന്റുകൾക്കു പ്രകൃതി ക്ഷോഭം മൂലം നാശം സംഭവിച്ചാൽ സഹായിക്കാൻ ഇൻഷുറൻസ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്ന സൗരവീഥി ആപ് വഴി ഉപകരണങ്ങൾ ഇൻഷുർ ചെയ്യാം. അനർട്ടിലൂടെ വാങ്ങിയ ഉൽപന്നമല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പ്രീമിയം അനർട്ടാണ് അടയ്ക്കുക. കഴിഞ്ഞ 5 വർഷത്തിനിടയിൽ വാങ്ങിയ ഉപകരണങ്ങൾ ഇങ്ങനെ ഇൻഷുർ ചെയ്യാം. അനർട്ട് വിൽപന നടത്തുന്ന ഉൽപന്നങ്ങൾക്കു 5 വർഷ വാറന്റിയും ലഭ്യമാണ്.
ഊർജ മിത്ര എന്ന പേരിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സൗരോർജ ഉൽപ്പന്നങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റു സേവനങ്ങൾക്കുമായി േകന്ദ്രങ്ങൾ ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. സൗരോർജ ഉൽപന്നങ്ങളുടെ വിപണിയിൽ 2020–2021 ൽ 6000 കോടി രൂപയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നത്. ഗ്രിഡ് കണക്ടഡ് സിസ്റ്റം വ്യാപിപ്പിക്കാൻ കെഎസ്ഇബിയും അനർട്ടും ചേർന്നു ജോയിന്റ് വെഞ്ച്വർ കമ്പനിയും പരിഗണനയിലുണ്ട്.
സ്മാർട് സിറ്റികൾക്ക് ഗ്രീൻ എനർജി...
ഡോ.എം.ബീന (പോർട് ട്രസ്റ്റ് ചെയർപഴ്സൺ)
തിരുവനന്തപുരം, കൊച്ചി സ്മാർട് സിറ്റി പദ്ധതികളിൽ ഗ്രീൻ എനർജിക്കു വലിയ പ്രാധാന്യമുണ്ട്. സ്മാർട് സിറ്റി ഫണ്ടുകൾ സൗരോർജ പദ്ധതികൾ പ്രോൽസാഹിപ്പിക്കാൻ ഉപയോഗിക്കണം. വ്യവസായ പാർക്കുകളിൽ ഉപയോഗ ശൂന്യമായ തുറസ്സായ സ്ഥലങ്ങൾ ലഭ്യമാണ്. കോഴിക്കോട് കിനാലൂരിലെ പാർക്കിൽ വ്യവസായ വകുപ്പ് സൗരോർജ പദ്ധതി ആലോചിക്കുന്നുണ്ട്. സോളർ ഫെറിയായ ആദിത്യ ഒറ്റയാൻ പദ്ധതിയായി മാറരുത്.
ജലവകുപ്പിന്റെയും കെഎസ്ഐഎൻസിയുടെയും മറ്റു ബോട്ടുകളും ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയണം. സിയാൽ മാതൃകയിൽ കൊച്ചി സീപോർട്ടും 2020ൽ ഗ്രീൻ പോർട്ടായി മാറ്റാനുളള ശ്രമത്തിലാണു പോർട് ട്രസ്റ്റ്. നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്കു ഒരുപാട് ഊർജാവശ്യങ്ങളുണ്ട്. അത് കരയിൽ നിന്നു ലഭ്യമാക്കാനുളള പദ്ധതി വൈകാതെ നടപ്പാക്കും. കൂടുതൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു അതിനുളള ഊർജം കണ്ടെത്തും.
ഊർജം കൊയ്യാം, ലാഭം നേടാം...
വീടുകൾക്കു മുകളിലായി സൗരോർജ പാനലുകൾ വച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതുവഴി വൈദ്യുതിയിലും ഗ്യാസ് ഉപയോഗത്തിലും നമുക്കു ഗണ്യമായ ലാഭം നേടാൻ സാധിക്കും.
‘സോളർ ഗ്രിഡ്’ പദ്ധതി പ്രകാരം ഓൺ–ഗ്രിഡ് സംവിധാനത്തിൽ 18,000 രൂപയാണ് ഓരോ കിലോവാട്ടിനും സബ്സിഡി. കേന്ദ്രഗവൺമെന്റിന്റെ വകയാണ് ഈ സബ്സിഡി. www.anert.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
ഊജമിത്ര
ജനങ്ങൾക്ക് അനുയോജ്യമായ ഊർജ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതികസഹായങ്ങൾക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിന് ഉതകുന്ന സേവനങ്ങൾ നൽകാനുമായി ഊർജമിത്ര- അക്ഷയ ഊർജ സർവീസ് സെന്ററുകൾ സംസ്ഥാനത്തെ മിക്ക നിയോജക മണ്ഡലങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - www.urjamithra.in