സൂര്യനിലൂടെ നേട്ടം കൊയ്യാം! ഒപ്പമുണ്ട് അനെർട്ട്

നവകേരള സൃഷ്ടിയിലും ഊർജ സ്വയംപര്യാപ്തതയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സൗരോർജത്തിനു സാധിക്കുമെന്ന് അനെർട്ടുമായി ചേർന്നു മലയാള മനോരമ കോഴിക്കോട് സംഘടിപ്പിച്ച ‘നവകേരള നിർമാണത്തിൽ അക്ഷയോർജത്തിന്റെ പങ്ക്’ സെമിനാർ അഭിപ്രായപ്പെട്ടു.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ്കുമാർ എംഎൽഎ അനെർട്ട് സംസ്ഥാന പ്രോഗ്രാം ഒാഫിസർ സി.ടി.അജിത് കുമാർ, ശാസ്ത്ര സാഹിത്യ പരിഷത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.ശ്രീധരൻ, ലീഡ് ബാങ്ക് മാനേജർ കെ.എം.ശിവദാസൻ, മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ ആർ.ബിനോയ് എന്നിവർ പ്രസംഗിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ മോഡറേറ്ററായി.

അക്ഷയോർജ ഉപകരണങ്ങൾക്ക് ബൈമൈസൺ പോർട്ടൽ

സോളറിൽ പ്രവർത്തിക്കുന്ന റാന്തൽ, പവർ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വാട്ടർ ഹീറ്റർ തുടങ്ങിയ അക്ഷയോർജ ഉപകരണങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനായി തുടങ്ങിയ പോർട്ടലാണ് ബൈമൈസൺ. വിവിധ വിൽപനക്കാരുടെ ഉപകരണങ്ങൾ സൈറ്റിലുണ്ട്. www.buymyson.com

വരുന്ന 3 വർഷത്തിനുള്ളിൽ 1,000 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണു അനെർട്ടിന്റെ ശ്രമം. കേരളത്തിലെ 10 ലക്ഷം വീടുകളിൽ 2 കിലോ വാട്ട് മുതൽ 5 കിലോ വാട്ട് വരെയുള്ള പാനലുകൾ സ്ഥാപിച്ചാൽതന്നെ ഊർജ സ്വയംപര്യാപ്തത കൈവരിക്കാനാകും.

സോളർ പാനലിന് ബാങ്ക് വായ്പ

ഭവന നിർമാണ വായ്പയ്ക്കൊപ്പംതന്നെ സോളർ പാനൽ സ്ഥാപിക്കാനുള്ള വായ്പയും ബാങ്കുകളിൽനിന്നു കിട്ടും. വീടിന്റെ പണി കഴിഞ്ഞെങ്കിൽ പ്രത്യേക വായ്പയ്ക്കായും അപേക്ഷിക്കാം. കൃഷിക്കാർക്കും സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും സോളറിനായി പ്രത്യേക വായ്പ ലഭ്യമാണ്. സബ്സിഡിക്കായി കാത്തുനിൽക്കാതെ പാനൽ സ്ഥാപിക്കുന്നതിലാണു കാര്യം.

സൗര’യിലൂടെ വൈദ്യുതി വിൽക്കാം,

മേൽക്കൂരയിൽ സോളർ സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് ഒാൺലൈനായി റജിസ്റ്റർ ചെയ്യാം. ‘സൗര’ പദ്ധതിക്കു ബോർഡ് രൂപം നൽകിയിട്ടുണ്ട്. മേൽക്കൂര വിട്ടുകൊടുത്താൽ കെഎസ്ഇബി പാനൽ സ്ഥാപിച്ചുതരും, വൈദ്യുതി വീട്ടാവശ്യത്തിന് ഉപയോഗിക്കാം. സ്വന്തം ചെലവിലാണു പാനൽ വയ്ക്കുന്നതെങ്കിൽ യൂണിറ്റിനു നിശ്ചിത നിരക്കിൽ ബോർഡ് വൈദ്യുതി വാങ്ങുകയും ചെയ്യും.

വഴികാട്ടാൻ ഉൗർജമിത്ര സേവാകേന്ദ്രങ്ങൾ തയാർ

അക്ഷയോർജ ഉപകരണങ്ങൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള സാങ്കേതിക സഹായം, വിദഗ്ധരുടെ അഭിപ്രായം, ഉപകരണ പരിപാലനം, അനെർട്ട് ഇതര സേവനങ്ങളുടെ ഡിജിറ്റൽ സഹായം എന്നിവ ജില്ലയിലെ വിവിധ ഊർജമിത്ര സേവാകേന്ദ്രങ്ങൾ വഴി ലഭിക്കും. ഒാരോ നിയോജകമണ്ഡലത്തിലും കേന്ദ്രങ്ങളുണ്ട്.

കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളും ഫോൺ നമ്പരും

വടകര – 9847815991

കുറ്റ്യാടി – 9995753669

നാദാപുരം – 9349897954

കൊയിലാണ്ടി – 9961868749

ബാലുശ്ശേരി – 9497304587

എലത്തൂർ – 9447040074

കോഴിക്കോട് നോർത്ത് – 8075925910

കോഴിക്കോട് സൗത്ത് – 8075702943

ബേപ്പൂർ – 9207114214

കുന്നമംഗലം – 9207014825

കൊടുവള്ളി – 8089114358

തിരുവമ്പാടി – 9446890756