വേനൽക്കാലത്തു വീടിനു നൽകാം ഒരു കുട; റൂഫിങ് ചെയ്യുമ്പോൾ...
വേനൽക്കാലത്ത് കോൺക്രീറ്റ് ചൂടിനെ ആഗിരണം ചെയ്യുകയും വീടിനകത്തേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നതാണ് വേനൽക്കാലത്ത് കോൺക്രീറ്റ് വീടുകൾ ചൂടാറാപ്പെട്ടികൾ ആകുന്നതിനു പ്രധാന കാരണം. കോൺക്രീറ്റ് വീടുകളിൽ ചൂടിനെ ഒരുപരിധി വരെ പ്രതിരോധിക്കാൻ റൂഫിങ് ചെയ്യുന്നത് ഉപകരിക്കും. ഇതിനേക്കാൾ മേൽക്കൂര ബഹുവിധ ആവശ്യങ്ങൾക്കായി മാറ്റിയെടുക്കാം എന്നതും റൂഫിങ്ങിനെ ജനപ്രിയമാക്കുന്നു. പഴയ ടെറസ് വീടുകളിൽ ചോർച്ച തടയാനും റൂഫിങ് ഷീറ്റ് വിരിക്കാറുണ്ട്.
സാധാരണഗതിയിൽ വീടുപണി സമയത്തുതന്നെ പുറംകാഴ്ചയുടെ ഭംഗിക്ക് വേണ്ടി റൂഫിങ് ചെയ്യാറുണ്ട്. കോൺക്രീറ്റ് റൂഫിന് മുകളിൽ ജിഐ പില്ലറുകൾ കൊണ്ട് ട്രസ് ചെയ്താണ് റൂഫിങ് ചെയ്യുന്നത്. കോൺക്രീറ്റ് ടെറസിനും ഷീറ്റിനും ഇടയിലുള്ള വാക്വം ചൂടിനെ ഉള്ളിലേക്ക് പ്രസരിപ്പിക്കാതെ പ്രതിരോധിക്കുന്നു.
എന്തു മെറ്റീരിയൽ ഉപയോഗിക്കണം?
റൂഫിങ് ചെയ്യുമ്പോൾ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് മറ്റൊരു പ്രധാന തർക്കം നേരിടുന്നത്. സിറാമിക് ഓടുകൾ, ഷിംഗിൾസ്, മെറ്റാലിക് ഷീറ്റുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിന്റെ ഭംഗിക്കു പ്രാധാന്യം നൽകുന്ന ആളുകൾ സിറാമിക് ഓടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ചൂടു കുറയ്ക്കാനും ഇത് ഉപകരിക്കും. എന്നാൽ ഇതിനു മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് ചെലവു കൂടുതലാണ്. ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരും. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് ഇംപോർട്ടഡ് ക്ലേ ടൈലിന്റെ ഉപയോഗം. എന്നാൽ ഇതിന് ടൈൽ ഒന്നിന് നൂറുരൂപയോളം വില വരും. ഏറെക്കാലം നിലനിൽക്കും എന്നതും നിറം മങ്ങില്ല എന്നതുമാണ് ഇതിന്റെ പ്രത്യേകത.
സിറാമിക് ഓടുകൾ പൊട്ടും എന്ന ഭയത്തിലാണ് പലരും മെറ്റാലിക് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നത്. എളുപ്പത്തിൽ പണി തീരും എന്നതിനാൽ പണച്ചെലവും കുറവാണ്. എന്നാൽ ശരാശരി കനത്തിലും ഗുണത്തിലും ഉള്ള ഷീറ്റുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. മാത്രമല്ല, സിറാമിക് ഓടുകളെ അപേക്ഷിച്ചു ചൂടിനെ ആഗിരണം ചെയ്യുന്നത് കൂടുതലാണ് എന്നതും ന്യൂനതയാണ്. ഗാൽവനൈസ്ഡ് അയൺ (ജിഐ) ഷീറ്റുകളാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലായി വിറ്റുപോകുന്നത്.
ചെലവു ചുരുങ്ങിയ റൂഫിങ് രീതിയാണ് ഷിംഗിൾസ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന്റെ ഡിസൈൻ, നിറം എന്നിവയ്ക്കു ചേരുന്ന രീതിയിലുള്ള റൂഫിങ് മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കേണ്ടത്. റൂഫിങ് ഷീറ്റുകൾ കൂടാതെ കോൺക്രീറ്റ് മേൽക്കൂരയുടെ പ്രതലത്തിൽ നേരിട്ട് അടിക്കുന്ന ഹീറ്റ് റെസിസ്റ്റന്റ് പെയിന്റുകളും വേനൽക്കാലത്ത് വീടിനെ ചൂടിൽനിന്നും പ്രതിരോധിക്കാൻ സ്വീകരിക്കാവുന്ന മാർഗമാണ്.