നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കുമെന്ന് അനെർട്ടുമായി ചേർന്നു മലയാള മനോരമ കോഴിക്കോട് സംഘടിപ്പിച്ച ‘നവകേരള നിർമാണത്തിൽ അക്ഷയോർജത്തിന്റെ പങ്ക്’ സെമിനാർ അഭിപ്രായപ്പെട്ടു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ്കുമാർ എംഎൽഎ അനെർട്ട് സംസ്ഥാന പ്രോഗ്രാം ഒാഫിസർ സി.ടി.അജിത് കുമാർ, ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.ശ്രീധരൻ, ലീഡ് ബാങ്ക് മാനേജർ കെ.എം.ശിവദാസൻ, മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ആർ.ബിനോയ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ മോഡറേറ്ററായി.
ലക്ഷ്യം 1000 മെഗാവാട്ട് വൈദ്യുതി...
കേരളത്തിൽ ഇന്ന് സൗരോർജത്തിൽനിന്ന് 100 മെഗാവാട്ടിലധികം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഇത് 1000 മെഗാവാട്ടായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി ഊർജസുരക്ഷാ മിഷൻ പദ്ധതി അനെർട്ട് ആവിഷ്കരിച്ചിട്ടുണ്ട്. മേൽക്കൂരകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് ഉൽപാദിപ്പിക്കും. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ മേൽക്കൂരകളിൽ സൗര പാനലുകൾ സ്ഥാപിച്ചുകൊണ്ട് ഈ ലക്ഷ്യം നേടും. ഒരു പഞ്ചായത്തിൽ 500 കിലോവാട്ടിന്റെ സോളർ പാനലുകൾ സ്ഥാപിക്കാനായാൽ 500 മെഗാവാട്ട് എന്ന ലക്ഷ്യത്തിലെത്താം. ഒരു വാർഡിലെ 10–15 വീടുകളിൽ 2 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചാൽ മതിയാകും ഈ ലക്ഷ്യം നേടാൻ. ഇതിനായി അനർട്ട് www.buymysun.com എന്ന ഇലക്ട്രോണിക് മാർക്കറ്റ് പ്ലേസ് ആരംഭിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സോളർ പവർ പ്ലാന്റ് വാങ്ങാൻ സാധിക്കും. അനെർട്ട് എം പാനൽമെന്റിലൂടെ ഗുണമേന്മ ഉറപ്പുവരുത്തിയ ഉൽപന്നങ്ങളാണ് ഇങ്ങനെ ലഭിക്കുക. അക്ഷ ഊർജ ഉപകരണങ്ങൾക്ക് സൗജന്യ ഇൻഷുറൻസും ലഭിക്കും.
****
നവകേരള നിർമാണത്തിൽ ഊർജസംരക്ഷണത്തിന്റെയും ഊർജസ്വയംപര്യാപ്തതയുടെയും പ്രാധാന്യം വ്യക്തമാക്കി വയനാട് സംഘടിപ്പിച്ച മനോരമ– അനെർട്ട് സെമിനാർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കൽപറ്റ നഗരസഭാധ്യക്ഷ സനിതാ ജഗദീഷ്, മലയാള മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ കോശി ഏബ്രഹാം, ജില്ലാ ലേഖകൻ ഷിന്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ ചീഫ് സബ് എഡിറ്റർ മധുസൂദനൻ കർത്താ മോഡറേറ്ററായി. അനെർട്ട് സംസ്ഥാന പ്രോഗ്രാം ഓഫിസർ ജോസഫ് ജോർജ്, കേരള ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സെക്രട്ടറി പി.ആർ. മധുസൂദനൻ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ, മൂപ്പൈനാട് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യഹിയ ഖാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
സോളർ പാനലിന് ബാങ്ക് വായ്പ
ഭവന നിർമാണ വായ്പയ്ക്കൊപ്പംതന്നെ സോളർ പാനൽ സ്ഥാപിക്കാനുള്ള വായ്പയും ബാങ്കുകളിൽനിന്നു കിട്ടും. വീടിന്റെ പണി കഴിഞ്ഞെങ്കിൽ പ്രത്യേക വായ്പയ്ക്കായും അപേക്ഷിക്കാം. കൃഷിക്കാർക്കും സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സോളറിനായി പ്രത്യേക വായ്പ ലഭ്യമാണ്. സബ്സിഡിക്കായി കാത്തുനിൽക്കാതെ പാനൽ സ്ഥാപിക്കുന്നതിലാണു കാര്യം.
ഭാവി, പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ...
എല്ലാ വീടുകളിലും സോളർ പാനലുകൾ എന്ന ലക്ഷ്യവുമായാണ് അനെർട്ടിന്റെ പ്രവർത്തനം. ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം പാനലുകൾ സ്ഥാപിക്കേണ്ടത്. 10 % നിഴൽ വീണാൽ ഉൽപാദനം 50 ശതമാനമായി കുറയും. പാനലുകൾ സ്ഥാപിക്കേണ്ട രീതിയും ശാസ്ത്രീയമാകണം. ഇടയ്ക്കിടെ പാനലുകൾ വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. മറ്റ് വൈദ്യുതി ഉൽപാദന മാർഗങ്ങൾ കുറയുമ്പോഴും സോളർ ഉപയോഗം കൂടിക്കൊണ്ടിരിക്കും. സർക്കാരിന്റെ മറ്റ് ഏജൻസികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് അനർട്ട് നടത്തുന്നത്. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഊർജമിത്ര കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
‘സൗര’യിലൂടെ വൈദ്യുതി വിൽക്കാം
മേൽക്കൂരയിൽ സോളർ സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് ഒാൺലൈനായി റജിസ്റ്റർ ചെയ്യാം. ‘സൗര’ പദ്ധതിക്കു ബോർഡ് രൂപം നൽകിയിട്ടുണ്ട്. മേൽക്കൂര വിട്ടുകൊടുത്താൽ കെഎസ്ഇബി പാനൽ സ്ഥാപിച്ചുതരും, വൈദ്യുതി വീട്ടാവശ്യത്തിന് ഉപയോഗിക്കാം. സ്വന്തം ചെലവിലാണു പാനൽ വയ്ക്കുന്നതെങ്കിൽ യൂണിറ്റിനു നിശ്ചിത നിരക്കിൽ ബോർഡ് വൈദ്യുതി വാങ്ങുകയും ചെയ്യും.