എന്തൊരു ചൂട്, വീടിനുള്ളിൽ ചൂട് കുറയ്ക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
Mail This Article
കോൺക്രീറ്റ് വീടുകൾ ചെങ്കൽചൂളകളായി മാറുന്ന കാലമാണ് വേനൽ. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാൻ ചെറിയ പൊടിക്കൈകൾ ചെയ്യാം.
വീട്ടിലെ ജനാലകൾ രാവിലെയും വൈകുന്നേരവും തുറന്നിടുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ജനാലയിൽ നനഞ്ഞ തുണി വിരിച്ചിടുന്നതും ഉള്ളിലേക്ക് വീശുന്ന കാറ്റിന്റെ ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ഫാനിനു അടിയിൽ വയ്ക്കുക. ഐസ് ഉരുകുന്നതിനു അനുസരിച്ച് വീടിനകത്തെ ചൂടുവായു തണുത്ത നീരാവി ആഗിരണം ചെയ്തു ഉള്ളിലെ ചൂട് കുറയ്ക്കും.
ടെറസിൽ അൽപം മണ്ണോ പുല്ലോ നിരത്തി അതിനു മുകളിൽ വെള്ളം ഒഴിച്ചിടുന്നത് വീടിനുള്ളിലേക്ക് വമിക്കുന്ന ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
പുതിയ വീട് വയ്ക്കുമ്പോൾ തന്നെ കിഴക്ക് പടിഞ്ഞാറു ദിശയിൽ മരങ്ങൾ നട്ടുവളർത്തുക. ഇത് സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്കു പ്രവേശിക്കുന്നത് തടയും. വീട് ഡിസൈൻ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ അനാവശ്യ ചുവരുകൾ മാറ്റി ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുക്കുക. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കുക. ഇതിലൂടെ കൂടുതൽ വിശാലതയ്‌ക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും
പെയിന്റിങ് സമയത്ത് അകത്തളങ്ങളിൽ ഇളം നിറങ്ങൾ നൽകുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
എസി ഉപയോഗിക്കുമ്പോൾ
സെൻട്രലൈസ്ഡ് എസിയാണെങ്കിൽ ജനാലകളും എയർ ഹോളുകളും ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം.
പഴയ എസികൾ വേനൽക്കാലത്ത് സർവീസ് ചെയ്യുന്നതും പ്രവർത്തനക്ഷമത ഉറപ്പാക്കാൻ സഹായിക്കും.
എസി പ്രവർത്തിക്കുന്ന മുറിയിൽ പേപ്പറുകളും മറ്റും അലക്ഷ്യമായി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ പൊടിയടിഞ്ഞാൽ അത് എസിയുടെ പ്രവർത്തനക്ഷമതയെയും ഒപ്പം മുറിയിൽ ഇരിക്കുന്നവരുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.