വെള്ളംകുടി മുട്ടല്ലേ; വാട്ടർടാങ്ക് ഒരുക്കുമ്പോൾ ശ്രദ്ധിക്കുക

വീടിനാവശ്യമായ ജലസംഭരണികളുടെ വലുപ്പം, സ്ഥാനം ഇവയെല്ലാം വീട് നിർമാണത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. വീട്ടിൽ താമസിക്കുന്നവരുടെ അംഗസംഖ്യയെ ഉദ്ദേശം 150 litre/day എന്ന കണക്കിൽ പരിഗണിച്ചാണ് വാട്ടർ ടാങ്കിന്റെ വലുപ്പം നിശ്ചയിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സംഭരിക്കുന്നതിനാവശ്യമായ ഉള്ളളവ് ടാങ്കിനുണ്ടായിരിക്കണം. അഞ്ചുപേരുള്ള കുടുംബത്തിനു കുറഞ്ഞത് 1500 ലീറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കാണ് ആവശ്യമായി വരുന്നത്. കുറച്ചു കാലം മുൻപുവരെ വീടിനോട് ചേർന്ന് ചിമ്മിനികൾക്ക് മുകളിലായി കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചിരുന്ന ജലസംഭരണികളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് റെഡിമെയ്ഡ് പിവിസി ടാങ്കുകളിലേക്കും പിന്നീട് ഹൈഡെൻസിറ്റി പോളി എത്തിലീൻ ടാങ്കുകളിലേക്കും എത്തിനിൽക്കുന്നു. പിവിസി ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ആറ് രൂപയും, പോളി എത്തിലീൻ ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ഏഴ് രൂപയും വില വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും, ജലമർദവും നിമിത്തമുള്ള വിണ്ടുകീറൽ പോളി എത്തിലീൻ ടാങ്കുകൾക്ക് കുറവായിരിക്കും.

ടാങ്കുകൾ ഉറപ്പിക്കേണ്ട ഉയരവും നേരത്തേതന്നെ തീരുമാനിക്കണം. ബാത്റൂമിലെ ഷവറും, ടാങ്കും തമ്മിൽ കുറഞ്ഞത് പത്ത് അടിയെങ്കിലും ഉയരവ്യത്യാസം നൽകണം. സോളാർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നു എങ്കിൽ, ടാങ്കിന്റെ അടിഭാഗവും സോളാർ പാനൽ യൂണിറ്റുമായി കുറഞ്ഞത് അഞ്ച് അടി ഉയരവ്യത്യാസവും നൽകണം.

വാട്ടര്‍ ടാങ്കുമായി ഘടിപ്പിക്കുന്ന ഒന്നര ഇഞ്ച്/മുക്കാൽ ഇഞ്ച് പൈപ്പുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ല. കുറഞ്ഞത് 15 kg/cm2 മർദം താങ്ങാനാവുന്ന പൈപ്പുകൾ മാത്രമേ വാട്ടർ ടാങ്കുമായി ബന്ധിപ്പിച്ചു പ്രഷർ പമ്പുകളിൽ നൽകാവൂ. ഭിത്തിക്കകത്തു നൽകുന്നത് സി.പി.വി.സി. (ക്ലോറിനേറ്റഡ് പോളി വിനൈൽ ക്ലോറൈഡ്) പൈപ്പുകൾ തന്നെയാവണം. കൂടിയ ചൂടിലും തണുപ്പിലുമുള്ള ജലത്തിന്റെ വിതരണത്തിന് സി.പി.വി.സി. പൈപ്പുകൾ തന്നെയാണ് ഏറ്റവും അനുയോജ്യം. പൈപ്പ് ലൈനിലൂടെയുള്ള ജലത്തിന്റെ വേഗം കുറവാണെങ്കിൽ പ്രഷർ ബൂസ്റ്റർ പിടിപ്പിക്കുന്നതും ഇന്ന് സർവസാധാരണമാണ്. എല്ലാ ലൈനിലും, ടാപ്പിലും ആവശ്യത്തിനുള്ള മർദം വെള്ളത്തിന് ലഭിക്കാനായി വാട്ടർടാങ്കിൽ നിന്നുള്ള പ്രധാന ലൈനിൽതന്നെ പ്രഷർ ബൂസ്റ്റര്‍ പിടിപ്പിക്കാനാകും.

ഫ്ലാറ്റ് റൂഫ് വാർത്ത്, മുകളിൽ ട്രസ് റൂഫ് ചെയ്ത് ഓടിടുന്ന നിർമാണരീതി ഇന്നു കേരളത്തിൽ പരക്കെ കണ്ടുവരുന്നു. ട്രസ് റൂഫിന് ആവശ്യത്തിനുള്ള ഉയരം നിർമാണസമയത്ത് നൽകിയാൽ, സ്റ്റാൻഡ് നിര്‍മിച്ച് ട്രസ് റൂഫിനുള്ളിൽ തന്നെ വാട്ടർ ടാങ്ക് വയ്ക്കാവുന്നതാണ്. പ്രസ്തുത സ്റ്റാൻഡിൽ ചവിട്ടുപടികൾ നൽകിയാൽ ടാങ്ക് വൃത്തിയാക്കാനും സർവീസ് ജോലികൾക്കും ഭാവിയിൽ പ്രയോജനപ്പെടുകയും ചെയ്യും. വാസ്തുപരമായി വീടിന്റെ കന്നിമൂല ഉയർന്ന് നിൽക്കേണ്ടതിനാൽ വാട്ടർ ടാങ്കിന്റെ സ്ഥാനം തെക്കു പടിഞ്ഞാറ് നൽകാറുണ്ട്. ലേ ഔട്ട് പ്ലാന്‍ തയാറാക്കി വാങ്ങുമ്പോൾ വാട്ടർ ടാങ്കിന്റെ സ്ഥാനവും, തെക്കു പടിഞ്ഞാറൻ ചെരുവിൽ ആവശ്യമെങ്കിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സ്ഥലവും മുൻകൂട്ടി തയാറാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പ്ലാനിങ് ഘട്ടത്തിൽ വാട്ടർ ടാങ്കിന്റെ സ്ഥാനം നിർണയിക്കുക.

∙ സോളാർ ഹീറ്റർ നൽകുന്നുവെങ്കിൽ ടാങ്കും പാനലുകളുമായുള്ള ഉയരവ്യത്യാസം കൃത്യമായി പാലിക്കണം.

∙ റൂഫ് ട്രസിനുള്ളിലാണ് ടാങ്ക് നൽകുന്നതെങ്കിൽ ജിഐ പൈപ്പുപയോഗിച്ച് സ്റ്റാൻഡും, അതിൽ കയറാനുള്ള പടികളും ചേർത്ത് നിർമിക്കണം.

∙ കോൺക്രീറ്റ് ടാങ്കുകളാണ് ടെറസിൽ പണിയുന്നതെങ്കിൽ ഫൗണ്ടേഷൻ ജോലി ചെയ്യുമ്പോൾ തന്നെ പില്ലറുകൾ നൽകി ബലപ്പെടുത്തണം.