വീടിന്റെ അകത്തളങ്ങൾക്കു മോടി കൂട്ടാൻ തടിയിൽ കുറഞ്ഞ ഒന്നിനെപ്പറ്റിയും ചിന്തിക്കാത്തവരാണ് മലയാളികൾ. യഥാർഥ തടിയുടെ ലഭ്യതക്കുറവും വിലയിലുണ്ടായ ഗണ്യമായ വർധനയും തടിക്കു സമാനമായ മറ്റു പ്രോഡക്ടുകളിലേക്കു നമ്മെ ആകർഷിച്ചിട്ടുണ്ട്. അവയിൽ ചിലതിതാ.
മൾട്ടിവുഡ്
തടിക്കു പകരമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചു കാണുന്നവയാണ് ഇവ. ദീർഘകാല ഗാരന്റി മൾട്ടിവുഡ് നൽകുന്നുണ്ടെങ്കിലും ഇവയ്ക്കു ഗുണവും ദോഷവുമുണ്ട്.
ഗുണങ്ങൾ
∙ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നതിനാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നു.
∙ ഏതു കാലാവസ്ഥയിലും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതിനാൽ ദീർഘകാലാവശ്യങ്ങൾക്ക് ഉത്തമം.
∙ ഇന്റീരിയറിനും എക്സ്റ്റീരിയറിനും ഒരേപോലെ അനുയോജ്യം.
∙ സർഫസ് പോളിഷിങ്ങില്ലാതെതന്നെ ഉപയോഗിക്കാം.
പോരായ്മകൾ
∙ അസംസ്‌കൃത വസ്തുവായതിനാൽ ഇവ പ്രകൃതിക്കു ദോഷം ചെയ്യും.
∙ വെള്ളവുമായി സമ്പർക്കം വരുന്ന കിച്ചൻ, വാഷ്‌റൂം എന്നിവിടങ്ങളിൽ മാത്രം ആവശ്യം.
∙ ഡെൻസിറ്റി കുറവായതിനാൽ സ്ക്രൂ ഹോൾഡിങ് മെച്ചമായിരിക്കില്ല.
∙ ബ്രാൻഡ് അനുസരിച്ചു വിലയിൽ നേരിയ വ്യത്യാസം ഉണ്ടാവുമെങ്കിലും സ്ക്വയർഫീറ്റിന് 262 രൂപയാണ് ശരാശരി വിപണിവില.
പ്ലൈവുഡ്
തടിയുടെ ചീളുകൾ ഉപയോഗിച്ചു നിർമിക്കുന്ന വസ്തു.
ഗുണങ്ങൾ
∙ മൾട്ടിവുഡിനെക്കാളും തടിയോടു കൂടുതൽ സാമ്യത തോന്നിക്കുന്നു.
∙ ഏത് ആകൃതിയിലും മുറിച്ചെടുക്കാനാകും.
ദോഷങ്ങൾ
∙ ഈർപ്പം താങ്ങാൻ അധികം കഴിവില്ലാത്ത
തിനാൽ എല്ലായിടത്തും ഉപയോഗ്യമല്ല.
∙ സ്ക്വയർഫീറ്റിന് നൂറു രൂപയിൽ താഴെ മാത്രമാണ് ഇവയുടെ വിപണിവില.
MDF
തടിയിൽനിന്നു വേർതിരിച്ചെടുക്കുന്ന നാരുകൾ ഉപയോഗിച്ചു നിർമിക്കുന്നവയാണ് എംഡിഎഫ് (MDF) എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡുകൾ. വിവിധ ആവശ്യങ്ങൾക്കായി ഡിസൈൻ ചെയ്തെടുക്കുന്ന ഇവ പലതരമുണ്ട്.
ഗുണങ്ങൾ
∙ മറ്റുള്ള തടിയുൽപന്നങ്ങളെ അപേക്ഷിച്ചു കുറഞ്ഞ വിപണിവിലയ്ക്കു ലഭിക്കുന്ന കൂടുതൽ ഗുണമേന്മയുള്ള വസ്തു.
∙ പ്ലൈവുഡിനും മൾട്ടിവുഡിനും നല്ലൊരു പകരക്കാരനാണ്.
∙ HDF, Prelaminated, Veneered MDF, Anticockroach എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഡിസൈൻ ചെയ്തെടുക്കുന്ന MDF ബോർഡുകളുണ്ട്.
∙ വേഗത്തിൽ സംസ്കരിക്കപ്പെടുന്നതിനാൽ പ്രകൃതിക്കു ദോഷകരമല്ല.
ദോഷങ്ങൾ
∙ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വ്യാജനുള്ള തടിയുൽപന്നമാണിത്.
∙ സോഫ്റ്റ്‌വുഡിൽ അനാവശ്യമായി കെമിക്കലുകൾ ചേർത്തു വിപണിയിലെത്തിക്കുന്നവ ഭാവിയിൽ നഷ്ടം വരുത്തിവയ്ക്കും. ഇവയിൽനിന്നു കാലക്രമേണ വാതകചോർച്ച ഉണ്ടാവുകയും സാധനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.
∙ ട്രോപ്പിക്കൽ ഹാർഡ്‌വുഡ് ഫൈബറുകളുപയോഗിച്ചു നിർമിക്കുന്ന എംഡിഫ് ബോർഡുകൾ ചോദിച്ചു വാങ്ങുന്നത് ഭാവിയിൽ ഗുണം ചെയ്യും.
∙ സ്ക്വയർഫീറ്റിന് എൺപത്തിരണ്ടു രൂപയാണ് ഇവയുടെ ശരാശരി വിപണിവില.
തയാറാക്കിയത് : അർച്ചന പി. തമ്പി