വീടുമാറ്റം തലവേദന ഉണ്ടാക്കുന്ന സംഗതിയാണ്. ചെറിയ ഇടവേളയിലേക്കാണെങ്കിൽ കഷ്ടപ്പാട് കൂടും. സാധനങ്ങൾ മാറ്റുന്നതും, കേടുകൂടാതെ സ്ഥാനങ്ങളിൽ വയ്ക്കുന്നതും നിസാര കാര്യമല്ല. എന്നാൽ വെറും കയ്യോടെ വാടക വീട്ടിലേക്കു പോവുക. അത്യാവശ്യ സാധനങ്ങളെല്ലാം വാടകയ്ക്ക് എടുക്കുക. ഉപയോഗം കഴിയുമ്പോൾ തിരികെ ഏൽപിക്കുക. 

വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രോണിക് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് കൊച്ചിയിൽ പ്രചാരം നേടുകയാണ്. ഫ്രിജ്, ടെലിവിഷൻ, വാഷിങ് മെഷീൻ, മിക്സി, തേപ്പുപെട്ടി, വാക്വം ക്ലീനർ തുടങ്ങി ആവശ്യമായ എല്ലാ ഉപകരണങ്ങളും വാടകയ്ക്കു കിട്ടും. ഒരാഴ്ച മുതൽ 3 മാസം വരെയാണ് സാധാരണ ഉപകരണങ്ങൾ നൽകുന്നത്. വീട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ പാക്കേജ് കണക്കാക്കി പ്രതിമാസം 12,000 രൂപ വരെയാണ് വാടക ഈടാക്കുന്നത്. എന്നാൽ ദീർഘകാലത്തേക്കാണെങ്കിൽ വാടക കുറയും. 

ഉപകരണങ്ങൾ കേടുവരുമെന്ന ആശങ്കയും വേണ്ട. കൃത്യമായ സേവനം ലഭ്യമാക്കുന്നതാണ് ഇത്തരം ബിസിനസിന്റെ നിലനിൽപ്പെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന ജോളി തോമസ് പറയുന്നു. ഉപയോഗത്തിനിടെ ഉപകരണങ്ങൾ കേടായാൽ മാറ്റി നൽകും. അതിനാൽ ഉപകരണങ്ങൾ നന്നാക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാകും. 

ഇത്തരത്തിൽ ഗൃഹോപകരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. പ്രതിമാസം 12 ൽ അധികം വീടുകളിലേക്ക് ഓർഡർ ലഭിക്കുന്നുണ്ടെന്നും ജോളി പറയുന്നു. കൊച്ചിയിൽ ഐടി കമ്പനികളുടെ എണ്ണം കൂടുന്നതുമൂലം ജോലിക്കായി എത്തുന്ന യുവാക്കളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇത്തരക്കാരാണ് തുടക്കത്തിൽ ഗൃഹോപകരണങ്ങൾ വാടകയ്ക്ക് എടുക്കുന്നത്. ഏറെ ആവശ്യക്കാർ ടെലിവിഷനും ഫ്രിജിനുമാണ്. 

ആവശ്യമനുസരിച്ചുമാത്രം ഉപകരണങ്ങൾ തിരഞ്ഞെടുക്കാനും കഴിയും. ഉദാഹരണത്തിന് ഫ്രിജ് മാത്രം മതിയെങ്കിൽ രണ്ടാഴ്ചത്തേക്ക് 1000 രൂപ വാടക നൽകണം. ടെലിവിഷന് പ്രതിമാസം 1000 രൂപയും. വാഷിങ് മെഷീൻ ഒരു പ്രാവശ്യത്തെ ഉപയോഗത്തിനും ലഭിക്കും. നിരക്ക് 250 രൂപ. മിക്സിക്ക് ദിവസ വാടക 75 രൂപ. വാക്വം ക്ലീനറും ലഭിക്കും 350 രൂപയ്ക്ക്. 

കല്യാണ ആവശ്യങ്ങൾക്ക് ഇത്തരത്തിൽ ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കുന്നത് പുതിയ ട്രെൻഡാണ്. താൽക്കാലികമായി വീട് വാടകയ്ക്ക് എടുക്കുന്നവരാണ് ബന്ധുക്കളുടെ സൗകര്യാർഥം ഗൃഹോപകരണങ്ങൾ വാങ്ങുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടക്കുകയും ചെയ്യും. 

നിർമാണരംഗത്തും

ഇലക്ട്രിക് ഉപകരണങ്ങൾ പോലെ നിർമാണ ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന ബിസിനസിനും പ്രചാരമേറിവരുന്നു. പണം മുടക്കി വാങ്ങി സൂക്ഷിക്കാൻ കഴിയാത്ത പവർ ടൂളുകൾക്കാണ് ആവശ്യക്കാർ ഏറെ. പെയിന്റിങ് ജോലികൾക്കു മുന്നോടിയായി മതിലും മറ്റും കഴുകാൻ ഉപയോഗിക്കുന്ന പ്രസ് വാഷർ പ്രതിദിനം 400 രൂപയ്ക്ക് കിട്ടും. കംപ്രസർ, വിവിധതരം കട്ടറുകൾ, വലിയ കട്ടർ, ഡ്രില്ലിങ് മെഷീൻ തുടങ്ങിയവ 50 മുതൽ 100 രൂപയ്ക്ക് വാടകയ്ക്ക് ലഭിക്കും. 

കെട്ടിട നിർമാണം, കൺസ്ട്രക്‌ഷൻ സൈറ്റുകൾ എന്നിവിടങ്ങളിൽ ഇത്തരം ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ഒഴിവാകുന്നതോടൊപ്പം, വൻ തുക മുതൽമുടക്കി ഇവ വാങ്ങുന്ന ബാധ്യതയും ഇല്ലാതാകും. ഈ മേഖലയ്ക്കും ഉണ്ട് സീസൺ. മഴക്കാലമായാൽ ആവശ്യക്കാർ കുറയുമെന്ന് ഇടപ്പള്ളി ചക്കാലയ്ക്കൽ എക്വിപ്മെന്റ്സ് ഉടമ സി.പി. റോയി പറയുന്നു. 

നിർമാണ രംഗം ഏറെ സജീവമായ കൊച്ചിയിലാണ് ഇത്തരം ബിസിനസ് വളർച്ച നേടുന്നത്. ഒരു ഡസനിലേറെ സ്ഥാപനങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്നതു പ്രധാനമാണ്. ഏതു സമയത്തും ഏത് ഉപകരണവും ലഭ്യമാക്കണം. കനത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്തെ വിജയരഹസ്യം ഇതാണ്.